മാര്‍ബര്‍ഗ് വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഗിനിയ, ടാൻസാനിയ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരാണ് ഐസൊലേഷനില്‍ പ്രവേശിക്കണമെന്ന് യുഎഇ നിര്‍ദേശം നല്‍കിയത്. 

മാർബർഗ് വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളില്‍ യാത്ര ചെയ്തവർ യുഎഇയിൽ തിരിച്ചെത്തിയാൽ സ്വയം ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം നിർദേശിച്ചിരിക്കുകയാണ്. മാര്‍ബര്‍ഗ് വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഗിനിയ, ടാൻസാനിയ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരാണ് ഐസൊലേഷനില്‍ പ്രവേശിക്കണമെന്ന് യുഎഇ നിര്‍ദേശം നല്‍കിയത്. ഈ രാജ്യങ്ങളിലെ യാത്രയുടെ വിവരങ്ങള്‍ മെഡിക്കല്‍ ഉദ്യോഗസ്ഥരെ അറിയിക്കാനും നിര്‍ദേശമുണ്ട്. 21 ദിവസത്തില്‍ കൂടുതലായി ഹെമറേജിക്ക് ഫീവര്‍ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ മെഡിക്കല്‍ പരിശോധന നടത്തണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. മാര്‍ബര്‍ഗ് വൈറസ് ബാധിച്ച് ഇക്വടോറിയല്‍ ഗിനിയയിലും ടാന്‍സാനിയയിലും 14 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എബോളയ്ക്ക് സമാനമായ അതീവ മാരകമായ ഈ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഇക്വടോറിയല്‍ ഗിനിയ, ടാന്‍സാനിയ എന്നീ രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഉണ്ടായതില്‍ വച്ച് നാലാമത്തെ ഏറ്റവും വലിയ വ്യാപനമാണ് ഇപ്പോഴത്തേത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്താണ് മാര്‍ബര്‍ഗ് വൈറസ്? 

മൃഗങ്ങളില്‍ നിന്നും മറ്റ് ജീവികളില്‍ നിന്നുമാണ് മാര്‍ബര്‍ഗ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്. പ്രധാനമായും വവ്വാലുകളാണ് വൈറസ് വാഹകരെന്നാണ് നിഗമനം. ഹെമറേജിക് ഫീവറിന് കാരണമാകുന്ന മാരകമായ വൈറസാണിത്. മനുഷ്യരില്‍ എത്തുന്ന വൈറസ് പിന്നീട് ശരീരസ്രവങ്ങളിലൂടെ മറ്റുള്ളവരിലേക്ക് എളുപ്പത്തില്‍ പടരുകയാണ് ചെയ്യുന്നത്. രോഗം ബാധിച്ചാല്‍ മരണം സംഭവിക്കാനുള്ള സാധ്യത 88 ശതമാനമാണ്. 

ലക്ഷണങ്ങള്‍...

കടുത്ത പനി, ശരീരവേദന, ഛര്‍ദ്ദി, ശരീരത്തിന് അകത്തും പുറത്തുമായി ഉണ്ടാകുന്ന രക്തസ്രാവം, പേശിവേദന, തലവേദന,മസ്തിഷ്കജ്വരം, നാഡിവ്യവസ്ഥയുടെ സ്തംഭനം, ഛര്‍ദി, അടിവയര്‍ വേദന, വയറിളക്കം തുടങ്ങിയവയെല്ലാമാണ് മാര്‍ബര്‍ഗ് വൈറസ് ബാധയുടെ ലക്ഷണങ്ങളായി വരുന്നത്. വൈറസ് ശരീരത്തിനുള്ളിലെത്തി രണ്ട് മുതല്‍ 21 ദിവസങ്ങള്‍ക്കകം രോഗി ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങും.

പ്രതിരോധം...

രോഗബാധയേറ്റാല്‍ പിന്നെ അതില്‍ നിന്ന് രക്ഷപ്പെടുകയെന്നത് ഏറെ വെല്ലുവിളിയാണ് മാര്‍ബര്‍ഗ് വൈറസിന്‍റെ കാര്യത്തില്‍. മറ്റ് വൈറസ് രോഗങ്ങളില്‍ നിന്ന് മാര്‍ബര്‍ഗ് വൈറസിനെ തിരിച്ചറിയുകയും ബുദ്ധിമുട്ടാണ്. നിലവില്‍ മാര്‍ബര്‍ഗ് വൈറസിന് അംഗീകൃതമായ വാക്‌സിന്‍ ലഭ്യമല്ല. പല വാക്‌സിനുകളും ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടങ്ങളിലാണ്.

രോഗം പിടിപെടാതിരിക്കാനുള്ള പ്രതിരോധമാര്‍ഗങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക. വ്യക്തികൾ അവരുടെ കണ്ണുകൾ, മൂക്ക്, വായ എന്നിവ കൈകൊണ്ട് തൊടുന്നത് ഒഴിവാക്കുകയും ശരിയായ കൈ ശുചിത്വം ഉറപ്പാക്കുകയും വേണം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also Read: പാര്‍ക്കിന്‍സണ്‍സ് രോഗം; ഈ അപകട സൂചനകള്‍ തിരിച്ചറിയാം...