സാധാരണയായി പ്രതിദിനം 500 കലോറിയുടെ കുറവാണ് ആരോഗ്യകരമായ ഭാരക്കുറവിന് നിർദ്ദേശിക്കാറുള്ളത്.
ദിവസേന ശരീരം എരിച്ചുകളയുന്നതിനേക്കാൾ കുറഞ്ഞ അളവിൽ കലോറി ഭക്ഷണത്തിലൂടെ ഉള്ളിലെത്തിക്കുന്ന രീതിയാണ് കലോറി ഡെഫിസിറ്റ്. ഈ കുറവ് പരിഹരിക്കാൻ ശരീരം ഉള്ളിൽ സംഭരിച്ചുവെച്ചിരിക്കുന്ന കൊഴുപ്പ് ഊർജ്ജത്തിനായി ഉപയോഗിക്കാൻ തുടങ്ങുകയും ഇത് തടി കുറയാൻ കാരണമാവുകയും ചെയ്യുന്നു. സാധാരണയായി പ്രതിദിനം 500 കലോറിയുടെ കുറവാണ് ആരോഗ്യകരമായ ഭാരക്കുറവിന് നിർദ്ദേശിക്കാറുള്ളത്. എന്നാൽ പ്രായം, ലിംഗഭേദം, ഉയരം, ഭാരം, ശാരീരിക അധ്വാനം എന്നിവ അനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാം. ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ ഇവയാണ്.
പോഷകസമ്പുഷ്ടമായ ഭക്ഷണം
കലോറി കുറഞ്ഞതും പോഷകഗുണം കൂടുതലുമുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. പഴങ്ങൾ, പച്ചക്കറികൾ, നട്സ്, പയറുവർഗ്ഗങ്ങൾ, ലീൻ പ്രോട്ടീൻ, കൊഴുപ്പ് കുറഞ്ഞ പാൽ ഉൽപ്പന്നങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം.
ഒഴിവാക്കേണ്ടവ
മധുരപാനീയങ്ങൾ, പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ, പോഷകമൂല്യമില്ലാത്ത എംപ്റ്റി കലോറി ഭക്ഷണങ്ങൾ എന്നിവ പൂർണ്ണമായി ഒഴിവാക്കുക.
ഭക്ഷണം പൂർണമായും ഒഴിവാക്കരുത്
അമിതമായി കലോറി കുറയ്ക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കും പോഷകക്കുറവിനും കാരണമാകും.
വ്യായാമത്തിന്റെ പ്രാധാന്യം
ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമമോ 75 മിനിറ്റ് കഠിനമായ വ്യായാമമോ ചെയ്യുക. സ്ട്രെങ്ത് ട്രെയിനിംഗും ഇതിനൊപ്പം ഉൾപ്പെടുത്താം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വിട്ടുമാറാത്ത രോഗസാധ്യത കുറയ്ക്കാനും മാനസികാരോഗ്യം വീണ്ടെടുക്കാനും വ്യായാമം സഹായിക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
പോർഷൻ കൺട്രോൾ
ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും കൂടുതൽ അളവിൽ കഴിക്കുന്നത് തടി കൂടാൻ കാരണമാകും. ഭക്ഷണത്തിന്റെ അളവിൽ എപ്പോഴും നിയന്ത്രണം ഉണ്ടാവണം.
ധാരാളം വെള്ളം കുടിക്കുക
പലപ്പോഴും ദാഹത്തെ വിശപ്പായി തെറ്റിദ്ധരിക്കാറുണ്ട്. അതിനാൽ ശരീരം എപ്പോഴും ഹൈഡ്രേറ്റഡ് ആയി നിലനിർത്തുക.
അമിതമായി കലോറി കുറച്ചാൽ അപകടം
ദിവസവും 500 കലോറിയുടെ കുറവാണ് സുരക്ഷിതം. പെട്ടെന്ന് ആഹാരം അമിതമായി കുറയ്ക്കുന്നത് ഇവയ്ക്ക് കാരണമാകും.
- ക്ഷീണവും തളർച്ചയും
2. പോഷകക്കുറവ്
3. പേശികളുടെ ബലക്ഷയം
4. മുടി കൊഴിച്ചിൽ, മലബന്ധം, ഓക്കാനം
5. മാനസികാരോഗ്യത്തെ ബാധിക്കൽ
പെട്ടെന്ന് തടി കുറയ്ക്കുന്ന ക്രാഷ് ഡയറ്റുകൾക്ക് പകരം ദീർഘകാലം തുടരാൻ സാധിക്കുന്ന ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതാണ് ഉത്തമം.


