റോം: കൊവിഡ് 19 രൂക്ഷമായി ബാധിച്ച ഇറ്റലിയിൽ ഇതാദ്യമായി മനുഷ്യരിൽ വാക്സിൻ പരീക്ഷണം തുടങ്ങി. രാജ്യത്ത് വികസിപ്പിക്കുന്ന വാക്സിന്‍റെ പരീക്ഷണം റോമിലെ ആശുപത്രിയിലാണ് തുടങ്ങിയത്. GRAd-COV2 എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്‍ റോമിലെ ഒരു കമ്പനിയാണ് വികസിപ്പിക്കുന്നത്. മൃഗങ്ങളില്‍ നടത്തിയ ആദ്യപരീക്ഷണം വിജയം കണ്ടതോടെയാണ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ തീരുമാനിച്ചത്. 

ആദ്യമായി വാക്സിൻ സ്വീകരിച്ചയാളെ 12 ആഴ്ച നിരീക്ഷിക്കുമെന്ന് അധികൃതർ പറഞ്ഞു. ആകെ 90 പേരിലാകും ആദ്യഘട്ട പരീക്ഷണം നടത്തുക. ഈ വർഷമവസാനത്തോടെ പ്രാഥമിക പരീക്ഷണങ്ങളുടെ ഫലം ലഭിക്കും. ഇത് വിജയിച്ചാൽ അടുത്ത 2 ഘട്ടങ്ങളിലായി വിദേശത്തടക്കമുള്ള ആളുകളിൽ വാക്സിൻ പരീക്ഷിക്കാനാണ് ഇറ്റലിയുടെ തീരുമാനം.

യൂറോപ്പില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി. മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളിലാണ് വ്യാപനം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. ഇറ്റലിയില്‍ 260,298 പേര്‍ക്കാണ് നാളിതുവരെ കൊവിഡ് പിടിപെട്ടത്. 35,441 പേര്‍ രോഗം ബാധിച്ച് മരണപ്പെട്ടു. ഇരുപതിനായിരത്തോളം രോഗികളാണ് നിലവില്‍ ചികില്‍സയിലുള്ളത്. ലോകത്താകമാനം 23,809,241 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 817,005 പേര്‍ മരണപ്പെട്ടു. 

കൊവിഡിനെതിരെ പ്ലാസ്മ തെറാപ്പി; ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന

കുവൈത്തിലേക്കുള്ള പ്രവാസികളുടെ യാത്രാ വിലക്ക്; തീരുമാനം അടുത്തയാഴ്ച