ഇപ്പോള്‍ ഒമിക്രോണിനും ശേഷം ഒമിക്രോണിന്റെ ഉപവകഭേദമാണ് രോഗം കൂടുതലായി പരത്തുന്നത്. ബിഎ.2 എന്ന ഒമിക്രോണ്‍ ഉപവകഭേദം ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലുമെല്ലാം പടര്‍ന്നുകഴിഞ്ഞിട്ടുണ്ട്

കൊവിഡ് 19മായുള്ള ( Covid 19 ) നമ്മുടെ പോരാട്ടം ഇപ്പോഴും തുടരുകയാണ്. ഇതിനിടെ ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ ( Virus Mutants ) പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി വേഗതയില്‍ രോഗവ്യാപനം നടത്തുന്ന വൈറസ് വകഭേദങ്ങളാണ് പിന്നീട് വന്നത്. 

ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കുന്ന ഡെല്‍റ്റ വകഭേദം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ശക്തമായ കൊവിഡ് തരംഗം സൃഷ്ടിച്ചു. അതിന് ശേഷം ഡെല്‍റ്റയെക്കാള്‍ മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്തുന്ന ഒമിക്രോണ്‍ എന്ന വകഭേദവും വന്നു. 

എന്നാല്‍ ഡെല്‍റ്റയെ അപേക്ഷിച്ച് രോഗതീവ്രത ഒമിക്രോണില്‍ കുറവായിരുന്നു. വാക്‌സിന്‍ കൂടുതല്‍ പേരിലേക്ക് എത്തിയെന്നതും ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന രോഗികളുടെയും ജീവന്‍ നഷ്ടമാകുന്ന രോഗികളുടെയും എണ്ണം കുറയ്ക്കാന്‍ സഹായിച്ചു. 

ഇപ്പോള്‍ ഒമിക്രോണിനും ശേഷം ഒമിക്രോണിന്റെ ഉപവകഭേദമാണ് രോഗം കൂടുതലായി പരത്തുന്നത്. ബിഎ.2 എന്ന ഒമിക്രോണ്‍ ഉപവകഭേദം ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലുമെല്ലാം പടര്‍ന്നുകഴിഞ്ഞിട്ടുണ്ട്. 

ഒമിക്രോണില്‍ നിന്ന് അല്‍പം വ്യത്യസ്തമായ രീതിയില്‍ രോഗിയില്‍ പ്രവേശിച്ച ശേഷം വലിയ തോതില്‍ പെരുകുന്നു എന്നതാണ് ബിഎ.2 വൈറസ് വകഭേദത്തിന്റെ ഒരു പ്രത്യേകത. അതുപോലെ തന്നെ വാക്‌സിന്‍, ജൈവികമായ പ്രിതരോധ ശക്തി എന്നിവയെ എല്ലാം ഫലപ്രദമായി ചെറുത്തുതോല്‍പിക്കാനും ബിഎ.2വിന് മിടുക്ക് കൂടുതലാണ്.

ബിഎ.2 വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇതെക്കുറിച്ച് കൂടുതല്‍ വിശദമായ പഠനങ്ങളും നടന്നുവരികയാണ്. ഇതിനിടെ ഒമിക്രോണ്‍ ബാധിച്ചവരില്‍ ബിഎ.2 പിടിപെടില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങളും വരുന്നുണ്ട്. 

ഇതുമായി ബന്ധപ്പെട്ട് ഒരു പഠനം നടത്തിയിരിക്കുകയാണ് ഡെന്മാര്‍ക്കിലെ 'സ്റ്റേറ്റന്‍സ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്'ല്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍. ഒമിക്രോണ്‍ ബാധിച്ചവരിലും ബിഎ.2 പിടിപെടുമെന്നാണ് ഈ പഠനം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ അത്ര പെട്ടെന്നൊന്നും ഒമിക്രോണ്‍ വന്നുപോയവരില്‍ ബിഎ.2 കയറിപ്പറ്റില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. 

ഒമിക്രോണ്‍ ബാധയിലൂടെ നാം ആര്‍ജ്ജിക്കുന്ന ജൈവികമായ പ്രതിരോധശക്തി ബിഎ.2വിനെയും ഒരു പരിധി വരെ പ്രതിരോധിക്കും. ഒപ്പം വാക്‌സിന്‍ കൂടിയാകുമ്പോള്‍ ചെറുത്തുനില്‍പ് ശക്തമാകും. എന്നാല്‍ ഇത്തരത്തില്‍ നാം കൈവരിക്കുന്ന പ്രതിരോധശക്തിക്കെല്ലാം തന്നെ കാലാവധിയുണ്ടായിരിക്കുമെന്നും പഠനം ഓര്‍മ്മിപ്പിക്കുന്നുണ്ട്.

അതായത്, എന്നാണ് ഒമിക്രോണ്‍ ബാധയുണ്ടായത്, എപ്പോഴാണ് വാക്‌സിന്‍ സ്വീകരിച്ചത് എന്ന ഘടകങ്ങളെല്ലാം ഇതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ജൈവികമായി കൈവരിച്ച പ്രതിരോധമാണെങ്കിലും ദീര്‍ഘനാള്‍ ആകുമ്പോള്‍ അതിന്റെ ശക്തി കുറഞ്ഞുവരാം. 

2021 നവംബര്‍ മുതല്‍ 2022 ഫെബ്രുവരിയുള്ള കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലക്ഷക്കണക്കിന് കൊവിഡ് രോഗികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയിട്ടുള്ളത്. മറ്റ് പല പഠനറിപ്പോര്‍ട്ടുകളും പ്രകാരം, ഒമിക്രോണ്‍ ബാധയുണ്ടായാല്‍ മൂന്ന് മാസത്തിനെങ്കിലും വീണ്ടും കൊവിഡ് പൊസിറ്റീവ് ആകില്ല എന്നാണ്. ഇതിന് ശേഷം രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ പരിശോധിച്ചാല്‍ മതിയെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.

Also Read:- കൊവിഡ് നാലാം തരംഗം; ജൂണില്‍ സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്