സോഷ്യൽ മീഡിയയിലെ ട്രെൻഡുകളും റീലുകളും കണ്ട് ആർക്കും എങ്ങനെയും ചെയ്യാവുന്ന ഒന്നല്ല യോഗ. ചില പ്രത്യേക ആരോഗ്യ പ്രശ്നങ്ങളുള്ളവർ കൃത്യമായ മെഡിക്കൽ നിർദ്ദേശമില്ലാതെ യോഗ ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു. 'ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ' എന്ന ഔദ്യോഗിക പ്രമേയവുമായാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നത്. മാനസിക സമ്മർദ്ദം കുറയ്ക്കാനും ശ്വാസകോശ ശേഷി വർദ്ധിപ്പിക്കാനും സന്ധികളുടെ ചലനശേഷി കൂട്ടാനും യോഗ ചെയ്യുന്നത് ഗുണകരമാണ്. എന്നാൽ സോഷ്യൽ മീഡിയയിലെ ട്രെൻഡുകളും റീലുകളും കണ്ട് ആർക്കും എങ്ങനെയും ചെയ്യാവുന്ന ഒന്നല്ല യോഗ. ചില പ്രത്യേക ആരോഗ്യ പ്രശ്നങ്ങളുള്ളവർ കൃത്യമായ മെഡിക്കൽ നിർദ്ദേശമില്ലാതെ യോഗ ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഈ രോഗങ്ങൾ ഉള്ളവർ ശ്രദ്ധിക്കൂ.
1. ഹൃദ്രോഗവും അമിത രക്തസമ്മർദ്ദവും
ഉയർന്ന രക്തസമ്മർദ്ദം, ഹൃദയമിടിപ്പിലെ വ്യതിയാനം, മറ്റ് ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയുള്ളവർ പെട്ടെന്ന് വേഗതയുള്ള യോഗാസനങ്ങൾ ചെയ്യുന്നതും തലകീഴായി നിൽക്കുന്നതും അപകടകരമാണ്.
2. അസ്ഥിക്ഷയം, നട്ടെല്ല് രോഗങ്ങൾ
വാർദ്ധക്യത്തിൽ അസ്ഥികളുടെ സാന്ദ്രത കൂട്ടാൻ യോഗ നല്ലതാണെങ്കിലും അസ്ഥിക്ഷയം ഉള്ളവരോ ഡിസ്ക് സംബന്ധമായ പ്രശ്നങ്ങളുള്ളവരോ കഠിനമായ ആസനങ്ങൾ ചെയ്യരുത്. നട്ടെല്ല് അമിതമായി വളയ്ക്കുന്നതും തിരിക്കുന്നതും വലിയ സമ്മർദ്ദമുണ്ടാക്കുകയും ഫ്രാക്ചറുകൾക്ക് കാരണമാവുകയും ചെയ്യും.
3. ഗ്ലോക്കോമയും കണ്ണ് രോഗങ്ങളും
കണ്ണിനുള്ളിലെ സമ്മർദ്ദം വർദ്ധിച്ച് കാഴ്ചശക്തിയെ ബാധിക്കുന്ന രോഗമാണ് ഗ്ലോക്കോമ. പലപ്പോഴും കണ്ണിനുള്ളിലെ ഈ മർദ്ദ വ്യതിയാനം നമ്മൾ തിരിച്ചറിയാറില്ല. ശരീരം തലകീഴായി വരുന്ന ആസനങ്ങൾ ചെയ്യുമ്പോൾ തലയിലേക്ക് രക്തയോട്ടം കൂടുകയും കണ്ണിനുള്ളിലെ സമ്മർദ്ദം വളരെ വേഗത്തിൽ വർദ്ധിക്കുകയും ചെയ്യും.
4. ശ്രദ്ധിക്കേണ്ടത്
യോഗ ഒരു മികച്ച പ്രതിരോധ മാർഗ്ഗമാണ്. എന്നാൽ നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ യോഗ പരിശീലിക്കുന്നതിന് മുൻപ് ഡോക്ടറുടെ അനുവാദം വാങ്ങേണ്ടതാണ്. കൂടാതെ നിങ്ങളുടെ രോഗവിവരങ്ങൾ യോഗ ട്രെയിനറെ മുൻകൂട്ടി അറിയിക്കാനും മടിക്കരുത്.


