ഇന്ന് പലരെയും അലട്ടുന്ന പ്രശ്‌നമാണ് നടുവേദന. പുരുഷന്‍മാരേക്കാള്‍ സ്ത്രീകളിലാണ് പൊതുവേ നടുവേദന കൂടുതലായി കണ്ടുവരാറുള്ളത്. പലരും നടുവേദനയെ നിസാരമായാണ് കാണുന്നത്. എന്നാല്‍ അത്ര നിസാരക്കാരനല്ല നടുവേദന. പലതരം കാരണങ്ങള്‍ക്കൊണ്ട് നടുവേദന ഉണ്ടാകാറുണ്ട്.

തെറ്റായ ജീവിത ശൈലിയാണ് നടുവേദനയുടെ പ്രധാന കാരണം. വ്യായാമത്തിന്റെ അഭാവം മൂലവും അധികസമയം ഇരുന്ന് ജോലി ചെയ്യുന്നവരിലുമെല്ലാം നടുവേദന പെട്ടന്ന് പിടിപെടാനുള്ള സാധ്യതയുണ്ട്. എല്ലുകളുടെ തേയ്മാനവും നടുവേദനയ്ക്ക് കാരണമാകാറുണ്ട്. നട്ടെല്ലുമായി ബന്ധപ്പെട്ടുള്ള പേശികള്‍ക്ക് ഏല്‍ക്കുന്ന ക്ഷതങ്ങള്‍, ചതവുകള്‍ എന്നിവ മൂലവും നടുവേദന ഉണ്ടാകാറുണ്ട്.

കാത്സ്യത്തിന്‍റെ അഭാവം മൂലവും പലരിലും നടുവേദന കണ്ടുവരാറുണ്ട്. എന്നാല്‍ നടുവേദനയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്തിയ ശേഷം ആവശ്യമായ പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ് ഉത്തമം. സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും നടുവേദന കണ്ടുവരാറുണ്ട്. വൃക്കകളുടെ തകരാറു മൂലവും നടുവേദന ഉണ്ടാകാം.

നടുവേദന അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴേ ചേർക്കുന്നു...

1. കിടക്കുമ്പോള്‍ ഉറപ്പുള്ളതും നിരപ്പായതുമായ തലങ്ങളില്‍ കിടന്നുറങ്ങുക. തലയിണ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. മെത്ത കൂടുതല്‍ മൃദുവാകാത്തത് വേണം ഉപയോ​ഗിക്കാൻ. കിടക്ക നട്ടെല്ലിന്റെ സ്വാഭാവികമായ വളവുകളെ ബലപ്പെടുത്തുന്നതായിരിക്കണം.

2. ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഒരു മണിക്കൂറെങ്കിലും ഇടവിട്ട് നീണ്ടു നിവരുകയും ചെറുതായി നടക്കുകയും ചെയ്യുക.  കിടന്നിട്ട് എഴുന്നേല്‍ക്കുമ്പോള്‍ ഒരു വശം തിരിഞ്ഞ് എഴുന്നേല്‍ക്കാന്‍ ശ്രദ്ധിക്കണം. 

3. ഭാരമെടുക്കുമ്പോള്‍ രണ്ടു മുട്ടും മടക്കി നടുവ് കുനിയാതെ ഭാരം ശരീരത്തോട് പരമാവധി ചേര്‍ത്ത് പിടിച്ച് എടുക്കുന്നതാണ് നല്ലത്.  ഓഫീസില്‍ ജോലിക്കിടയിലും കംപ്യൂട്ടറിന്റെ മുന്നിലിരിക്കുമ്പോഴും പരമാവധി നിവര്‍ന്നിരിക്കുക. 

4. കംപ്യൂട്ടറിന്റെ മോണിറ്റര്‍, മുന്നിലിരിക്കുന്ന ആളിന്റെ കണ്ണിന്റെ ലവലിന് മുകളിലായിരിക്കണം. ഇത് കഴുത്തും നടുവും നിവര്‍ന്നിരിക്കാന്‍ സഹായിക്കും. വാഹനം ഓടിക്കുമ്പോള്‍ നിവര്‍ന്നിരുന്ന് ഓടിക്കണം. ഇല്ലെങ്കിൽ നടുവേദന കൂടാൻ സാധ്യതയുണ്ട്. ഹീല്‍ കുറഞ്ഞ ഷൂസുകളും ചെരിപ്പുകളും ധരിക്കാൻ ശ്രമിക്കുക.

5. നടുവേദനയുളളവര്‍ നാരുള്ള പച്ചക്കറികൾ ധാരാളമായി കഴിക്കുക. വാഴപ്പിണ്ടി, കുമ്പളങ്ങ, മുരിങ്ങക്കായ, പടവലം തുടങ്ങിയവയും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പയര്‍ പോലുളള ധാന്യങ്ങളും ധാരാളം കഴിക്കുക.