കണ്ണൂർ: മൊബൈൽ ടവറിന്റെയോ, ഫോണുകളുടെയോ റേഡിയേഷൻ ക്യാൻസറിന് കാരണമാകില്ലെന്ന് വിദഗ്ധ ഡോക്ടർമാർ. ക്യാൻസർ ചികിത്സക്കായി അശാസ്ത്രീയ രീതികൾ പരീക്ഷിക്കരുതെന്നും ഇവര്‍ മുന്നറിയിപ്പ് നൽകി. കണ്ണൂരിൽ ഏഷ്യാനെറ്റ് ന്യൂസും തണൽ ചാരിറ്റബിൾ ട്രസ്റ്റും സംഘടിപ്പിച്ച ചലഞ്ച് ക്യാൻസർ പരിപാടിയിലാണ് ഡോക്ടർമാർ ക്യാൻസറിനെ സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്.

രോഗം നേരത്തെ തിരിച്ചറിയുകയും ആധുനിക ചികിത്സ ലഭ്യമാക്കുകയുമാണ് ക്യാൻസർ പ്രതിരോധത്തിൽ മുഖ്യം. സ്വന്തം ബന്ധുവിന്റെ അനുഭവം പറഞ്ഞ് രോഗലക്ഷണങ്ങളെ അവഗണിക്കരുതെന്ന സന്ദേശം നൽകിയായിരുന്നു കണ്ണൂർ എസ്പി പ്രതീഷ് കുമാറിന്റെ പ്രസംഗം. കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്ന പരിപാടിയിൽ വിദഗ്ധരും ക്യാൻസറിനെ അതിജീവിച്ചവരും പങ്കെടുത്തു.

എന്താണ് ക്യാൻസർ, എന്തൊക്കെയാണ് കാരണങ്ങൾ, ചികിത്സാരീതികൾ എന്ത് എന്നിവ സംബന്ധിച്ച് മലബാർ ക്യാൻസർ സെന്റിലെ വിദഗ്ധ ഡോക്ടർമാർ വിശദീകരിച്ചു. ചലഞ്ച് ക്യാൻസ‍ർ പരിപാടിയുടെ ലക്ഷ്യത്തെക്കുറിച്ച് മലബാർ ക്യാൻസർ സൊസൈറ്റി ചെയർമാൻ വ്യക്തമാക്കി. ക്യാൻസറിനെ കീഴടക്കിയ അനുഭവങ്ങൾ പങ്കുവച്ച് ക്യാൻസറിനെ അതിജീവിച്ചവരും പരിപാടിയിൽ പങ്കെടുത്തു. തണൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് പി എം ഷരീഫ് അധ്യക്ഷത വഹിച്ചു. വിദ്യാ‍ർഥികളുൾ ഉൾപ്പടെയുള്ളവരുടെ സംശയങ്ങൾക്ക് ഡോക്ടർമാർ മറുപടി നൽകി.