മലത്തിന്‍റെ കൂടെ പുറത്തോട്ടുവരുന്ന തടിപ്പിനെ തള്ളിയാൽ മാത്രം ഉള്ളിലോട്ട് പോകുന്ന രീതിയിൽ എത്തുമ്പോഴാണ് പൈൽസിനെ  സങ്കീർണ്ണം ആയ രീതിയിൽ കണക്കാക്കുന്നത്. ഇതിനും അപ്പുറമുള്ള ഘട്ടമാണ് ഏറ്റവും തീവ്രതയേറിയത്.

പലപ്പോഴും വെപ്രാളത്തോടെയും അസ്വസ്ഥരായി ഒരിടത്തിരിക്കാതെ ദേഷ്യത്തോടെയും അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നവരെ കാണുമ്പോൾ പറയാറുണ്ട് ഇയാൾക്ക് എന്താ മൂലക്കുരുവിന്‍റെ അസുഖം ഉണ്ടോ എന്ന്... അങ്ങനെ പറയുന്നതിലും ഒരു കാര്യമുണ്ട്. അത്രയും അസഹനീയവും വേദനാജനകവും ബുദ്ധിമുട്ടും കൂടിയതാണ് മൂലക്കുരു എന്ന അസുഖം. പലരും പുറത്തുപറയാൻ മടിക്കുമെങ്കിലും സ്വന്തമായി സഹിക്കാനോ കടിച്ചുപിടിക്കാനോ പറ്റാതെ വരുമ്പോഴാണ് വൈദ്യസഹായം തേടാറ്. ഇപ്രകാരം വേദനയും മനപ്രയാസവും അലട്ടുന്നുണ്ടെങ്കിൽ അറിയേണ്ട ചില സത്യാവസ്ഥകൾ ഉണ്ട്. മൂലക്കുരു എന്നത് ഒരു മാറാരോഗമോ പരിഹസിക്കപ്പെടേണ്ടതോ ആയ ഒരു അസുഖമല്ല. പാരമ്പര്യഘടകങ്ങൾ കൊണ്ടോ ജീവിതരീതിയില്‍ വന്ന മാറ്റങ്ങൾ കൊണ്ടോ അല്ലെങ്കിൽ ശരീരത്തിന്‍റെ പ്രകൃതം മൂലമോ, മലദ്വാരത്തിന്‍റെ സിരകളിൽ ഉണ്ടാകുന്ന ചെറിയ ഒരു വീക്കമാണ് ഈ പൈൽസ്. 

നേരത്തെ കാണിക്കുന്ന ലക്ഷണങ്ങളിൽ നിന്ന് തന്നെ ഇതിനെ അനായാസം മനസ്സിലാക്കാനും വേണ്ട രീതിയിൽ ജീവിതശൈലിയിലും ഭക്ഷണ ക്രമീകരണത്തിലും മാറ്റം കൊണ്ടുവരുന്നതിലൂടെയും സങ്കീർണതയിലോട്ട് പോകാതെ തന്നെ പൈൽസിൽ നിന്നും മുക്തി നേടാം. ഹോമിയോപ്പതിക് മെഡിസിൻ പൈൽസിനും അനുബന്ധ ബുദ്ധിമുട്ടുകൾക്കും വളരെ നല്ലതായി കാണാറുണ്ട്. എന്നാല്‍ ഇതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം- ആദ്യലക്ഷണങ്ങളെ ഒരു കാരണവശാലും അവഗണിക്കരുത് എന്നതാണ്.

പൈൽസിന്‍റെ ആദ്യ ലക്ഷണങ്ങൾ... 

പൈൽസിന്‍റെ ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും അവരുടെ ശാരീരികരീതി അനുസരിച്ചായിരിക്കും പ്രത്യക്ഷപ്പെടുന്നത്. എങ്കിലും പ്രധാനമായി രണ്ട് തരത്തിലാണ് കാണപ്പെടുന്നത്. മലദ്വാരത്തിന്‍റെ ഉള്ളിൽ കാണപ്പെടുന്നവയും മലദ്വാരത്തിനു പുറത്തോട്ട് തടിപ്പായി കുരുക്കൾ പോലെ നിൽക്കുന്നവയും. 

ആദ്യഘട്ടങ്ങളിൽ ചെറിയ തോതിലാണ് വേദന അനുഭവപ്പെടുക. ഒപ്പം തന്നെ ചെറിയ ചൊറിച്ചിലുമുണ്ടാകാം. മലം പോകുമ്പോള്‍ മാത്രം അല്‍പം രക്തം കാണാം. അതുപോലെ കക്കൂസില്‍ പോകുന്ന സമയത്ത് നീറ്റല്‍, മലം പോകാൻ ബുദ്ധിമുട്ട്, മലം അസാധാരണമായി മുറുകുക തുടങ്ങിയ പ്രശ്നങ്ങള്‍ കാണാം. പിന്നീട് മലം പോകുമ്പോൾ ചെറിയ തടിപ്പ് പോലെ പുറത്തോട്ട് വരികയും മലശോധനയ്ക്കുശേഷം തിരിച്ച് മലദ്വാരത്തിലോട്ട് തന്നെ പോവുകയും ചെയ്യും. കൂടെ രക്തസ്രാവവും വേദനയും കാണും. മലബന്ധവും, ഇരിക്കാനുള്ള ബുദ്ധിമുട്ടും പൊതുവെ പൈല്‍സുള്ള എല്ലാവരിലും കാണുന്നതാണ്. 

മലത്തിന്‍റെ കൂടെ പുറത്തോട്ടുവരുന്ന തടിപ്പിനെ തള്ളിയാൽ മാത്രം ഉള്ളിലോട്ട് പോകുന്ന രീതിയിൽ എത്തുമ്പോഴാണ് പൈൽസിനെ സങ്കീർണ്ണം ആയ രീതിയിൽ കണക്കാക്കുന്നത്. ഇതിനും അപ്പുറമുള്ള ഘട്ടമാണ് ഏറ്റവും തീവ്രതയേറിയത്. ഈ അവസ്ഥയില്‍ യഥാസമയം തടിപ്പ് പുറത്തിരിക്കും. കൂടെ വേദനയും അസ്വസ്ഥതയും അമിത രക്തസ്രാവവും ഉണ്ടാകാം. ഇതിനോടനുബന്ധമായി ഉറക്കമില്ലായ്മയും പലരിലും തളർച്ചയും, വിളർച്ച പോലുള്ള പ്രശ്നങ്ങളും കാണാറുണ്ട്. 

കാരണങ്ങള്‍ മനസിലാക്കാം...

ശാരീരിക ജോലി കൂടാതെ കൂടുതൽ സമയം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരിലും അമിതവണ്ണം ഉള്ളവരിലും പൈൽസ് ഒരു വില്ലനായി കാണാറുണ്ട് . ചില സ്ത്രീകളിൽ ഗര്‍ഭധാരണസമയത്തും പ്രസവത്തിന് ശേഷവും പൈൽസിന്‍റെ ബുദ്ധിമുട്ട് കണ്ടുവരുന്നുണ്ട്. 

പാരമ്പര്യവും ഇതില്‍ ഒരു പ്രധാന ഘടകമാണ്. അതായത് വീട്ടില്‍ ആര്‍ക്കെങ്കിലും പൈല്‍സുണ്ടെങ്കില്‍ അത് മറ്റുള്ളവരില്‍ കാണാനുള്ള സാധ്യത കൂടുതലായിരിക്കും. 

ഡയറ്റ് അഥവവാ ഭക്ഷണത്തിനും ഇതിലൊരു പങ്കുണ്ട്. ഉയർന്ന അളവിൽ ഉപ്പടങ്ങിയ ഭക്ഷണങ്ങളോ ഉപ്പോ ഉപയോഗിക്കുന്നവരിൽ സിരകളിലെ രക്തസമ്മർദ്ദം കൂടുകയും അത് പൈൽസിലേക്ക് വഴിയൊരുക്കുകയും ചെയ്യാം. 

മദ്യപാനവും ക്രമേണ പൈല്‍സിന് വഴിയൊരുക്കാം. പതിവായി മദ്യപിക്കുന്നവരില്‍ സുഗമമായ ദഹനം നടക്കാതെ വരാം. ഇത് പൈല്‍സിലേക്ക് നയിക്കാം. കോഴിമുട്ട, കോഴിയിറച്ചി , എരിവും പുളിയും അധികമായിട്ടുള്ള ഭക്ഷണപാനീയങ്ങൾ എന്നിവ പൈൽസിന്‍റെ തീവ്രതയെ കൂട്ടുന്നു.

മലദ്വാരത്തിലൂടെ ഉള്ള ലൈംഗികബന്ധവും പൈൽസിന്‍റെ ഒരു കാരണമായി കണക്കാക്കപ്പെടുന്നുണ്ട്. ഈ കാരണങ്ങളെല്ലാം പൈൽസ് കൊണ്ട് ബുദ്ധിമുട്ടുന്നവരും അല്ലാത്തവരും ഒരുപോലെ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. മുന്നോട്ടുള്ള ജീവിതത്തിൽ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും കൊണ്ടുവരാൻ ഇത് നിങ്ങളെ സഹായിക്കും.

വളരെയധികം സങ്കീർണ്ണം ആകുന്ന അവസ്ഥയിൽ മാത്രമേ പൈൽസിന് സർജറി വേണ്ടിവരൂ. അല്ലാത്തപക്ഷം കൃത്യമായ മരുന്നിലൂടെയും നല്ല ആഹാരരീതിയിലൂടെയും വ്യായാമത്തിലൂടെയുമെല്ലാം പൈൽസ് ഒരു പരിധി വരെ നിയന്ത്രിച്ചുകൊണ്ടുപോകാം. 

പൈൽസിനെ ചെറുക്കാം...

പൈൽസിന്‍റെ ബുദ്ധിമുട്ടുകളാല്‍ കഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങള്‍ ചെയ്യേണ്ട ചിലതാണ് ഇനി പങ്കുവയ്ക്കുന്നത്. പ്രധാനമായും ഭക്ഷണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. കഴിക്കുന്ന ഭക്ഷണം ദഹനത്തെ സുഖകരം ആക്കുന്നതും മലബന്ധം ഇല്ലാതെ വിസർജനം സുഖകരമാക്കുന്നതുമായതും ആയിരിക്കാൻ ശ്രദ്ധിക്കുക. ഇതിനൊപ്പം തന്നെ മലദ്വാരത്തിലെ പേശികളെ ശക്തിപ്പെടുത്തുന്ന വ്യായാമമുറകൾ സ്ഥിരമാക്കുക. 

ആദ്യമേ സൂചിപ്പിച്ചത് പോലെ ദീര്‍ഘനേരം ഒരേ ഇരുപ്പ് ഇരിക്കുന്നത് പൈല്‍സിന് അനുകൂലമായ സാഹചര്യമുണ്ടാക്കുന്നു എന്നതിനാല്‍ ഇത്തരത്തില്‍ മണിക്കൂറുകളോളം ഒരേ ഇരുപ്പ് ഇരിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക. ദീര്‍ഘനേരം ഇരുന്നുള്ള ജോലിയാണെങ്കില്‍ നിര്‍ബന്ധമായും ഇടയ്ക്ക് ഇടവേളകളെടുക്കുക. ഈ സമയം ചെറിയൊരു നടത്തമോ വ്യായാമമോ (മിനുറ്റുകള്‍ കൊണ്ട് ചെയ്യാവുന്ന സ്ട്രെച്ചിംഗ് പോലുള്ള ) ആകാം. 

