ബീറ്റ്റൂട്ട് ജ്യൂസ് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള ഒരു പാനീയമാണെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേത്തി പറയുന്നു.
ഉയർന്ന രക്തസമ്മർദ്ദം നിരവധി ആരോഗ്യപ്രശ്നങ്ങൾക്കാണ് കാരണമാകുന്നത്. രക്തസമ്മർദ്ദം ദീർഘനേരം ഉയർന്ന നിലയിൽ തുടരുമ്പോൾ അത് ഹൃദ്രോഗം, പക്ഷാഘാതം, വൃക്ക പ്രശ്നങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്തുന്നതിൽ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. നാരുകൾ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയതും സോഡിയം കുറഞ്ഞ അളവിൽ കഴിക്കുന്നതും രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട ജ്യൂസിനെ കുറിച്ചാണ് ഇനി പറയുന്നത്. ഭക്ഷണക്രമത്തിൽ മാറ്റം വരുത്തി രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത്. ബീറ്റ്റൂട്ട് ജ്യൂസ് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള ഒരു പാനീയമാണെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേത്തി പറയുന്നു.
ബീറ്റ്റൂട്ട് ജ്യൂസിൽ കാണപ്പെടുന്ന നൈട്രേറ്റ് രക്തസമ്മർദ്ദം ഫലപ്രദമായി കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കുന്നതിന് കാരണമാകും. പ്രത്യേകിച്ച് ഉയർന്ന അളവിൽ രക്തസമ്മർദ്ദം ഉള്ളവരിൽ.
ബീറ്റ്റൂട്ട് ജ്യൂസിൽ നൈട്രേറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരം നൈട്രിക് ഓക്സൈഡായി മാറുന്നു. ഈ സംയുക്തം രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
ബീറ്റ്റൂട്ടിലെ പൊട്ടാസ്യം ഞരമ്പുകളെയും പേശികളെയും ശരിയായി പ്രവർത്തിക്കാൻ സഹായിക്കുകയും രക്തസമ്മർദ്ദം ഫലപ്രദമായി കുറയ്ക്കുകയും ചെയ്യുന്ന ഒരു ധാതുവാണ്. ബീറ്റ്റൂട്ട് ജ്യൂസിൽ ഇരുമ്പ്, മഗ്നീഷ്യം, സോഡിയം, സിങ്ക്, ചെമ്പ്, സെലിനിയം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്.
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് മറ്റ് ജീവിതശൈലി മാറ്റങ്ങൾക്കൊപ്പം, ബീറ്റ്റൂട്ട് ജ്യൂസ് സമീകൃതാഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഫലപ്രദമായൊരു മാർഗമാണ്. പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭാരം നിലനിർത്തുക, കുറഞ്ഞ സോഡിയം അടങ്ങിയ ഭക്ഷണക്രമം ശീലമാക്കുക, സമ്മർദ്ദം നിയന്ത്രിക്കുക എന്നിവ രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമായി സഹായിക്കും.
