ഒലിവ് ഓയിൽ ചർമ്മ സംരക്ഷണത്തിന് മാത്രമല്ല മുടിയുടെ ആരോ​ഗ്യത്തിനും വളരെ മികച്ചതാണെന്ന കാര്യം പലർക്കും അറിയില്ല. അകാലനര, താരൻ, മുട്ടി പൊട്ടി പോവുക എന്നിവ തടയുന്നതിന് ഒലിവ് ഓയിൽ മികച്ചൊരു പ്രതിവിധിയാണ്. ആഴ്ചയിൽ രണ്ട് ദിവസം ഒലിവ് ഓയിൽ ഉപയോ​ഗിച്ച് മുടി മസാജ് ചെയ്യുന്നത് മുടി ആരോ​ഗ്യമുള്ളതാക്കാൻ സഹായിക്കും.

 സൂര്യപ്രകാശം കൂടുതൽ നേരം കൊള്ളുന്നത് മുടി നരയ്ക്കുന്നതിന് കാരണമാകും. ഇത് നിങ്ങളുടെ തലയോട്ടി വരണ്ടതാക്കുന്നു. തലമുടിയിൽ ഒലിവ് ഓയിൽ പുരട്ടുന്നത് തലയോട്ടിയിൽ ജലാംശം നൽകുകയും ഈർപ്പം പിടിച്ചെടുക്കുകയും ചെയ്യും. ഇങ്ങനെയാണ് ഒലിവ് ഓയിൽ മുടിയെ സൂര്യതാപത്തിൽ നിന്ന് സംരക്ഷിക്കുന്നത്.

മുടിയുടെ നിറം മാറാതിരിക്കാൻ പിഎച്ച് നിലനിർത്തേണ്ടത് പ്രധാനമാണ്. തലയോട്ടിയിലും മുടിയിലും ഒലിവ് ‌ഓയിൽ പുരട്ടുന്നത് 'മെലാനിൻ' (Melanin)  ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇന്ന് മിക്കവരും കെമിക്കലുകൾ അടങ്ങിയ ​ഷാംപൂകളാണ് തലയിൽ പുരട്ടുന്നത്. ഇത് മുടിയുടെ നിറവും തിളക്കവും നഷ്ടപ്പെടുത്തുന്നതിന് കാരണമാകും.

ഒലിവ് ഓയിലിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി ശക്തമാക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. ഒലിവ് ഓയിൽ ഉപയോഗിച്ച് പതിവായി മുടി മസാജ് ചെയ്യുന്നത് മുടിയുടെ അറ്റം പൊട്ടുന്നത് തടയാൻ ഏറെ ​ഗുണം ചെയ്യുമെന്ന് ന്യൂട്രീഷനിസ്റ്റ് ശിൽ‌പ അറോറ പറയുന്നു.

 ഒലിവ് ഓയിൽ കേടുപാടുകളെ കുറയ്ക്കുകയും മുടി കൂടുതൽ ബലമുള്ളതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. മുടികൊഴിച്ചിൽ കുറയ്ക്കാനും മുടിയുടെ ആരോ​ഗ്യത്തിനും ഒലിവ് ഓയിൽ തലമുടിയിൽ പുരട്ടേണ്ട വിധമാണ് താഴേ പറയുന്നത്....

ഒന്ന്...

അര ടീസ്പൂൺ ഒലിവ് ഓയിലും അര ടീസ്പൂൺ തേനും ഒരു ടീസ്പൂൺ തെെരും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക.ശേഷം തലമുടിയിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളം ഉപയോ​ഗിച്ച് കഴുകി കളയുക.

രണ്ട്...

ഒരു ടീസ്പൂൺ ഒലിവ് ഓയിലും ഒരു മുട്ടയുടെ വെള്ളയും ചേർത്ത് തലമുടിയിൽ ഇടുന്നത് മുടിയ്ക്ക് തിളക്കം കിട്ടുന്നതിനൊപ്പം മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു. ആഴ്ചയിൽ രണ്ട് തവണ ഇത് പുരട്ടാവുന്നതാണ്.

തലമുടികൊഴിച്ചിലും താരനും അകറ്റാന്‍ കറ്റാർവാഴ ഈ അഞ്ച് രീതിയില്‍ ഉപയോഗിക്കാം...