കുടലിനുള്ളിലെ ഭിത്തിയില്‍ ചെറിയ മുറിവുകള്‍ (പുണ്ണ്) രൂപപ്പെട്ട് വരുന്ന അവസ്ഥയാണ് അള്‍സര്‍. കടുത്ത വേദനയും അസ്വസ്ഥതകളും ദഹനപ്രശ്നങ്ങളുമെല്ലാം അള്‍സറുള്ളവരില്‍ പതിവായിരിക്കും. 

അള്‍സര്‍ അഥവാ കുടല്‍ പുണ്ണ് എന്ന രോഗത്തെ കുറിച്ച് നിങ്ങളെല്ലാവരും തന്നെ കേട്ടിരിക്കും. ചിലര്‍ ഇതിനെ നിസാരമായൊരു ജീവിതശൈലീരോഗമായാണ് കണക്കാക്കുന്നത്. എന്നാല്‍ അങ്ങനെയൊന്നുമല്ല. അള്‍സര്‍ ഏറെ ശ്രദ്ധ നല്‍കേണ്ട, സമയബന്ധിതമായി ചികിത്സയെടുക്കേണ്ടൊരു രോഗമാണ്. 

കുടലിനുള്ളിലെ ഭിത്തിയില്‍ ചെറിയ മുറിവുകള്‍ (പുണ്ണ്) രൂപപ്പെട്ട് വരുന്ന അവസ്ഥയാണ് അള്‍സര്‍. കടുത്ത വേദനയും അസ്വസ്ഥതകളും ദഹനപ്രശ്നങ്ങളുമെല്ലാം അള്‍സറുള്ളവരില്‍ പതിവായിരിക്കും. 

പല കാരണങ്ങള്‍ കൊണ്ടും നിങ്ങള്‍ക്ക് അള്‍സര്‍ പിടിപെടാം. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

അള്‍സറിലേക്ക് നയിക്കുന്നത്

മോശം ഭക്ഷണരീതി, പുകവലി, മദ്യപാനം, ചില മരുന്നുകളുടെ ഉപയോഗം, പതിവായ സ്ട്രെസ് എന്നിവയാണ് പൊതുവില്‍ അള്‍സറിലേക്ക് നമ്മെ നയിക്കുന്നതിനുള്ള കാരണങ്ങള്‍. സ്പൈസിയായ ഭക്ഷണം തന്നെ എപ്പോഴും കഴിക്കുക, വൈകി കഴിക്കുക എന്നിവയെല്ലാം അള്‍സറിലേക്ക് വഴിയൊരുക്കാം. ആസ്പിരിൻ പോലുള്ള മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗവും അള്‍സറിന് കാരണമാകാം. 

എച്ച്. പൈലോറി എന്ന ബാക്ടീരിയയുടെ അണുബാധയും ധാരാളം പേരില്‍ അള്‍സറുണ്ടാക്കാറുണ്ട്. സ്ട്രെസ് അമിതമാകുമ്പോള്‍ അത് നിയന്ത്രിച്ചില്ലെങ്കിലും അള്‍സര്‍ സാധ്യത കൂടും. 

അള്‍സറിന്‍റെ ലക്ഷണങ്ങള്‍...

കടുത്ത വയറുവേദനയാണ് അള്‍സറിന്‍റെ ഒരു ലക്ഷണം. എരിയുന്നത് പോലെയോ കുത്തുന്നത് പോലെയോ എല്ലാം അള്‍സര്‍ വേദന അനുഭവപ്പെടാം. നെഞ്ചിനും പുക്കിളിനും ഇടയ്ക്കുള്ള ഭാഗത്തായിരിക്കും വേദന. ഏതാനും നിമിഷങ്ങള്‍ തുടങ്ങി മണിക്കൂറുകളോളം നീളാം ഈ വേദന.

ദഹനപ്രശ്നങ്ങള്‍ തീര്‍ച്ചയായും അള്‍സറുള്ളവരില്‍ പതിവായിരിക്കും. ഗ്യാസ്ട്രബിള്‍, മലബന്ധം, വയറിളക്കം പോലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങളെല്ലാം ഇത്തരത്തില്‍ നേരിടുന്നത് പതിവാകാം. 

ഇടയ്ക്കിടെ മനം പിരട്ടല്‍, ഓക്കാനം, ഛര്‍ദ്ദി എന്നിവ അനുഭവപ്പെടുന്നതും അള്‍സര്‍ ലക്ഷണമായി വരാറുണ്ട്. വിശപ്പില്ലായ്മയും അതോടൊപ്പം തന്നെ വണ്ണം കുറയലും അള്‍സറിന്‍റെ മറ്റ് ലക്ഷണങ്ങളാണ്. 

Also Read:-രാത്രിയില്‍ എത്ര മണിക്കൂര്‍ ഉറങ്ങാറുണ്ട്? രാവിലെ ഓടാൻ പോകാറുണ്ടോ?; നിങ്ങളറിയേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo