നിപ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പ്രചാരണങ്ങളും ഉയരുന്നുണ്ട്. അതിലൊന്ന് പഴങ്ങളില്‍ നിന്നാണ് നിപ മനുഷ്യരിലേക്ക് എത്തുന്നത് എന്നതായിരുന്നു. അതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ? ശരിക്കും പഴങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടോ?

വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്ന്  മനുഷ്യരിലേക്ക് രോഗം വരാനുളള സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പും ഡോക്ടര്‍മാരും വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ പക്ഷിമൃഗാദികളും വവ്വാലും  കടിച്ച പഴങ്ങള്‍ കഴിക്കാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശമുണ്ട്.  

വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത്, വവ്വാലുകളുളള സ്ഥലങ്ങളിലെ കള്ള് ഒഴിവാക്കുക, പകുതി കടിച്ചത്, കേടായ പഴങ്ങള്‍ തുടങ്ങിയ കഴിക്കരുത് എന്നും മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫി  പറയുന്നു.  എന്നാല്‍ മറ്റ് പഴങ്ങള്‍ നന്നായി തെലി കളഞ്ഞ് കഴിക്കാം. നിലത്ത് വീണുകിടക്കുന്ന പഴങ്ങളും കഴിക്കാതെ ഒഴിവാക്കണം. നന്നായി വൃത്തിയാക്കിയതിന് ശേഷം മാത്രമേ  പുറത്തുനിന്ന് വാങ്ങുന്ന പഴങ്ങളും കഴിക്കാവൂ. 

വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളെയും പൂച്ചകളെയും തൊടരുത് എന്ന തരത്തിലും പല പ്രചാരണങ്ങളും കേള്‍ക്കുന്നുണ്ട്. ഇവയ്ക്കെല്ലാം വൈറസ് വസിക്കാന്‍ സാധ്യതയുണ്ടെങ്കിലും നിപ പരത്തുന്നവയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.