അതുപോലെ മലവിസര്‍ജ്ജനത്തിന് ഒരിക്കലും സമയം താമസിപ്പിക്കരുത്. ഇത് പിടിച്ചുവയ്ക്കുന്നത് വളരെയധികം പ്രയാസങ്ങള്‍ സൃഷ്ടിക്കും. പ്രത്യേകിച്ച് മലബന്ധത്തിലേക്ക് ഇത് നയിക്കാം. കോഴിമുട്ട , ചിക്കൻ, ബീഫ്, ഓയിൽ ഫ്രൈഡ് ഫുഡ്, പൊറോട്ട പോലുള്ള ഫാറ്റ് കൂടുതൽ അടങ്ങിയതും ദഹിക്കാൻ ബുദ്ധിമുട്ടുള്ളതുമായ ഭക്ഷണങ്ങൾ സ്ഥിരം ആക്കരുത്. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നല്ലതുപോലെ കഴിക്കുക. പച്ചക്കറികളും പഴങ്ങളും ഡയറ്റിലുള്‍പ്പെടുത്തുക. മദ്യപിക്കുന്ന ശീലമുള്ളവരാണെങ്കില്‍ കഴിവതും ഇതുപേക്ഷിക്കുന്നതാണ് ഉചിതം. 

വീട്ടിലുള്ള പരിഹാരങ്ങള്‍...

പൈൽസ് ഉള്ളവരിൽ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ് മലബന്ധം. മലബന്ധത്തെ തുടർന്നാണ് പലപ്പോഴും പൈല്‍സുള്ളവര്‍ വിസർജ്ജനസമയത്ത് നല്ലതുപോലെ സമ്മര്‍ദ്ദം ചെലുത്തുകയും ഇതോടെ മലദ്വാരത്തിൽ വിള്ളലുകൾ വന്ന്- മലാശയ സിരകൾ പൊട്ടി രക്തസ്രാവമുണ്ടാവുകയും ചെയ്യുന്നത്. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ദഹിക്കുന്നതും മലബന്ധം ഇല്ലാതാക്കുന്നതും വിസർജനത്തെ സുഗമമാക്കുന്നതുമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുക. നേരത്തെ സൂചിപ്പിച്ചത് പോലെ ധാരാളം നാരുകൾ (ഫൈബര്‍) അടങ്ങിയ ഭക്ഷണങ്ങൾ വളരെ നല്ലതാണ്. ഓട്ട്സ്, ബാർലി, ബീൻസ്, പച്ചക്കറികൾ, ഇലക്കറികള്‍, പപ്പായ, തക്കാളി, വെള്ളരി, ഇഞ്ചി, ഉള്ളി എല്ലാം ഇതിനുദാഹരണമാണ്. മുന്തിരി- പൈനാപ്പിള്‍ പോലുള്ള പഴങ്ങളൊഴികെയുള്ള പഴങ്ങളും കഴിക്കാം. 

പാല്‍, പാലുത്പന്നങ്ങള്‍ (മോര്- തൈര്) എന്നിവയെല്ലാം ഏറെ നല്ലതാണ്. ദിവസവും നല്ലതുപോലെ വെള്ളം കുടിക്കുക. വെറുംവയറ്റില്‍ ഇളം ചൂടുവെള്ളം കുടിക്കുന്നത് മലബന്ധം ഒഴിവാക്കാൻ സഹായിക്കും. ചെറുപയര്‍- ചേമ്പിൻ തണ്ടോ ചേനത്തണ്ടോ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ഇഞ്ചീനീരും തേനും ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. അതുപോലെ വെളുത്തുള്ളി പനംകല്‍ക്കണ്ടം ചേര്‍ത്തുകഴിക്കുന്നതും നല്ലതുതന്നെ. രാത്രിയില്‍ തുടര്‍ച്ചയായതും ആഴത്തിലുള്ളതുമായ ഉറക്കം ഉറപ്പുവരുത്തുക. കായികാധ്വാനം അല്ലെങ്കില്‍ വ്യായാമം നിര്‍ബന്ധമായും പതിവാക്കുക. 

