എന്ത് ചെയ്തിട്ടും വയറു കുറയുന്നില്ലെന്ന് പറയുന്നവരാണ് ഇന്ന് അധികവും. വയറു കൂടി കഴിഞ്ഞാൽ പലതരത്തിലുള്ള അസ്വസ്ഥകളാണ് ഉണ്ടാകുന്നത്. നിത്യവും കഴിക്കുന്ന ആഹാരത്തിൽ നിന്നു ലഭിക്കുന്ന ഊർജം ഉപയോഗം കഴിഞ്ഞു മ‍ിച്ചം വരുന്നത് വയറു ഭാഗത്തു കൂടുതലായി ശേഖരിക്കപ്പെടുന്നു. 

അങ്ങനെ അത് കൊഴുപ്പായി അടി‍ഞ്ഞു കൂടുന്നു. ഇന്നത്തെ ജീവിതരീതിയിൽ പഴയ കാലത്തെ പോലുള്ള ഊർജം എരിച്ചുകളയുന്ന ശാരീരിക അധ്വാനങ്ങൾ വളരെ കുറഞ്ഞു വരികയാണ്. അതായത് എത്ര കുറച്ചു കഴിച്ചാലും ഊർജം മിച്ചം വരുന്ന അവസ്ഥ. ഈ രണ്ടു പ്രതികൂലാവസ്ഥകളെയും മാറ്റുക എന്നത് തന്നെയാണ് പരിഹാരം.

വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് അബ്ഡോമിനൽ ഒബിസിറ്റി അഥവാ സെൻട്രൽ ഒബിസിറ്റി എന്നു പറയുന്നത്. ഇതു വെറും ഒരു ശരീര അഴകിന്റെ മാത്രം പ്രശ്നമായി കാണാവുന്ന ഒന്നല്ല. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും വഴിയൊരുക്കും. 

കൊഴുപ്പ് പ്രധാനമായി രണ്ടു തരത്തിലാണ്. ഒന്നു തൊലിക്കടിയിൽ രൂപപ്പെടുന്ന ഫാറ്റ്. ഇത്തരത്തിലുള്ള കൊഴുപ്പ് വയറുഭാഗത്ത് മാത്രമല്ല ശരീരത്തിലെവിടെയും രൂപപ്പെടാം. എന്നാൽ വയറിനുള്ളിൽ രൂപപ്പെടുന്ന വിസറൽ ഫാറ്റിന്റെ കഥ മറിച്ചാണ്. ഇത് ആന്തര‍ികാവയവങ്ങളുടെ ചുറ്റുമാണ് രൂപപ്പെടുന്നത്. ഇതാണ് യഥാർഥ വില്ലൻ. 

വയർ കുറയ്ക്കാൻ ചെയ്യേണ്ടത്...

ഒന്ന്...

രാത്രി ഭക്ഷണം വെെകി കഴിക്കുന്നത് വയർ കൂടുന്നതിന് കാരണമാകും. ഭക്ഷണം കഴിച്ച ഉടൻ കിടന്നുറങ്ങാൻ പോകുന്നതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഊർജമായി പോകാനുള്ള സാധ്യത ഇല്ലാതാകും. നേരെ മറിച്ച് കിടന്നുറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ ആക്റ്റീവായി  ഇരിക്കുന്നതിലൂടെ കൊഴുപ്പ് കുറയ്ക്കാനാകുമെന്ന് വിദ​ഗ്ധർ പറയുന്നു. 

രണ്ട്...

 സ്നാക്സ് കഴിക്കുന്നത് പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് നമുക്കറിയാം. ടിവി കാണുമ്പോൾ പതിവായി എന്തെങ്കിലും സ്നാക്സ് കഴിക്കാറുണ്ടോ. സ്നാക്സ് കഴിക്കുമ്പോൾ അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് കൂടാതെ, ഫാറ്റി ലിവറിനും കാരണമായേക്കാമെന്നും പഠനങ്ങൾ പറയുന്നു. 

മൂന്ന്...

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സ്ഥിരമായി ഒരു മണിക്കൂറെങ്കിലും നടക്കുകയോ എയ്റോബിക്  വ്യ‍ായാമങ്ങൾ ചെയ്യുകയോ ചെയ്താൽ വയറിൽ അടിഞ്ഞു കൂടി കിടക്കുന്ന കൊഴുപ്പ് കരിച്ച് കളയാൻ സഹായിക്കും.

നാല്...

വയർ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ശീതളപാനീയങ്ങൾ ഒഴിവാക്കണം. ദിവസവും ഇത് കുടിക്കുന്നത് അമിതവണ്ണത്തിനും വിസറൽ ഫാറ്റ് അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നുവെന്ന് ഒട്ടേറെ പഠനങ്ങളുണ്ട്. ശീതളപാനീയങ്ങളിലെ ഫ്രക്ടോസ് കോൺസിറപ്പാണ് ഈ പ്രശ്നത്തിനു കാരണം. ആവശ്യത്തിലധികം ഫ്രക്ടോസ് ലഭിച്ചാൽ അത് നേരേ കരളിലേക്ക് പോയി കൊഴുപ്പായി അടിയും.  

അഞ്ച്...

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. അടിവയറ്റിൽ കൊഴുപ്പ് കെട്ടികിടന്നാൽ പലതരത്തിലുള്ള അസുഖങ്ങളാകും പിടിപെടുക. ഫ്രൈഡ് വിഭവങ്ങൾ പതിവായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവ പിടിപെടാമെന്ന് മുമ്പ് നടത്തിയ പഠനങ്ങൾ പറയുന്നു. വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുമ്പോൾ അസിഡിറ്റി ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.