പ്രായമായവരിലാണ് കൊവിഡ് 19 കൂടുതല്‍ സങ്കീര്‍ണമാവുകയെന്ന് നമ്മള്‍ നേരത്തേ മനസിലാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ പ്രമേഹരോഗികളില്‍ കൊവിഡ് ഉണ്ടാക്കുന്ന അപകടസാധ്യതകളെ കുറിച്ചും നമ്മള്‍ കേട്ടറിഞ്ഞിട്ടുണ്ട്. രോഗം ബാധിച്ചവരില്‍ മരണസാധ്യത കൂടുതലുള്ളത് പോലും പ്രമേഹരോഗികളിലാണ് എന്നാണ് പല റിപ്പോര്‍ട്ടുകളും സ്ഥിരീകരിച്ചിട്ടുള്ളത്. 

ഇതോടൊപ്പം തന്നെ ഏറെ ആശങ്കപ്പെടുത്തുന്ന മറ്റൊരു വിവരമാണ് ചെന്നൈയില്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പങ്കുവയ്ക്കുന്നത്. രോഗം ഭേദമായവരില്‍ ആഴ്ചയില്‍ രണ്ട് പേര്‍ എന്ന കണക്കിലെങ്കിലും പുതുതായി പ്രമേഹം പിടിപെടുന്നുണ്ട് എന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

കൊവിഡിന് ശേഷം കാണപ്പെടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മാത്രമായി മാറ്റിവയ്ക്കപ്പെട്ടിട്ടുള്ള ചികിത്സാകേന്ദ്രങ്ങളിലെ ഡോക്ടര്‍മാരാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. 

'കൊവിഡ് 19 ബാധിച്ചവരില്‍ മരണനിരക്ക് കൂടുതലുള്ളത് പ്രമേഹരോഗികളുടെ ഇടയ്ക്കാണ്. ഇപ്പോള്‍ രോഗം ഭേദമായവരില്‍ പുതുതായി പ്രമേഹം പിടിപെടുന്ന സാഹചര്യം കൂടി കാണുമ്പോള്‍ കൊവിഡും പ്രമേഹവും തമ്മില്‍ വളരെ ശക്തമായ ബന്ധമാണ് ഉള്ളതെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. ഈ വിഷയത്തില്‍ തീര്‍ച്ചയായും കൂടുതല്‍ വിശദമായ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്...' കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ഉമാമഹേശ്വരി പറയുന്നു. 

നേരത്തേ തന്നെ പ്രമേഹമുള്ളവരാണെങ്കില്‍ കൊവിഡോട് കൂടി അവര്‍ ആകെ അവശരാകുന്ന അവസ്ഥയാണുള്ളതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പലരുടേയും ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാകുന്ന സാഹചര്യം വരെയുണ്ടായി എന്നും, പ്രമേഹരോഗികള്‍ കൊവിഡ് സാധ്യതകളെ പരമാവധി അകറ്റിനിര്‍ത്താന്‍ ആവശ്യമായ പ്രതിരോധരീതികളെല്ലാം പരിശീലിക്കണമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

Also Read:- കേരളത്തില്‍ കൊവിഡ് മൂലം ജീവൻ നഷ്ടപ്പെടുന്ന ആദ്യത്തെ ഡോക്ടർ തിരുവനന്തപുരത്ത്...