കുടവയർ കുറയ്ക്കാനും കൈകൾക്കും കാലുകൾക്കും ബലം നൽകാനുമെല്ലാം സഹായിക്കുന്ന മികച്ച വ്യായാമമാണ് പ്ലാങ്ക്. യാതൊരുവിധ ഉപകരണങ്ങളും കൂടാതെ തന്നെ ശരീരത്തിന് മുഴുവൻ കരുത്തും സ്ഥിരതയും നൽകാൻ പ്ലാങ്ക് വ്യായാമം സഹായിക്കുന്നു.
അമേരിക്കയിൽ നടന്ന ഹണ്ട്സ്മാൻ വേൾഡ് സീനിയർ ഗെയിംസിൽ അഞ്ച് മണിക്കൂർ നീണ്ട പ്ലാങ്ക് റെക്കോർഡ് സ്വന്തമാക്കി 61 -കാരിയായ ഡോണജീൻ വൈൽഡ് . സ്ത്രീകളുടെ വിഭാഗത്തിൽ ഏറ്റവും ദൈർഘ്യമേറിയ അബ്ഡോമിനൽ പ്ലാങ്ക് എന്ന ലക്ഷ്യത്തോടെയാണ് അവർ ഈ കടുത്ത വെല്ലുവിളി ഏറ്റെടുത്തത്. മണിക്കൂറുകൾ പിന്നിട്ടിട്ടും തളരാതെ, അസാധാരണമായ ഇച്ഛാശക്തിയോടെ അവർ അഞ്ച് മണിക്കൂർ പൂർത്തിയാക്കുകയായിരുന്നു.
പ്ലാങ്ക് ചെയ്യുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ
കുടവയർ കുറയ്ക്കാനും കൈകൾക്കും കാലുകൾക്കും ബലം നൽകാനുമെല്ലാം സഹായിക്കുന്ന മികച്ച വ്യായാമമാണ് പ്ലാങ്ക്. യാതൊരുവിധ ഉപകരണങ്ങളും കൂടാതെ തന്നെ ശരീരത്തിന് മുഴുവൻ കരുത്തും സ്ഥിരതയും നൽകാൻ പ്ലാങ്ക് വ്യായാമം സഹായിക്കുന്നു.
ഇതിൽ കൈമുട്ടുകളിലോ കൈകളിലോ ഊന്നിനിന്ന് ശരീരത്തിന്റെ മധ്യഭാഗത്തെ പേശികളെ (core muscles) മുറുക്കിപ്പിടിച്ചുകൊണ്ട് ശരീരം നേർരേഖയിൽ നിലനിർത്തുന്നു. ശരീരത്തെ സ്ഥിരതയോടെ നിലനിർത്താൻ തോളുകൾ, നെഞ്ച്, നിതംബം (glutes), തുടകൾ എന്നിവയിലെ പേശികളെയും പ്ലാങ്ക് വ്യായാമം ഉപയോഗപ്പെടുത്തുന്നു. പേശികളുടെ ശക്തി വർദ്ധിപ്പിക്കുന്നതിന് പ്ലാങ്ക് സഹായിക്കുന്നു.
ഓട്ടം, സൈക്ലിംഗ് അല്ലെങ്കിൽ ദീർഘനേരം തുടർച്ചയായി ചെയ്യുന്ന മറ്റ് കാർഡിയോവാസ്കുലാർ വ്യായാമങ്ങൾ എന്നിവയുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ല. പ്ലാങ്ക് എന്നത് പ്രധാനമായും ശരീരബലവും പേശികളുടെ സഹനശേഷിയും വർദ്ധിപ്പിക്കുന്നതിനുള്ള ഒരു വ്യായാമമാണ്; അല്ലാതെ കലോറി എരിച്ചുകളയുന്നതിനുള്ള ഒരു വ്യായാമമല്ല.
പ്ലാങ്ക് ദീർഘനേരം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഒരു എളുപ്പവഴിയായി കാണരുത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയാണ് ലക്ഷ്യമെങ്കിൽ, മൊത്തത്തിലുള്ള കലോറി ബാലൻസ്, ഭക്ഷണക്രമം, ദൈനംദിന ശാരീരിക പ്രവർത്തനങ്ങൾ, കൂടാതെ റെസിസ്റ്റൻസ് - കാർഡിയോവാസ്കുലാർ വ്യായാമങ്ങളുടെ സംയോജനം എന്നിവയ്ക്കാണ് കൂടുതൽ പ്രാധാന്യമുള്ളത്.


