സ്വന്തം കുഞ്ഞിനെ അമ്മ കൊല്ലുന്ന സംഭവം ഇതാദ്യമല്ല നമ്മള്‍ കേള്‍ക്കുന്നത്. പ്രസവത്തിന് ശേഷം സ്ത്രീകളില്‍ പിടിപെടുന്ന 'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍' മൂലവും, മറ്റ് കുറ്റകൃത്യങ്ങളെ മറച്ചുപിടിക്കാനുമൊക്കെയായി മക്കളെ കൊന്ന എത്രയോ അമ്മമാരെ നമ്മള്‍ കണ്ടു.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വിചിത്രമാണ് രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഒരു സംഭവം. കോട്ടയിലെ സരസ്വതി കോളനിവാസിയായ മുപ്പത്തിയഞ്ചുകാരിയാണ് കേസിലെ പ്രതി. ഭര്‍ത്താവും അമ്മായിയമ്മയും കുഞ്ഞും അടങ്ങുന്ന കൊച്ചുകുടുംബം കഴിഞ്ഞിരുന്നത് ഒരു മൂന്നുനില വീട്ടിലായിരുന്നു. 

ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കാണാനില്ലെന്ന് അച്ഛന്‍ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ഉറങ്ങുകയായിരുന്ന യുവതിയേയും അമ്മയേയും വിളിച്ചുണര്‍ത്തി. മൂവരും കൂടി കുഞ്ഞിനെ തിരഞ്ഞുകൊണ്ട് വീട് മുഴുവന്‍ നടന്നു. ഒടുവില്‍ കുഞ്ഞിന്റെ മുത്തശ്ശിയാണ് വാട്ടര്‍ ടാങ്കില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ദുരൂഹത നിറഞ്ഞ സംഭവത്തിന് തുമ്പുണ്ടാക്കാന്‍ വൈകാതെ പൊലീസെത്തി. വീടിന് പുറത്തുള്ളവരാരും ഇത് ചെയ്യാനിടയില്ലെന്ന നിഗമനത്തിലാണ് വീട്ടിലുള്ളവരെ വിശദമായി ചോദ്യം ചെയ്തത്. ആദ്യമൊന്നും കുറ്റസമ്മതം നടത്താതിരുന്ന യുവതി പിന്നീട് കരഞ്ഞുകൊണ്ട് താനാണ് കുഞ്ഞിനെ കൊന്നതെന്ന് പൊലീസിനോട് ഏറ്റുപറഞ്ഞു. 

ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം ഉറങ്ങുകയായിരുന്ന താന്‍ ഇടയ്ക്ക് എഴുന്നേറ്റ് കുഞ്ഞിനെയെടുത്ത് രണ്ടാം നിലയില്‍ പോവുകയും അവിടെയുണ്ടായിരുന്ന വാട്ടര്‍ ടാങ്കിലേക്ക് കുഞ്ഞിനെയിട്ട ശേഷം, തിരിച്ച് മുറിയിലേക്ക് വന്ന് ഉറക്കം തുടരുകയായിരുന്നുവെന്നുമാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി. മൊഴിയില്‍ അവിശ്വസനീയതയില്ലെന്നും യുവതിയുടെ മാനസികനില പരിശോധിക്കണമെന്നുമാണ് ഇപ്പോള്‍ പൊലീസ് പറയുന്നത്. 

ഉറക്കത്തിനിടെയുള്ള കുറ്റകൃത്യങ്ങള്‍...

കേള്‍ക്കുമ്പോള്‍ ആദ്യം സൂചിപ്പിച്ചത് പോലെ വിചിത്രമെന്ന് തോന്നുന്ന കാര്യങ്ങളാണിത്. ഉറക്കത്തിനിടെ ഒരാള്‍ മറ്റൊരാളെ കുത്തുകയോ കൊലപ്പെടുത്തുകയോ ചെയ്യുക. ഇത്തരത്തിലുള്ള അവസ്ഥകള്‍ ഉണ്ടെന്ന് തന്നെയാണ് മനശാസ്ത്ര വിദഗ്ധര്‍ അവകാശപ്പെടുന്നത്. 'ഹോമിസൈഡല്‍ സ്ലീപ് വാക്കിംഗ്', അല്ലെങ്കില്‍ 'ഹോമിസൈഡല്‍ സോമ്‌നാംബുലിസം' എന്നെല്ലാമാണ് ഇത് അറിയപ്പെടുന്നത്. 

ലണ്ടനില്‍ നിന്ന് 2009ല്‍ സമാനമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉറക്കത്തിനിടെ തൊട്ടടുത്ത് കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ, ഭര്‍ത്താവ് കഴുത്തുഞെരിച്ചുകൊന്നുവെന്നതാണ് സംഭവം. ഈ കേസില്‍ ഭര്‍ത്താവിന്റെ മാനസികനിലയ്ക്ക് തകരാറുള്ളതായി തെളിയുകയും ചെയ്തിരുന്നു. 

മിക്കവാറും കുടുംബാംഗങ്ങള്‍ തന്നെയാണ് ഇതിന് ഇരകളാകുന്നതും. കൂട്ടത്തിലൊരാള്‍ക്ക് ഇത്തരം പ്രശ്‌നമുണ്ടെന്ന് കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ വീണ്ടും അപകടങ്ങള്‍ കൂടിക്കൊണ്ടിരിക്കും. കൊല നടത്തുന്നയാള്‍ ഇതെപ്പറ്റി ബോധ്യത്തിലല്ല എന്നതാണ് പിന്നെയും കുറ്റമാവര്‍ത്തിക്കാന്‍ കാരണമാകുന്നത്. നിരവധി കേസ് സ്റ്റഡികളും, സിനിമകളുമെല്ലാം ഈ വിഷയത്തെ ചുറ്റിപ്പറ്റി ഉണ്ടായിട്ടുണ്ട്. എന്നാല്‍ നമ്മുടെ രാജ്യത്ത് ഇങ്ങനെയുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വളരെ വിരളമായിട്ടാണ്. 

രാജസ്ഥാനിലെ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം ഇതുമായി ചേര്‍ത്തുവായിക്കാനാകുമോയെന്ന് ഇനിയും പറയാനായിട്ടില്ല. എങ്കിലും സാഹചര്യങ്ങളും മൊഴികളും മറ്റ് തെളിവുകളുമെല്ലാം ഈ പ്രശ്‌നത്തിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.