ഇന്ന് ഓഗസ്റ്റ് ഒന്ന് - ലോക ശ്വാസകോശ ക്യാന്‍സര്‍ ദിനം (World Lung Cancer Day). ശ്വാസകോശത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല. എന്തെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ അതിന് സംഭവിച്ചാല്‍ രോഗം കണ്ടെത്താനും ചികിത്സിക്കാനും കുറച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടന പോലും പറയുന്നത്. 

തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍  ക്യാന്‍സറുകളില്‍ പലതും ലക്ഷണങ്ങള്‍ വച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തവയാണ്.  ചിലര്‍ രോഗ നിര്‍ണ്ണയം നടത്തുന്നതില്‍ പോലും പരാചയപ്പെടുന്നുണ്ട്. ശ്വാസകോശ ക്യാന്‍സര്‍ (ലങ് ക്യാന്‍സര്‍) അല്ലെങ്കില്‍ ശ്വാസകോശാര്‍ബുദത്തിന്‍റെ ചില ലക്ഷണങ്ങളും തെറ്റിദ്ധരിക്കപ്പെടാറുണ്ട്.  

ഏറ്റവും അപകടകരമായ അര്‍ബുദങ്ങളിലൊന്നാണ് ശ്വാസകോശത്തെ ബാധിക്കുന്ന ക്യാന്‍സര്‍. ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരിക്കലും ലക്ഷണങ്ങള്‍ ഒന്നും പ്രകടമാകണമെന്നില്ല.  പുകവലി തന്നെയാണ് ശ്വാസകോശാര്‍ബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനഘടകം. വായു മലിനീകരണവും ശ്വാസകോശ ക്യാന്‍സര്‍ സാധ്യത കൂട്ടുന്നുണ്ട്. ശ്വാസകോശ ക്യാന്‍സര്‍ ബാധിതരില്‍ 67 ശതമാനം പുരുഷന്മാരാണ്.

താഴെ പറയുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ വേണ്ട രീതിയിലുളള വൈദ്യ സഹായം തേടണം എന്നാണ്  ഡോക്ടര്‍മാര്‍ പറയുന്നത്. 

ശ്വാസകോശാര്‍ബുദത്തിന്റെ ചില  ലക്ഷണങ്ങൾ‌...

ഒന്ന്...

നിര്‍ത്താതെയുളള അതിഭയങ്കരമായ ചുമ നിസാരമായി കാണരുത്. അതും ചിലപ്പോള്‍ ശ്വാസകോശാര്‍ബുദത്തിന്‍റെയാവാം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.  

രണ്ട്...

ചുമയ്ക്കുമ്പോള്‍ രക്തം വരുന്നത് പ്രത്യേകം ശ്രദ്ധിക്കണം. തുപ്പുമ്പോള്‍ നിറവ്യത്യാസം ഉണ്ടെങ്കിലും പരിശോധന നടത്തണം. 

മൂന്ന്...

ശ്വസിക്കാനുളള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം.  ശ്വാസംമുട്ടല്‍ ഇല്ലാത്ത ഒരാള്‍ക്ക് പെട്ടെന്ന് ശ്വസിക്കാനുളള ബുദ്ധിമുട്ട് ഉണ്ടാവുമ്പോള്‍ അത് ശ്രദ്ധിക്കേണ്ടതാണ്. ചെറുതായിട്ട് ഒന്ന് നടക്കുമ്പോള്‍ പോലും ഉണ്ടാകുന്ന കിതപ്പ് പ്രത്യേകം ശ്രദ്ധിക്കണം. 

നാല്...

ശ്വാസതടസവും ചുമയും മൂലം നെഞ്ചുവേദന ഉണ്ടാകുന്നതും ശ്വാസകോശാര്‍ബുദത്തിന്‍റെ ഒരു ലക്ഷണമാകാം. 

അഞ്ച്...

ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരുന്നതും ശ്രദ്ധിക്കാതെ പോകരുത്. 

ആറ്...

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും പെട്ടെന്ന് ശരീരഭാരം കുറയുന്നതും ശ്രദ്ധിക്കണം. 

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി സ്വയം സ്ഥിരീകരിക്കരുത്.  ഈ ലക്ഷണങ്ങളുള്ളവര്‍ ഡോക്ടറെ ഉറപ്പായും കാണിക്കണം.

പ്രതിരോധം  

പുകവലി ഒഴിവാക്കുന്നതിലൂടെ മാത്രം നല്ലൊരു ശതമാനം ശ്വാസകോശ ക്യാന്‍സറുകളും നമുക്കു തടയാം. ഒപ്പം വായു മലിനീകരണം തടയാന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ വയ്ക്കുന്നതും ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതും ഏറെ ഗുണം ചെയ്യും.

Also Read: രോഗം ഭേദമായവരുടെ ശ്വാസകോശത്തില്‍ കൊറോണവൈറസ് ഒളിച്ചിരിക്കാമെന്ന് പഠനം...