പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകാറുണ്ട്. nipah virus symptoms
പശ്ചിമ ബംഗാളിൽ നിപ രോഗബാധ പടരുന്നതായി റിപ്പോർട്ടുകൾ. നിലവിൽ രണ്ട് പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. കൂടുതൽ പേർക്ക് രോഗബാധ ഉണ്ടായേക്കാം എന്നാണ് സൂചന. സർക്കാർ സംസ്ഥാനതലത്തിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
ജനുവരി 11 ന് കല്യാണി എയിംസിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ സംശയാസ്പദമായ കേസുകൾ കണ്ടെത്തി. നിലവിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എന്താണ് നിപ വൈറസ്?
വവ്വാലുകളിൽ നിന്ന് പകരുന്ന ഒരു ജന്തുജന്യ വൈറസാണ് നിപ വൈറസ്. ഇത് മനുഷ്യരിലും മറ്റ് മൃഗങ്ങളിലും അണുബാധയ്ക്ക് കാരണമാകുന്നു, വളരെ ഉയർന്ന മരണനിരക്ക് ഉള്ള ഒരു രോഗമാണിത്. പന്നികളിലൂടെയും ആട്, കുതിര, നായ്ക്കൾ, പൂച്ചകൾ തുടങ്ങിയ മറ്റ് മൃഗങ്ങളിലൂടെയും ഇത് പടരും. രോഗബാധിതനായ ഒരു മൃഗത്തിന്റെ ശരീരസ്രവങ്ങളുമായി (രക്തം, മലം, മൂത്രം, ഉമിനീർ) ആളുകളോ മൃഗങ്ങളോ സമ്പർക്കം പുലർത്തുന്നത് രോഗ സാധ്യത കൂട്ടുന്നു.
അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കിൽ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.
ശരീരത്തിൽ രോഗം എത്തി കഴിഞ്ഞാൽ അഞ്ച് മുതൽ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങൾ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകാറുണ്ട്.
നിപ്പ വൈറസ് ബാധ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം പകരുന്ന സ്ഥലങ്ങളിലെ രോഗബാധിതരായ മൃഗങ്ങളുമായി സമ്പർക്കം ഒഴിവാക്കുക എന്നതാണ്. ശരീരസ്രവങ്ങളിലൂടെ വൈറസ് വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പടരുമെന്നതിനാൽ വൈറസ് ബാധിച്ച ആരെയെങ്കിലും സമീപത്ത് നിന്ന് ഒഴിവാക്കുകയോ മുൻകരുതലുകൾ എടുക്കുകയോ ചെയ്യുന്നതാണ് ഉചിതം.
നിപ വൈറസിന്റെ ലക്ഷണങ്ങൾ
കടുത്ത പനി
കടുത്ത തലവേദന
ശ്വാസംമുട്ടൽ
ചുമ
വയറിളക്കം
ഛർദ്ദി
പേശി വേദനയും കടുത്ത ബലഹീനതയും
അവ്യക്തമായ സംസാരം
ശ്വാസതടസ്സം
വൈറസ് ബാധയേറ്റ് നാല് മുതൽ 14 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ ആരംഭിക്കും. ആദ്യം പനിയോ തലവേദനയോ ഉണ്ടാകുകയും പിന്നീട് ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ശ്വസന പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നത് സാധാരണമാണ്.


