Asianet News MalayalamAsianet News Malayalam

രാത്രിയില്‍ ഉറക്കം ശരിയാകുന്നില്ലേ? ശ്രദ്ധിക്കുക തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചേക്കാം...

'സയന്‍സ് അഡ്വാന്‍സസ്' എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തിലാണ് പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. ആഴത്തിലുള്ള ഉറക്കം നഷ്ടമാകുന്നതോടെ അത് നാഡീവ്യവസ്ഥയെ ബാധിക്കുന്ന പല അസുഖങ്ങളിലേക്കും നയിക്കുന്നു. 'ന്യൂറോഡീജനറേറ്റീവ് ഡിസീസസ്' എന്നാണ് ഈ രോഗങ്ങള്‍ അറിയപ്പെടുന്നത്

lack of deep sleep may lead one to neurodegenerative diseases
Author
Trivandrum, First Published Feb 21, 2021, 11:53 PM IST

രാത്രിയില്‍ ഉറക്കം ശരിയായില്ലെങ്കില്‍ പിറ്റേന്ന് പകല്‍ മുഴുവന്‍ പലതരം അസ്വസ്ഥതകളിലാകാറുണ്ട് നമ്മള്‍. ഉന്മേഷമില്ലായ്മ, ക്ഷീണം, ഒന്നിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാതിരിക്കുക, ദേഷ്യം, അമിത വിശപ്പ് എന്നിങ്ങനെ പല പ്രശ്‌നങ്ങളും ശരിയാംവണ്ണം ഉറങ്ങിയില്ലെങ്കില്‍ വരാം. എന്നാല്‍ പതിവായിത്തന്നെ ആഴത്തിലുള്ള ഉറക്കം കിട്ടുന്നില്ലെങ്കില്‍ അത് പിന്നീട് ചില അസുഖങ്ങളിലേക്കും തലച്ചോറിന്റെ പ്രവര്‍ത്തനം പ്രശ്‌നത്തിലാകുന്നതിലേക്കും നയിക്കുമെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. 

'സയന്‍സ് അഡ്വാന്‍സസ്' എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തിലാണ് പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. ആഴത്തിലുള്ള ഉറക്കം നഷ്ടമാകുന്നതോടെ അത് നാഡീവ്യവസ്ഥയെ ബാധിക്കുന്ന പല അസുഖങ്ങളിലേക്കും നയിക്കുന്നു. 'ന്യൂറോഡീജനറേറ്റീവ് ഡിസീസസ്' എന്നാണ് ഈ രോഗങ്ങള്‍ അറിയപ്പെടുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കൂടി അവതാളത്തിലാക്കുന്ന തരത്തിലുള്ള രോഗങ്ങളാണിവ. അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് എന്നിവയെല്ലാം ഇതിനുദാഹരണമാണ്. 

അതിനാല്‍ത്തന്നെ, ഇത്തരം അസുഖങ്ങള്‍ക്കുള്ള സാധ്യത ഒഴിവാക്കുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനം സുഖകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും ആഴത്തിലുള്ള ഉറക്കം ആവശ്യമാണെന്നാണ് പഠനറിപ്പോര്‍ട്ടിലൂടെ ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നത്. പ്രത്യേകവിഭാഗത്തില്‍ പെട്ട ഷഡ്പദങ്ങളെ ഉപയോഗിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം വിലയിരുത്തിയപ്പോള്‍, ആഴത്തിലുള്ള ഉറക്കം തലച്ചോറിനകത്ത് ചിന്തകളുടെയും ഓര്‍മ്മകളുടെയും രൂപത്തില്‍ കെട്ടിക്കിടക്കുന്ന അനാവശ്യമായ കാര്യങ്ങളെ പുറന്തള്ളുമെന്ന് കണ്ടെത്താനായി. 

തലച്ചോറിന് ആവശ്യമില്ലാതെ അതിനകത്ത് അടിഞ്ഞുകൂടുന്ന കാര്യങ്ങള്‍ പിന്നീട് നാഡീവ്യവസ്ഥയെ ബാധിക്കുന്ന പല അസുഖങ്ങളിലേക്കും വ്യക്തിയെ നയിച്ചേക്കാമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള അവശിഷ്ടങ്ങള്‍ പുറന്തള്ളി തലച്ചോറിനെ വൃത്തിയായി സൂക്ഷിക്കേണ്ടത് തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമാണെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു. 

ഇങ്ങനെ തലച്ചോറിനാവശ്യമില്ലാത്തത് പുറന്തള്ളാന്‍ ഉണര്‍ന്നിരിക്കുമ്പോഴും സാധിക്കും. എന്നാല്‍ കാര്യക്ഷമമായി ഈ വൃത്തിയാക്കല്‍ നടക്കുന്നത് ഉറങ്ങുമ്പോള്‍ തന്നെയാണത്രേ. ഉറക്കം മനുഷ്യന്റെ ആകെ നിലനില്‍പിനെ എത്രമാത്രം സ്വാധീനിക്കുന്നൊരു ഘടകമാണെന്ന തിരിച്ചറിവ് സമ്മാനിക്കുന്ന നിരീക്ഷണം തന്നെയാണ് പഠനത്തിലൂടെ ഗവേഷകര്‍ പങ്കുവയ്ക്കുന്നത്.

Also Read:- 'സ്‌ട്രെസ്' കുറയ്ക്കാന്‍ കാപ്പിയെയോ സിഗരറ്റിനെയോ ആശ്രയിക്കാറുണ്ടോ?...
 

Follow Us:
Download App:
  • android
  • ios