സിറ്റ് ബാത്തും ഐസ്‌ പാക്കും...

സിറ്റ് ബാത്തിലൂടെയും ഐസ്പാക്ക് വെക്കുന്നതിലൂടെയും വേദനയ്ക്കും മലദ്വാരത്തിലെ വീക്കത്തിനും പുകച്ചിലിനും ഒരു പരിധി വരെ ശമനം കിട്ടും. മലദ്വാരം മുങ്ങത്തക്ക രീതിയിൽ ഒരു പാത്രത്തിൽ ചെറുചൂടുവെള്ളം എടുത്ത് അതിൽ അല്‍പം കല്ലുപ്പ് ഇട്ടതിനുശേഷം 15 മിനിറ്റ് ഇരിക്കുകയാണ് ചെയ്യേണ്ടത്. ദിവസവും മൂന്ന് തവണയെങ്കിലും ഇത് ചെയ്യാവുന്നതാണ്. ഐസ് പാക്കിനാണെങ്കില്‍ ചെറിയ ഐസ് ക്യൂബുകൾ ഒരു തുണിയിൽ പൊതിഞ്ഞ് വെക്കാവുന്നതാണ്. അതുപോലെ തന്നെ കറ്റാര്‍വാഴ ജെൽ ഒരു തുണിയിൽ പൊതിഞ്ഞ് വയ്ക്കുകയും ചെയ്യാം. ഈ ജെല്‍ നേരിട്ട് പുരട്ടുകയും ആവാം. 

നേരത്തെ കണ്ടെത്തി ചികിത്സിക്കാം, ഹോമിയോപ്പതിയിലൂടെ...

രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ഒരു മടിയും കൂടാതെ വിദഗ്ധരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുക. അതിനെ നിസാരവത്ക്കരിക്കുകയോ നാണക്കേട് വിചാരിക്കുകയോ ചെയ്യരുത്. രക്ത പരിശോധനയിലൂടെയും, സിഗ്മോയിഡോസ്കോപ്പി, കൊളണോസ്കോപ്പി എന്നീ എന്നീ പരിശോധനകളിലൂടെയും പൈല്‍സ് വിശദമായി മനസിലാക്കാവുന്നതാണ്.

ഹോമിയോപ്പതിക് മെഡിസിനിലൂടെ സർജറി കൂടാതെ തന്നെ പൈൽസിനെ ഒരു പരിധി വരെ മാറ്റിയെടുക്കാവുന്നതാണ്. ഹോമിയോപ്പതി മെഡിസിൻ തികച്ചും വ്യക്തിനിഷ്ടമാണ്. പൈൽസ് ഓരോ വ്യക്തിയിലും പല രീതിയിലും ഭാവത്തിലും ആയിരിക്കും പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ ഹോമിയോപ്പതിക് മെഡിസിൻ തെരഞ്ഞെടുക്കുന്നതും ഓരോ വ്യക്തിയുടെയും സ്വഭാവഗുണങ്ങളും അവർ അനുഭവിക്കുന്ന വ്യത്യസ്തമായ ബുദ്ധിമുട്ടുകൾ കണക്കിലാക്കിയും അവരുടെ മാനസികവും ശാരീരികവും ആയിട്ടുള്ള എല്ലാ അസ്വസ്ഥതകളും പരിഗണിച്ചുമായിരിക്കും. ഹോമിയോപ്പതി ടാബ്ലറ്റുകൾക്ക് പുറമെ ഹോമിയോപ്പതി മദർ ടിഞ്ചറുകളും പൈൽസിന് വളരെ ഫലപ്രദമാണ്.

ലേഖനം തയ്യാറാക്കിയത് : ഡോ. ബഷീറ (ബിഎച്ച്എംഎസ്)
ഡോ. ബാസില്‍സ് ഹോമിയോ ഹോസ്പിറ്റല്‍
പാണ്ടിക്കാട്, മലപ്പുറം