പാരീസ്: ഊർജപ്രതിസന്ധിക്ക് പരിഹാരമായി രം​ഗത്തുവന്ന എൽ ഇ ഡി അഥവാ ലെെറ്റ് എമിറ്റിങ് ഡയോ‍ഡ് ലെെറ്റുകളുടെ അമിത ഉപയോ​ഗം കാഴ്ചയെ തകരാറിലാക്കുമെന്നും ഉറക്കപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ആരോ​​ഗ്യവിദ​ഗ്ധരുടെ മുന്നറിയിപ്പ്. 

ഫ്രാൻസിലെ ഫ്രഞ്ച് ഹെൽത്ത് അതോറിറ്റി, അമേരിക്കയിലെ മോർഹൗസ് സ്കൂൾ ഓഫ് മെഡിസിൻസ്, കൊളംബിയ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ എന്നിവരാണ് നിരന്തരമായി എൽ ഇ ഡി ലെെറ്റുകളുമായുള്ള സമ്പർക്കം ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പുമായി രം​ഗത്ത് വന്നിരിക്കുന്നത്.

കുറഞ്ഞ ഊർജോപയോ​ഗം, നീണ്ട കാലത്തെ പ്രവർത്തനക്ഷമത,കുറഞ്ഞ താപവികിരണം എന്നിവയാണ് എൽ ഇ ഡി ലെെറ്റുകൾ വളരെ ചുരുങ്ങിയ കാലം കൊണ്ട് ലോകത്ത് ജനപ്രിയമാകാൻ കാരണം. എന്നാൽ, എൽ ഇ ഡി വിളക്കുകളിൽ നിന്ന് പുറത്തുവരുന്ന നീലരശ്മികൾ ഫോട്ടോടോക്സിക് ഇഫക്ടിന് കാരണമാകുമെന്നും ​ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. 

കൂടാതെ, എൽ ഇ ഡി ലെെറ്റുകളുടെ കീഴിൽ ദീർഘനേരം കഴിയുന്നവരിൽ വലിയ തോതിൽ ഉറക്കപ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്. സാധാരണ പ്രകാശത്തെക്കാൾ കൂടിയതോതിൽ നീലപ്രകാശം മലിനീകരണമായി കണക്കാക്കാമെന്ന് ഇന്റർനാഷണൽ ബ്ലൂ സ്കെെ അസോസിയേഷനും മുന്നറിയിപ്പ് നൽകിയിരുന്നു.