അടുത്ത കാലങ്ങളില്‍ ഏറ്റവും അധികം പേര്‍ പരാതിപ്പെടുന്ന രണ്ട് ആരോഗ്യപ്രശ്‌നങ്ങളാണ് കഴുത്തുവേദനയും നടുവേദനയും. ജീവിതശൈലിയിലുണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങള്‍ തന്നെയാണ് മിക്കവാറും പേരെയും ഇതിലേക്കെത്തിക്കുന്നത്. 

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നത്, മൊബൈല്‍ ഫോണ്‍- ലാപ്‌ടോപ്പ് തുടങ്ങിയവയുടെയെല്ലാം അമിതോപയോഗം എന്നിവയാണ് പ്രധാനമായും കഴുത്തുവേദന, നടുവേദന എന്നിവയിലേക്കെല്ലാം നമ്മെയെത്തിക്കുന്നത്. 

ഇവയല്ലാതെ വേറെയും ചില കാരണങ്ങള്‍ കൂടി പതിവായ കഴുത്തുവേദനയിലേക്ക് നയിക്കാറുണ്ട്. അത്തരത്തിലുള്ള ചില കാരണങ്ങള്‍ മനസിലാക്കാം. 

 

 

പേശികളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളും ക്രമേണ കഴുത്തുവേദനയിലേക്ക് നയിച്ചേക്കാം. ഇതും സാധാരണഗതിയില്‍ ഇരിപ്പ്- കിടപ്പ് എന്നിവയുടെയെല്ലാം സ്ഥാനം തെറ്റിപ്പോകുമ്പോഴാണ് സംഭവിക്കുന്നത്. നമുക്ക് യോജിക്കാത്ത തലയിണ, കസേര, മേശ എന്നിവയുടെയെല്ലാം ഉപയോഗം പേശികളെ പ്രശ്‌നത്തിലാക്കിയേക്കും. 

അതുപോലെ ചിലര്‍, വ്യായാമമുറകള്‍ പരിശീലിക്കുമ്പോള്‍ അവയെ തെറ്റായി മനസിലാക്കും. അത്തരത്തില്‍ തെറ്റായ രീതിയില്‍ വ്യായാമം ചെയ്യുന്നത് മുഖേനയും കഴുത്തുവേദനയുണ്ടായേക്കാം. 

കഴുത്തിലോ, അതിന്റെ പരിസരങ്ങളിലോ ഉണ്ടാകുന്ന പരിക്ക് മൂലവും പിന്നീട് കഴുത്തുവേദന അനുഭവപ്പെടുന്ന സാഹചര്യമുണ്ടാകാം. ഇതിനെല്ലാം പുറമെ, നാഡീ പ്രശ്‌നങ്ങള്‍, റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ്, അസ്ഥിക്ഷയം, മെനിഞ്ചൈറ്റിസ് എന്നിങ്ങനെയുള്ള അസുഖങ്ങളുടെ ഭാഗമായും കഴുത്തുവേദന ഉണ്ടാകാം. 

 

 

എന്തുകൊണ്ടാണ് കഴുത്തുവേദനയുണ്ടാകുന്നത് എന്നത് തിരിച്ചറിയല്‍ ആണ് ആദ്യഘട്ടത്തില്‍ ചെയ്യേണ്ടത്. ഇതിന് ഒരു ഡോക്ടറുടെ സഹായം തേടുന്നതാണ് ഉത്തമം. കാരണം മനസിലാക്കിയാല്‍, അടുത്ത ഘട്ടത്തില്‍ അതിനുള്ള പരിഹാരം തേടാം. 

ജീവിതശൈലിയുമായി ബന്ധപ്പെട്ട ഘടകങ്ങളാണ് കാരണമായി വരുന്നതെങ്കില്‍, വ്യായാമമാണ് ഏറ്റവും മികച്ച പരിഹാരമാവുക. ഇതിന് പുറമെ തെറാപ്പി, മരുന്നുകള്‍ മുഖേനയും കഴുത്തുവേദന ഭേദമാക്കാനാകും. അതിനാല്‍ കഴുത്തുവേദന പതിവാണെങ്കില്‍, അത് വച്ചിരിക്കാതെ തീര്‍ച്ചയായും ഒരു ഡോക്ടറെ കാണേണ്ടതാണ്.

Also Read:- സന്ധിവാതമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍...