രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉറവിടങ്ങള്‍ മനസിലാക്കാന്‍ പോലുമാകാത്തത്രയും അവ്യക്തമായാണ് മിക്കവര്‍ക്കും രോഗം പകര്‍ന്നുകിട്ടുന്നത് എന്നത് ഏറെ ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്. ഈ ഘട്ടത്തില്‍ കൃത്യമായ മുന്നൊരുക്കങ്ങളോടുകൂടി മുന്നോട്ടുപോവുകയെന്നത് മാത്രമാണ് നമുക്ക് ചെയ്യാനാവുന്നത്. 

ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ ആളുകള്‍ കൂടാനും തിരക്കുള്ള സ്ഥലങ്ങളില്‍ നമ്മള്‍ പോകാനുമെല്ലാം സാധ്യതകളേറെയാണ്. അതിനാല്‍ത്തന്നെ എങ്ങനെയെല്ലാം ഫലപ്രദമായി രോഗം പകരുന്നത് തടയാം എന്നതിനെ കുറിച്ച് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ചില 'ടിപ്സ്' അറിയൂ...

ഒന്ന്...

ഓഫീസുകളിലാണെങ്കിലും ഒന്നിലധികം പേര്‍ താമസിക്കുന്ന വീടുകളിലാണെങ്കില്‍ നമ്മള്‍ പതിവായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കൃത്യമായ ഇടവേളകളില്‍ സാനിറ്റൈസ് ചെയ്ത് അണുവിമുക്തമാക്കുക. ലിഫ്റ്റ് ഉള്ള കെട്ടിടത്തിലാണെങ്കില്‍ ലിഫ്റ്റ് ബട്ടണ്‍, ലാപ്ടോപ്പ്, മൗസ്, മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങള്‍, വാതില്‍പ്പിടികള്‍, പൊതു ഉപയോഗത്തിനുള്ള പേനകള്‍ എല്ലാം അണുവിമുക്തമാക്കിയിരിക്കണം. 

രണ്ട്...

മാസ്‌ക് ധരിക്കാതെ ഇന്ന് ആരും പുറത്തിറങ്ങാറില്ല. എന്നാല്‍ മാസ്‌ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഇപ്പോഴും മിക്കവരും പരിഗണിക്കുന്നില്ല എന്നതാണ്. മാസ്‌ക് ധരിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി മനസില്‍ വയ്ക്കുക...

 


 

-വിയര്‍പ്പിലോ വെള്ളത്തിലോ കുതിര്‍ന്ന മാസ്‌ക് വയ്ക്കാതിരിക്കുക. 

-ഒരുപാട് ഇറുക്കമുള്ളതോ ഒരുപാട് അയവുള്ളതോ ആയ മാസ്‌ക് ധരിക്കരുത്. 

-മൂക്കിന് താഴെയായോ കവിളിന് താഴെയായോ അല്ല മാസ്‌ക് ധരിക്കേണ്ടത്. മൂക്ക് മുഴുവനായി മൂടുന്ന തരത്തിലാണ് മാസ്‌ക് ധരിക്കേണ്ടത്. 

-സംസാരിക്കുന്ന സമയത്ത് മാസ്‌ക് മാറ്റിവയ്ക്കരുത്. 

-നിങ്ങളുപയോഗിക്കുന്ന മാസ്‌ക് മറ്റൊരാള്‍ക്ക് നല്‍കാതിരിക്കുക. മറ്റുള്ളവര്‍ ഉപയോഗിക്കുന്ന മാസ്‌ക് നിങ്ങളും സ്പര്‍ശിക്കരുത്. 

-മെഡിക്കല്‍ മാസ്‌കുകള്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കാനുള്ളവയാണ്. അവ, സമയം കഴിഞ്ഞാല്‍ ഉപേക്ഷിക്കുക. 

-തുണി കൊണ്ടുള്ള മാസ്‌കിന് മൂന്ന് തട്ടുകള്‍ ഉണ്ടായിരിക്കണം. അവ ഒരിക്കല്‍ ഉപയോഗിച്ച ശേഷം അലക്കി വൃത്തിയാക്കിയ ശേഷമേ അടുത്ത തവണ ഉപയോഗിക്കാവൂ. 

-മാസ്‌കിന് പുറത്ത് കൈ കൊണ്ട് സ്പര്‍ശിക്കരുത്. 

മൂന്ന്...

പ്രായമുള്ളവരിലാണ് കൊവിഡ് എളുപ്പത്തില്‍ പകരുകയും ഗൗരവതരമായ അവസ്ഥയിലേക്കെത്തുകയും ചെയ്യുക എന്നത് നാം കണ്ടു. എന്നാല്‍ അക്കാര്യം മനസില്‍ വച്ചുകൊണ്ട് യുവാക്കള്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് സ്വയം വിധിയെഴുതരുത്. ഈ സമീപനം കൂടുതല്‍ അപകടം വിളിച്ചുവരുത്താനേ ഉപകരിക്കൂ. അതിനാല്‍ പൊതുവിലുള്ള കൊവിഡ് 19 പ്രതിരോധ മാര്‍ഗങ്ങള്‍ ഓരോരുത്തരം അവലംബിക്കുക. 

 


 

-കൈകള്‍ നിര്‍ബന്ധമായും ഇടവിട്ട് സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കി വയ്ക്കുക. 

-തുമ്മലോ ചുമയോ വരുമ്പോള്‍ കൈ കൊണ്ട് പൊത്തിപ്പിടിക്കുന്നതിന് പകരം കൈ മുട്ടുകളുടെ ഏപ്പുകള്‍ കൊണ്ട് മറച്ചുപിടിക്കാം. ഈ സമയങ്ങളില്‍ മാസ്‌ക് മാറ്റുകയും അരുത്. 

-പുറത്തിറങ്ങിക്കഴിഞ്ഞാല്‍ പിന്നീട് കൈ വൃത്തിയാക്കിയെടുക്കുന്നത് വരേക്കും കണ്ണിലോ വായിലോ മൂക്കിലോ സ്പര്‍ശിക്കരുത്. 

-ലോക്ഡൗണ്‍ ഇളവുകള്‍ ഉണ്ടെന്നോര്‍ത്ത് ആഘോഷങ്ങളും കൂടിച്ചേരലുകളും വേണ്ട. പരമാവധി തിരക്ക് കൂടിയ സ്ഥലങ്ങളിലെ സന്ദര്‍ശനവും ഒഴിവാക്കുക. 

-സാമൂഹികാകലം കൃത്യമായി പാലിക്കുക. അത് ഏത് പ്രായക്കാരോടും, ഏത് ആരോഗ്യാവസ്ഥയിലുള്ളവരോടും ആകാം.

Also Read:- കൊവിഡ് ചികിത്സയിൽ ഹോമിയോപ്പതി; പ്രതിരോധമരുന്നോ പഞ്ചസാര മിഠായിയോ?...