Asianet News MalayalamAsianet News Malayalam

'കോണ്ടം' ഉപയോഗിക്കാമെന്ന ധാരണ ലംഘിച്ചു; ഒടുവില്‍ കോടതി ഇടപെട്ടു...

നമ്മുടെ സാമൂഹിക- സാംസ്‌കാരിക സാഹചര്യങ്ങള്‍ക്ക് അപരിചിതമാണ് ഇത്തരം പ്രശ്‌നങ്ങള്‍. ലൈംഗികതയെ പറ്റി ആരോഗ്യകരമായ സംവാദങ്ങളോ ആശയവിനിമയങ്ങളോ പോലും പരസ്യമായി നടക്കുന്നില്ലാത്ത ഒരു സമൂഹത്തില്‍ 'സഭ്യത'യുടെ അതിര്‍ത്തിക്കപ്പുറമാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം സ്ഥാനം
 

man refused to wear condom after agreeing it is sexual assault says ontario court
Author
Ontario, First Published Jul 5, 2019, 10:59 PM IST

ലൈംഗികതയുമായി ബന്ധപ്പെട്ട് രണ്ട് വ്യക്തികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്താല്‍ എന്ത് ചെയ്യും? അവര്‍ക്ക് പരസ്പരം ചര്‍ച്ച ചെയ്‌തോ സമവായത്തിലെത്തിയോ പരിഹരിക്കാനായില്ലെങ്കില്‍, അത്തരം സാഹചര്യങ്ങളെ മറികടക്കാന്‍ എന്ത് മാര്‍ഗം സ്വീകരിക്കും?

നമ്മുടെ സാമൂഹിക- സാംസ്‌കാരിക സാഹചര്യങ്ങള്‍ക്ക് അപരിചിതമാണ് ഇത്തരം പ്രശ്‌നങ്ങള്‍. ലൈംഗികതയെ പറ്റി ആരോഗ്യകരമായ സംവാദങ്ങളോ ആശയവിനിമയങ്ങളോ പോലും പരസ്യമായി നടക്കുന്നില്ലാത്ത ഒരു സമൂഹത്തില്‍ 'സഭ്യത'യുടെ അതിര്‍ത്തിക്കപ്പുറമാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം സ്ഥാനം. 

എന്നാല്‍ ഇതൊന്നും അത്ര നിസാരമായ സംഗതിയല്ലെന്നാണ് കാനഡയില്‍ നിന്ന് പുറത്തുവന്നിരിക്കുന്ന ഒരു വാര്‍ത്ത സൂചിപ്പിക്കുന്നത്. ഇങ്ങനെയാണ് ആ വാര്‍ത്ത...

ലൈംഗിക ബന്ധത്തിലേര്‍പ്പെടും മുമ്പ് 'കോണ്ടം' ധരിച്ചോളാമെന്ന് സമ്മതിച്ച പുരുഷന്‍ പിന്നീട്, ആ ധാരണ ലംഘിക്കുകയും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി ഒരു സ്ത്രീ കോടതിയില്‍ പരാതി നല്‍കി. 

പരാതി പരിഗണിച്ച ഒന്റാറിയോ കോടതി, സംഗതി ഗൗരവമുള്ള കുറ്റമായി കണക്കാക്കുന്നതായി ഉത്തരവിട്ടു. അതായത്, 'കോണ്ടം' ധരിക്കാമെന്ന വാഗ്ദാനം ലംഘിക്കുകയും സ്ത്രീയെ ലൈംഗികവേഴ്ചയ്ക്കായി നിര്‍ബന്ധിക്കുകയും ചെയ്തത് ബലാത്സംഗമായി കണക്കാക്കുന്നുവെന്നാണ് കോടതി ഉത്തരവിട്ടത്. 

ഡേറ്റിംഗ് ആപ്പ് വഴിയാണ് പ്രതിയെ പരിചയപ്പെട്ടതെന്ന് സ്ത്രീ തന്റെ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. പരസ്പരം മുന്നോട്ട് വച്ച ധാരണകളുടെ പുറത്ത് ലൈംഗികബന്ധത്തിലേര്‍പ്പെടാമെന്ന തീരുമാനത്തിലെത്തി. തുടര്‍ന്ന് ഇരുവരും ഒരു സ്ഥലത്ത് വച്ച് കണ്ടുമുട്ടി. വളരെ നാളത്തെ മുന്‍പരിചയമില്ലാത്ത ആളുകളായതിനാല്‍ തന്നെ സുരക്ഷിതമായ ലൈംഗികത മുന്‍നിര്‍ത്തി 'കോണ്ടം' ഉപയോഗിക്കാമെന്നും ധാരണയിലായി. എന്നാല്‍ സ്വകാര്യനിമിഷങ്ങളിലേക്ക് കടക്കും മുമ്പ് പുരുഷന്‍ ഈ ധാരണകള്‍ ലംഘിക്കുകയായിരുന്നുവത്രേ. 

തുടര്‍ന്ന് ഇവര്‍ ഒരു ആശുപത്രിയില്‍ പോയി അവശ്യം വേണ്ട ചില വൈദ്യപരിശോധനകള്‍ക്ക് വിധേയയായിരുന്നു. ഈ പരിശോധനയില്‍ അപ്രിയമായ ഫലങ്ങള്‍ ലഭിച്ചതായും സൂചനയുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങള്‍ അവരുമായി അടുത്ത വൃത്തങ്ങള്‍ നല്‍കിയിട്ടില്ല. എന്തായാലും പൊതുസമൂഹത്തിന് കൂടി മാതൃകയാകുന്ന തരത്തിലുള്ള വിധിയെന്ന നിലയ്ക്കാണ് കോടതി പതിവിലധികം പ്രാധാന്യത്തോടെ ഈ സംഭവത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios