World Heart Day : ഇന്ന് ലോകഹൃദയ ദിനം; യുവാക്കളില്‍ ഹാര്‍ട്ട് അറ്റാക്ക് കൂടുന്നതിന് പിന്നിലെ കാരണങ്ങള്‍...
ഒളിച്ചിരിക്കുന്ന, ഹൃദയസംബന്ധമായ പ്രശ്നങ്ങളോ രോഗങ്ങളോ ആണ് ഇത്തരം കേസുകളിലെല്ലാം വില്ലനാകുന്നത്. ഇതിനൊപ്പം തന്നെ ജീവിതരീതികളിലെ ചില അശ്രദ്ധകള്‍ കൂടിയാകുമ്പോഴാണ് അത് ജീവനെടുക്കും വിധത്തിലേക്ക് എത്തുന്നത്

ഇന്ന് സെപ്തംബര്‍ 29, ലോക ഹൃദയദിനമായി ആചരിക്കുന്ന ദിനമാണ്. ഹൃദയത്തിന്‍റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്‍റെയും, വര്‍ധിച്ചുവരുന്ന ഹൃദ്രോഗങ്ങളെ ചെറുക്കേണ്ടതിന്‍റെയും ആവശ്യകത ഏവരിലേക്കുമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷൻ' ലോക ഹൃദയദിനം കൊണ്ടുവന്നത്.
നിലവില്‍ ലോക ഹൃദയദിനത്തിന് വലിയ പ്രാധാന്യമാണുള്ളത്. മറ്റൊന്നുമല്ല ഹൃദ്രോഗങ്ങളുടെയും ഇതെത്തുടര്‍ന്നുള്ള മരണങ്ങളുടെയും കാര്യത്തില്‍ ലോകം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് അടുത്ത കാലങ്ങളിലായി നമ്മെ ഏറെ ആശങ്കപ്പെടുത്തുന്നത് യുവാക്കളില്‍ വര്‍ധിച്ചുവരുന്ന ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദാഘാതമാണ്.
സെലിബ്രിറ്റികളടക്കം അമ്പത് വയസിന് താഴെ മാത്രം പ്രായം വരുന്ന എത്ര പേരാണ് നമ്മുടെ ചുറ്റുപാടില്‍ നിന്ന് ഈ അടുത്ത വര്‍ഷങ്ങളില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് വിട പറഞ്ഞുപോയത്.
നാം ഏറെ ശ്രദ്ധ നല്‍കേണ്ട കരുതലോടെ എടുക്കേണ്ടൊരു വിഷയമാണിത് എന്നാണ് ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
നാല്‍പത് വയസിന് താഴെയുള്ളവരില്‍ ഹൃദയാഘാതവും അതെ തുടര്‍ന്നുള്ള മരണവും സംഭവിക്കുന്നത് അപൂര്‍വമായാണ് നേരത്തെ കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് സാഹചര്യങ്ങള്‍ മാറി. ഇരുപതുകളിലും മുപ്പതുകളിലും ഹൃദയാഘാതവും അതെത്തുടര്‍ന്നുള്ള മരണങ്ങളും സംഭവിക്കുന്നത് സാധാരണമായി ഇന്ന് മാറിയിരിക്കുന്നു.
ഒളിച്ചിരിക്കുന്ന, ഹൃദയസംബന്ധമായ പ്രശ്നങ്ങളോ രോഗങ്ങളോ ആണ് ഇത്തരം കേസുകളിലെല്ലാം വില്ലനാകുന്നത്. ഇതിനൊപ്പം തന്നെ ജീവിതരീതികളിലെ ചില അശ്രദ്ധകള്‍ കൂടിയാകുമ്പോഴാണ് അത് ജീവനെടുക്കും വിധത്തിലേക്ക് എത്തുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിക്കുന്നു.
ഹൃദ്രോഗങ്ങള്‍ വിളിച്ചുവരുത്തുംവിധത്തിലുള്ള ജീവിതരീതികള്‍ അല്ലെങ്കില്‍, നിത്യജീവിതത്തിലെ വിവിധ ഘടകങ്ങള്‍ ഏതെല്ലാമാണെന്ന് അറിയാം.
1- ചിട്ടയില്ലാത്ത ജീവിതരീതി
2- അമിത മദ്യപാനം
3- പുകവലി
4- അമിതവണ്ണം
5- സ്ട്രെസ്
6- ബിപി (രക്തസമ്മര്‍ദ്ദം)
7- പ്രമേഹം (ഷുഗര്‍)
ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങള്‍ ഹൃദയത്തിനുണ്ടെങ്കില്‍ തന്നെ അത് അപകടകരമായ രീതിയിലേക്ക് വളരാൻ ഇപ്പറഞ്ഞ ഘടകങ്ങള്‍ കാരണമായി വരികയാണ്. അതിനാല്‍ തന്നെ യുവതലമുറ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഇത്തരത്തിലുള്ള ജീവിതരീതികളാണെന്ന് ആരോഗ്യവിദഗ്ധര്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. അതുപോലെ, വര്‍ഷ്തതിലൊരിക്കലെങ്കിലും മെഡിക്കല്‍ ചെക്കപ്പിന് വിധേയമാകുന്നത് ഒളിച്ചിരിക്കുന്ന, ഹൃദയസംബന്ധമായ പ്രശ്നങ്ങളെ കണ്ടെത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
Also Read:- ലിഫ്റ്റിനെ ആശ്രയിക്കാതെ പടികള്‍ കയറുന്നത് കൊണ്ട് ആരോഗ്യത്തിന് ഗുണമുണ്ടോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-