Pregnant Cyclist : നിറവയറോടെ സൈക്കിൾ ചവിട്ടി ആശുപത്രിയിലെത്തി, ഒരു മണിക്കൂറിനകം പ്രസവം; തരംഗമായി എംപി
ആശുപത്രിയിലേക്ക് വീട്ടിൽ നിന്ന് രണ്ടു മിനിട്ടു സൈക്കിൾ ചവിട്ടേണ്ട ദൂരമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അതുവരെ തുടർന്നു പോയിരുന്ന സൈക്കിൾ സവാരി അന്നും ചെയ്യാൻ തന്നെ ജൂലി തീരുമാനിക്കുന്നു.

തെരഞ്ഞടുപ്പ് പ്രചാരണ കാലത്തല്ലാതെ രാഷ്ട്രീയക്കാരെ സൈക്കിളിന്മേൽ (Cycling) കണ്ടു കിട്ടുക നമ്മുടെ നാട്ടിൽ പോലും പ്രയാസമാണ്. എന്നാൽ, അക്കാര്യത്തിൽ ചില അപൂർവമായ റെക്കോർഡുകൾ സൃഷ്ടിക്കുന്ന തിരക്കിലാണ് ന്യൂസിലൻഡിലെ എംപി (Member of Parliament) ജൂലി ആൻ ഗെന്റർ.
കഴിഞ്ഞ ഞായറാഴ്ച അവർ സൈക്കിളോടിച്ചു. അതിലെന്താണ് അത്ഭുതം എന്നാണോ? നിറഗർഭിണിയായിരിക്കെ, പ്രസവ വേദനയും(labor pain) തുടങ്ങിയ ശേഷമായിരുന്നു അവരുടെ ഈ സൈക്കിൾ സവാരി.
രാത്രി രണ്ടു മണിയോടെയാണ് ജൂലിക്ക് പ്രസവവേദന തുടങ്ങുന്നത്. ആശുപത്രിയിലേക്ക് വീട്ടിൽ നിന്ന് രണ്ടു മിനിട്ടു സൈക്കിൾ ചവിട്ടേണ്ട ദൂരമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അതുവരെ തുടർന്നു പോയിരുന്ന സൈക്കിൾ സവാരി അന്നും ചെയ്യാൻ തന്നെ ജൂലി തീരുമാനിക്കുന്നു. ആശുപത്രിയുടെ ലേബർ റൂമിന്റെ പുറത്ത് സൈക്കിൾ ചാരി വെച്ച ശേഷം ലേബർ റൂമിലേക്ക് നടന്നു കയറിയ അവർ ഏതാണ്ട് ഒരുമണിക്കൂർ നേരത്തിനകം, കൃത്യമായി പറഞ്ഞാൽ പുലർച്ചെ 3.04 ക്ക് പൂര്ണാരോഗ്യവതിയായ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഈ വിവരം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പരസ്യമാക്കിയതും ജൂലി നേരിട്ടായിരുന്നു. അമ്മയും കുഞ്ഞും സുഖം പ്രാപിച്ചു വരുന്നു എന്ന് അവർ തന്റെ പോസ്റ്റിലൂടെ അറിയിച്ചു.
ഇതിനു മുമ്പ് 2018 -ലെ തന്റെ ആദ്യ പ്രസവത്തിനും, ഇതുപോലെ സൈക്കിൾ ഓടിച്ച് ലേബർ റൂമിൽ ചെന്ന് ജൂലി ആൻ ജെന്റർ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു.