മുപ്പത് കടന്നാല്‍ പിന്നെ ആരോഗ്യത്തില്‍ ഇങ്ങനെയുള്ള വെല്ലുവിളികളുണ്ടാകാം എന്നതിനാലാണ് ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യവിദഗ്ധര്‍ മുപ്പത് കഴിഞ്ഞാല്‍ പിന്നെ ഏറെ ശ്രദ്ധയോടെ മുന്നോട്ടുപോകണമെന്ന് നിര്‍ദേശിക്കുന്നതും

പ്രായം മുപ്പത് കടന്നുകഴിഞ്ഞാല്‍ പിന്നെ ആരോഗ്യകാര്യങ്ങളില്‍ പല മാറ്റങ്ങളും ക്രമേണ വരികയായി. ഇരുപതുകളില്‍ നിന്ന് വ്യത്യസ്തമായി എളുപ്പത്തില്‍ വണ്ണം കൂടാനും അതുപോലെ തന്നെ മോശം ജീവിതരീതികള്‍ പിന്തുടരുന്നുണ്ടെങ്കില്‍ അത് എളുപ്പത്തില്‍ ബാധിക്കാനുമെല്ലാം തുടങ്ങും. 

മുപ്പത് കടന്നാല്‍ പിന്നെ ആരോഗ്യത്തില്‍ ഇങ്ങനെയുള്ള വെല്ലുവിളികളുണ്ടാകാം എന്നതിനാലാണ് ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യവിദഗ്ധര്‍ മുപ്പത് കഴിഞ്ഞാല്‍ പിന്നെ ഏറെ ശ്രദ്ധയോടെ മുന്നോട്ടുപോകണമെന്ന് നിര്‍ദേശിക്കുന്നതും. ആന്തരീകാവയവങ്ങളുടെയെല്ലാം പ്രവര്‍ത്തനം പതിയെ 'റിവേഴ്സ് ഗിയറി'ലേക്ക് മാറുമെന്നാണ് മുപ്പത് കടക്കുന്നതിനെ കുറിച്ച് പലരും പറയാറ്. 

വയറിനെ സംബന്ധിക്കുന്ന പ്രയാസങ്ങളാണ് ഇന്ന് ഏറ്റവുമധികം പേരെ അലട്ടുന്നൊരു ആരോഗ്യപ്രശ്നം എന്ന് പറയാം. എന്തായാലും മുപ്പതിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ളവരില്‍ ഇത്തരത്തില്‍ വയറ് സംബന്ധമായ ബുദ്ധിമുട്ടുകളൊഴിവാക്കാനും അവരുടെ ആകെ ആരോഗ്യം തന്നെ മെച്ചപ്പെടുത്താനും സഹായകമായി വരുന്ന ചില ലൈഫ്സ്റ്റൈല്‍ ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

വ്യായാമത്തിന് ഏറെ പ്രാധാന്യം നല്‍കുക. പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുസരിച്ച വ്യായാമങ്ങള്‍ പതിവാക്കുക. സ്ട്രെങ്ത് ട്രെയിനിംഗിന് കുറച്ചുകൂടി പ്രാധാന്യം നല്‍കണം. പ്രായം ഏറുംതോറും പേശികളുടെ ശക്തി ക്ഷയിച്ചുവരാം എന്നതിനാലാണിത്. അതുപോലെ തന്നെ എച്ച്ഐഐടി (ഹൈ-ഇന്‍റൻസിറ്റി ഇന്‍റര്‍വെല്‍ ട്രെയിനിംഗ്) വര്‍ക്കൗട്ടുകളും വ്യായാമത്തില്‍ ഉള്‍പ്പെടുത്തണം. 

രണ്ട്...

