തണുപ്പ് കാലങ്ങളില്‍ നിന്ന് ചൂടിലേക്ക് കടക്കുമ്പോഴാണ് മൈഗ്രേയ്ന്‍ കൂടാറ്. ഇത് സാധാരണഗതിയില്‍ വളരെയധികം കാഠിന്യമുള്ളതും ചിലപ്പോഴെങ്കിലും മണിക്കൂറുകള്‍ എന്ന നിലയില്‍ നിന്ന് ദിവസങ്ങളോളം എന്ന നിലയിലേക്ക് നീളുന്നതും ആകാം. 

കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ( Climate Change ) നമ്മുടെ ആരോഗ്യാവസ്ഥകളില്‍ മാറ്റം വരാം. അത് അനുകൂലമോ പ്രതികൂലമോ ആകാറുണ്ട്. അത്തരത്തില്‍ കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് നമുക്ക് വന്നേക്കാവുന്നൊരു ആരോഗ്യപ്രശ്നമാണ് തലവേദന. വെറും തലവേദനയെ കുറിച്ചല്ല മൈഗ്രേയ്ന്‍ എന്ന കാഠിന്യം കൂടിയ തലവേദനയെ കുറിച്ചാണ് ( Summer Migraine ) പറയുന്നത്. 

തണുപ്പ് കാലങ്ങളില്‍ നിന്ന് ചൂടിലേക്ക് കടക്കുമ്പോഴാണ് മൈഗ്രേയ്ന്‍ കൂടാറ്. ഇത് സാധാരണഗതിയില്‍ വളരെയധികം കാഠിന്യമുള്ളതും ചിലപ്പോഴെങ്കിലും മണിക്കൂറുകള്‍ എന്ന നിലയില്‍ നിന്ന് ദിവസങ്ങളോളം എന്ന നിലയിലേക്ക് നീളുന്നതും ആകാം. ഇത്തരത്തില്‍ ദിവസങ്ങളോ, ദീര്‍ഘമായ മണിക്കൂറുകളോ തലവേദന നീണ്ടുനില്‍ക്കുന്നത് ജോലിയടക്കം നിത്യജീവിതത്തിലെ പല കാര്യങ്ങളെയും ഏറെ പ്രതികൂലമായി ബാധിക്കാം. ഇത് ക്രമേണ മാനസികപ്രശ്നത്തിലേക്കും നയിക്കാം.

വേദനയോടൊപ്പം തലയില്‍ സ്പന്ദനങ്ങള്‍ അനുഭവപ്പെടുന്നത്, തലയുടെ ഒരു വശത്ത് മാത്രം അനുഭവപ്പെടുന്ന ശക്തിയായ വേദന, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളെല്ലാം മൈഗ്രേയ്നിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. ഇത് വേനല്‍ക്കാലങ്ങളില്‍ വ്യാപകമായി കൂടാറുണ്ട്. 

മൈഗ്രേയ്നിന് പ്രത്യേകമായി ചികിത്സകളൊന്നും ലഭ്യമല്ല. വേദനസംഹാരിയെ ആശ്രയിക്കാമെന്നത് മാത്രമാണ് ഏക ആശ്വാസം. എന്നാല്‍ പതിവായി വേദനസംഹാരികള്‍ കഴിക്കുന്നത് ആരോഗ്യത്തെ പലരീതിയിലും മോശമായി ബാധിക്കാം. അതിനാല്‍ ജീവിതരീതികളില്‍ തന്നെ ചില ഘടകങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ഇത് ഒരു പരിധി വരെ പരിഹരിക്കാം. അത്തരത്തില്‍ മൈഗ്രേയ്ന്‍ നിയന്ത്രിക്കുന്നതിന് ചെയ്യാവുന്ന/ ശ്രദ്ധിക്കാവുന്ന ആറ് കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്....

ഒന്ന്...

വേനല്‍ക്കാലങ്ങളില്‍ തലവേദന കൂടുന്നതിനുള്ള ഒരു പ്രധാന കാരണം ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതാണ്. അതുതന്നെ മൈഗ്രേയ്ന്‍റെ കാര്യത്തിലും ബാധകമാണ്. അതിനാല്‍ ചൂടുള്ള കാലാവസ്ഥയിലാകുമ്പോള്‍ എപ്പോഴും വെള്ളം കുടിക്കുക. 

രണ്ട്...

ചൂടുകാലത്ത് തുടര്‍ച്ചയായി വെയിലേല്‍ക്കുന്നതും മൈഗ്രേയ്ന് കാരണമാകാറുണ്ട്. അതിനാല്‍ പുറത്തുപോകുമ്പോള്‍ കഴിവതും സണ്‍ ഗ്ലാസ് ഉപയോഗിക്കുക. സൂര്യപ്രകാശം നേരിട്ട് കണ്ണിലേല്‍ക്കുന്നത് തടയാന്‍ ഇത് സഹായിക്കും. അതുപോലെ കുട ഉപയോഗിക്കുന്നതും പതിവാക്കാം.

മൂന്ന്...

വേനല്‍ക്കാലങ്ങളില്‍ ആവശ്യമില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കാം. തലവേദനയുടെ പ്രശ്നമുള്ളവരാണെങ്കില്‍ പ്രത്യേകിച്ചും. വെയില്‍ അധികം കൊള്ളുന്നത് എപ്പോഴും തലവേദനയ്ക്കും ക്ഷീണത്തിനും സാധ്യത കൂട്ടുന്നു. 

നാല്...

ചിലപ്പോഴെങ്കിലും ഭക്ഷണകാര്യങ്ങളിലെ അശ്രദ്ധയും തലവേദനയ്ക്ക് കാരണമാകാം. ബാലന്‍സ്ഡ് ആയ, പോഷകങ്ങള്‍ അടങ്ങിയ ഡയറ്റ് പിന്തുടരുന്നതിലൂടെ തലവേദന ഒരു പരിധി വരെ പരിഹരിക്കാം. ജങ്ക് ഫുഡ്, പ്രോസസ്ഡ് ഫുഡ് എന്നിവ പരമാവധി വേനലില്‍ ഒഴിവാക്കാം. 

അഞ്ച്...

കഫീനേറ്റഡ് പാനീയങ്ങള്‍ ഒഴിവാക്കുന്നതും തലവേദന കുറയ്ക്കുന്നതിന് സഹായിക്കും. കോഫി, ടീ എന്നിവ ചൂടുള്ള അന്തരീക്ഷത്തില്‍ തലവേദന കൂട്ടിയേക്കാം. കഫീനേറ്റഡ് പാനീയങ്ങള്‍ ശരീരത്തിലെ ജലാംശം കുറയ്ക്കുന്നു. ഇത് ചൂടുള്ള കാലാവസ്ഥയില്‍ കൂടിയാകുമ്പോള്‍ ഇരട്ടി തിരിച്ചടിയുണ്ടാക്കുന്നു. 

ആറ്...

മാനസിക സമ്മര്‍ദ്ദവും മൈഗ്രേയ്നിലേക്ക് നയിക്കാം. ഇതൊഴിവാക്കാനായി വ്യായാമം, യോഗ പോലുള്ള കാര്യങ്ങളില്‍ പതിവായി ഏര്‍പ്പെടാം. 

Also Read:- രാത്രിയില്‍ എത്ര മണിക്കൂര്‍ ഉറങ്ങണം? ഉറക്കം കുറഞ്ഞാലോ!