Asianet News MalayalamAsianet News Malayalam

കൊവിഡ് രോ​ഗികളിൽ പുകവലിക്കാര്‍ കുറവ്; നിക്കോട്ടിന്‍ വെെറസിനെ പ്രതിരോധിക്കുമോ, പുതിയ പഠനം പറയുന്നത്

രോഗികളിൽ അഞ്ച് ശതമാനം മാത്രമാണ് പുകവലിക്കാർ ഉണ്ടായിരുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. സഹീര്‍ അമോറ പറഞ്ഞു. ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തിലെ അധ്യാപകനാണ് ഇദ്ദേഹം. 

Nicotine Sticks To Cell Receptors, Blocks Coronavirus: Tests In France
Author
France, First Published Apr 24, 2020, 1:56 PM IST

പുകവലിക്കുന്നവരിൽ കൊറോണ വെെറസ് വളരെ പെട്ടെന്ന് പിടികൂട‌ുമെന്നാണ് ഇതുവരെ വന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ, അതിനെ തിരുത്തി മറ്റൊരു പഠനം പുറത്ത് വന്നിരിക്കുകയാണ്. പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ഫ്രാന്‍സിലെ ഒരു സംഘം ഗവേഷകരാണ് ഈ സാധ്യതയെക്കുറിച്ച് പഠനം നടത്തുന്നത്‌.

നിങ്ങള്‍ പുകവലിക്കുന്ന ആളാണോ; എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ...

പാരിസിലെ ഒരു പ്രമുഖ ആശുപത്രിയിലെത്തിയ 343 കൊവിഡ് രോ​ഗികളിൽ നടത്തിയ പഠനമാണ് വൈറസ് മനുഷ്യശരീരത്തിൽ പ്രവേശിക്കാതിരിക്കാൻ നിക്കോട്ടിൻ സഹായിക്കുമോയെന്ന സാധ്യതകളെക്കുറിച്ച് ഗവേഷകരെ ചിന്തിപ്പിച്ചത് . ഇതോടൊപ്പം രോഗലക്ഷണം കുറവായി പ്രകടിപ്പിച്ച 139 രോഗികളെയും നിരീക്ഷിച്ചിരുന്നു. ഇവരില്‍ പുകവലിക്കുന്നവര്‍ കുറവായിരുന്നു.

പുകവലിയും കൊവിഡും തമ്മിലുള്ള ബന്ധം...

ഫ്രാന്‍സില്‍ 35 ശതമാനം പേര്‍ പുകവലിക്കുന്നവരാണെങ്കിലും ആശുപത്രിയില്‍ നിരീക്ഷിച്ച രോഗികളിൽ അഞ്ച് ശതമാനം മാത്രമാണ് പുകവലിക്കാരായി ഉണ്ടായിരുന്നത്. ബാക്കി 95 ശതമാനം രോഗികളും പുകവലിക്കാത്തവരാണ്. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു പഠനം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. സഹീര്‍ അമോറ പറഞ്ഞു. ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തിലെ അധ്യാപകനാണ് ഇദ്ദേഹം.

ചൈനയിൽ രോഗം ബാധിച്ച 1,000 പേരിൽ 12.6 ശതമാനവും പുകവലിക്കാരാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്. ചൈനയിലെ സാധാരണ ജനസംഖ്യയിൽ സ്ഥിരമായി പുകവലിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്നും ''ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ '' പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

പുകവലിക്കുന്നത് മറവിരോഗത്തിന് കാരണമാകുമോ?..

കോശസ്തരത്തില്‍ പറ്റിപ്പിടിക്കുന്ന നിക്കോട്ടിന്‍ കോശങ്ങളിലേക്കുള്ള വൈറസ് പ്രവേശനവും അതു വഴി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള വൈറസ് വ്യാപനവും തടയുമെന്ന് പാസ്ചര്‍ ഇന്‍സ്റ്റിട്യൂട്ടിലെ ന്യൂറോ ബയോളജിസ്റ്റായ ജീന്‍ പിയര്‍ ഷാങ്ക്‌സ് പറഞ്ഞു. ജീന്‍ പഠനത്തിലെ പ്രധാന പങ്കാളിയായിരുന്നു.

എന്നാല്‍ നിക്കോട്ടിന്റെ ദോഷകരമായ ഫലങ്ങൾ നാം മറക്കരുതെന്നും അതിനാല്‍ ഇതിന്റെ ഉപയോഗം വര്‍ധിപ്പിച്ച് വൈറസിനെ പ്രതിരോധിക്കാന്‍ ശ്രമിക്കരുതെന്നും ഗവേഷകർ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഫ്രാൻസിൽ 75000ത്തിലധികം ആളുകളാണ് പ്രതിവർഷം പുകവലിയും അനുബന്ധമായി ഉണ്ടാകുന്ന ആരോ​ഗ്യ പ്രശ്നങ്ങളും മൂലം മരണപ്പെടുന്നത്. 

പുകവലി ആരോഗ്യത്തിന് മാത്രമല്ല ഹാനികരം; പിന്നെയോ?...

എന്നാൽ, പുകവലിക്കാര്‍ക്ക് കൊറോണ ബാധിക്കാന്‍ സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനവ്യക്തമാക്കിയിട്ടുണ്ട്. സിഗരറ്റ് വലിക്കുമ്പോള്‍ കൈ വായിലേക്ക് ഏറ്റവും കൂടുതല്‍ അടുത്തുനില്‍ക്കും. ഈ സാഹചര്യം കണക്കിലെടുത്താണ് സംഘടനയുടെ നിഗമനം. പുകവലിക്കാരുടെ ശ്വാസകോശത്തിനും പൊതുവെ ആരോഗ്യം കുറവായിരിക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.


 

Follow Us:
Download App:
  • android
  • ios