ഭക്ഷണത്തിലും നല്ല ശ്രദ്ധ നല്‍കണം. സമഗ്രമായ, ബാലൻസ്ഡ് ആയ- എല്ലാ പോഷകങ്ങളും ഉറപ്പിക്കുന്ന ഭക്ഷണരീതിയാണ് പിന്തുടരേണ്ടത്. ഒപ്പം തന്നെ പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങള്‍ക്ക് അല്‍പം കൂടി പ്രാധാന്യം നല്‍കണം. ചിക്കൻ, മത്സ്യം, ടോഫു, പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍ എന്നിവയാണ് കൂടുതലായി ഡയറ്റിലുള്‍പ്പെടുത്തേണ്ടത്. 

ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യം പ്രധാനമാണ്. അതുപോലെ തന്നെ ഭക്ഷണം ഒഴിവാക്കരുത്. എല്ലാ നേരവും ഭക്ഷണം കഴിക്കുകയും വേണം. 

മൂന്ന്...

മൂന്നാമതായി പറയാനുള്ളത് സ്വാഭാവികമായും ഉറക്കത്തെ കുറിച്ചാണ്. രാത്രിയില്‍ ഏഴ്- എട്ട് മണിക്കൂര്‍ ഉറക്കം കിട്ടിയാല്‍ വളരെ നല്ലത്. അതും മുറിയാതെ, ആഴത്തിലുള്ള ഉറക്കം തന്നെ വേണം. ഇത് ആകെ ആരോഗ്യം മെച്ചപ്പെടുത്താൻ ഒരുപാട് സഹായിക്കും. ഉറക്കപ്രശ്നങ്ങള്‍ നേരിടുന്നുവെങ്കിലല്‍ തീര്‍ച്ചയായും അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയേ പറ്റൂ.

നാല്...

മാനസികാരോഗ്യത്തിനും വളരെ പ്രാധാന്യം നല്‍കേണ്ട ഘട്ടമാണിത്. യൗവനം തീര്‍ന്നുപോകുന്നു എന്ന അപകര്‍ഷതയാണ് പലരെയും മുപ്പത് കടക്കുമ്പോള്‍ ബാധിക്കുക. ഇങ്ങനെയൊരു ചിന്തയുടെ ആവശ്യമേ ഇല്ല. യൗവനമെന്നത് ശരീരത്തെ മാത്രം അടിസ്ഥാനപ്പെടുത്തി കാണേണ്ടതില്ല. അങ്ങനെയാണെങ്കില്‍ പോലും നാല്‍പത് വരെയുള്ള കാലത്തിനെ യൗവനമായിത്തന്നെ തീര്‍ച്ചയായും കണക്കാക്കണം. നാല്‍പത് കടന്നവര്‍ പോലും ഈ അപകര്‍ഷത കൊണ്ടുനടക്കേണ്ട കാര്യമില്ല. നമ്മുടെ സമീപനവും കാഴ്ചപ്പാടുമെല്ലാമാണ് നമ്മുടെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്നത്. ആത്യന്തികമായി വ്യക്തിത്വം തന്നെയാണ് നമ്മുടെ സൗന്ദര്യം. പരമാവധി സന്തോഷത്തോടെ ജീവിതത്തെ സമീപിക്കുക. സ്ട്രെസുകളെ കൈകാര്യം ചെയ്യുക. 

അഞ്ച്...

സാമൂഹികമായ ഉള്‍വലിയലും പെട്ടെന്ന് പ്രായം തോന്നിക്കാനും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാനുമെല്ലാം കാരണമാകും. അതിനാല്‍ മുപ്പത് കടന്നവര്‍ തീര്‍ച്ചയായും ഇക്കാര്യം ശ്രദ്ധിക്കുക. ആവശ്യത്തിന് സൗഹൃദങ്ങളും സാമൂഹ്യബന്ധങ്ങളുമെല്ലാം സൂക്ഷിക്കുക. ഇത് നമുക്ക് ഗുണകരമാകാനാണ് എന്നത് മനസില്‍ വേണം. തീര്‍ച്ചയായും 'നെഗറ്റീവ്' ആയ ബന്ധങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയും വേണം.

Also Read:- ദിവസവും ഗ്രീൻ ടീയോ കരിക്കോ എല്ലാം കഴിക്കുന്നത് കൊണ്ടുള്ളൊരു ഗുണം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo