ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട മുജ്തബ ഖമനെയി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തത് ചർച്ചയാകുന്നു. പിതാവ് കൊല്ലപ്പെട്ട അതേ ഇസ്രായേലി ആക്രമണത്തിൽ മുജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നും അദ്ദേഹം ഒളിസങ്കേതത്തിലാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട മുജ്തബ ഖമനെയിയേയും ഇസ്രയേൽ ലക്ഷ്യമിട്ടോ? ഇസ്രയേൽ- അമേരിക്കൻ ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റോ? ഇറാനിയൻ മാധ്യമങ്ങളിലെ ചില പരാമര്‍ശങ്ങളുടെ ചുവടുപിടിച്ച് ചര്‍ച്ചകൾ കൊഴുക്കുകയാണ്. പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട് മൂന്ന് ദിവസം പിന്നിട്ടിട്ടും മുജ്തബ ഖമനെയി പൊതുവേദികളിലോ വീഡിയോകളിലോ പ്രത്യക്ഷപ്പെടുന്നില്ല എന്നതാണ് ഒരു വിഭാഗം ഇതിനെ സാധൂകരിക്കാൻ ഉപയോഗിക്കുന്ന വാദം. എന്നാൽ ഇത്തരമൊരു യുദ്ധം നടക്കുമ്പോൾ ഒരു രാജ്യത്തിന്റെ പരമോന്നത നേതാവ് പരസ്യമായി രംഗത്തുവരുമോ എന്നതാണ് മറുചോദ്യം.

ചില റിപ്പോര്‍ട്ടുകളിൽ അടുത്തിടെ ഇസ്രയേൽ വീണ്ടും നടത്തിയ ആക്രമണത്തിൽ മുജ്തബയ്ക്ക് പരിക്കേറ്റെന്നാണ് പറയുന്നത്. എന്നാൽ ഫെബ്രുവരി 28-ന് ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണത്തിൽ 56-കാരനായ മുജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ദി ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നത്. ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ട അതേ ആക്രമണത്തിലാണ് മൊജ്തബയ്ക്ക് പരിക്കേറ്റതെന്നും, നിലവിൽ അദ്ദേഹം രഹസ്യ കേന്ദ്രത്തിൽ തുടരുകയാണെന്നും ‘ന്യൂയോര്‍ക്ക് ടൈംസ്’ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. മുജ്തബയുടെ കാലുകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടിൽ പറയുന്നത്. അദ്ദേഹം ഇപ്പോൾ അതീവ സുരക്ഷയുള്ള ഒളിസങ്കേതത്തിലാണെന്നും ആശയവിനിമയത്തിന് നിയന്ത്രണങ്ങളുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇസ്രയേൽ ശേഖരിച്ച വിവരങ്ങൾ പ്രകാരം, ഫെബ്രുവരി 28ന് നടന്ന ആക്രമണത്തിൽ മുജ്തബയ്ക്ക് പരിക്കേറ്റെന്ന് കരുതുന്നതായി രണ്ട് ഇസ്രയേലി സൈനിക ഉദ്യോഗസ്ഥരും വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. അലി ഖമനെയിയുടെ ഭാര്യയും ഒരു മകനും ഉൾപ്പെടെ കുടുംബാംഗങ്ങളും നിരവധി സൈനിക ഉദ്യോഗസ്ഥരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

'യുദ്ധത്തിൽ പരിക്കേറ്റ പോരാളി'

മുജ്തബയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, സർക്കാർ മാധ്യമങ്ങൾ അദ്ദേഹത്തെ 'ജൻബാസ് ജംഗ്' (യുദ്ധത്തിൽ പരിക്കേറ്റ പോരാളി) എന്ന് വിശേഷിപ്പിച്ചത് പരിക്കേറ്റെന്ന വാർത്തകൾക്ക് ബലം നൽകുന്നു. പുതിയ നേതാവായി മുജ്തബ ചുമതലയേറ്റോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ‘ലഭിക്കേണ്ടവർക്ക് സന്ദേശം ലഭിച്ചുകഴിഞ്ഞു’ എന്നായിരുന്നു വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായിയുടെ നിഗൂഢമായ മറുപടി.

കഴിഞ്ഞ വെള്ളിയാഴ്ചയും സുപ്രീം ലീഡറുടെ ഓഫീസിന് നേരെ ഇസ്രയേൽ ബോംബാക്രമണം നടത്തിയിരുന്നു. അലി ഖമനെയിയുടെ പിൻഗാമിയായി ആര് വന്നാലും അവർ തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പതിറ്റാണ്ടുകളായി ഇറാന്‍റെ സൈനിക-സുരക്ഷാ കാര്യങ്ങൾ തിരശ്ശീലയ്ക്ക് പിന്നിലിരുന്ന് നിയന്ത്രിച്ചിരുന്നത് മുജ്തബയായിരുന്നു. നിലവിൽ അദ്ദേഹം നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും, ടെഹ്‌റാൻ നഗരത്തിലുടനീളം അദ്ദേഹത്തിന്റെ വലിയ ചിത്രങ്ങളും ബാനറുകളും ഉയർന്നു കഴിഞ്ഞു. പിതാവ് മകന് ഇറാന്റെ പതാക കൈമാറുന്ന ചിത്രങ്ങളും നഗരങ്ങളിൽ പ്രചരിക്കുന്നുണ്ട്.