രാജ്യത്തെ ഓരോ അഞ്ച് സ്ത്രീകളിൽ ഒരാൾക്ക് എന്ന നിലയിൽ ഏകദേശം 4.4 കോടി പേർ ഈ ഹോർമോൺ വ്യതിയാനത്തിന്റെ പിടിയിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കശ്മീർ പോലുള്ള മേഖലകളിൽ സ്ഥിതി കൂടുതൽ സങ്കീർണ്ണമാണ്. അവിടെയുള്ള സ്ത്രീകളിൽ 30 ശതമാനത്തോളം പേരും ഈ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. 

ഇന്ത്യയിലെ യുവതികൾക്കിടയിൽ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) ബാധിക്കുന്നവരുടെ എണ്ണം ഭയാനകമാംവിധം വർദ്ധിക്കുന്നതായി പഠനം. ലോകത്തിലെ തന്നെ ഏറ്റവും വലിയ മെഡിക്കൽ ജേണലുകളിൽ ഒന്നായ 'ജേണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ' (JAMA) പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഇന്ത്യയിൽ ഏകദേശം 4.4 കോടി സ്ത്രീകൾ നിലവിൽ പിസിഒഎസ് ബാധിതരാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. പ്രത്യുത്പാദന പ്രായത്തിലുള്ള യുവതികൾക്കിടയിൽ ഇത് കൂടുതലെന്ന് പഠനം.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ടാസ്ക് ഫോഴ്സിൻ്റെ നേതൃത്വത്തിൽ നടത്തിയ ഈ വിപുലമായ പഠനത്തിൽ ഇന്ത്യയിലെ യുവതികളിൽ 19.3 ശതമാനം പേർക്ക് പിസിഒഎസ് ഉണ്ടെന്ന് കണ്ടെത്തി. എന്നാൽ പ്രാദേശികമായ കണക്കുകൾ പരിശോധിക്കുമ്പോൾ കശ്മീരിൽ ഇത് 30 ശതമാനമാണ്. 2018 നവംബർ മുതൽ 2022 ജൂലൈ വരെ 18 നും 40 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ നടത്തിയ പഠനത്തിലുടെയാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.

എന്താണ് പിസിഒഎസ്?

അണ്ഡാശയങ്ങളിൽ ചെറിയ കുമിളകൾ അഥവാ സിസ്റ്റുകൾ നിറയുന്ന അവസ്ഥയാണിത്. ഇത് ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാവുകയും സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. ആർത്തവചക്രത്തിലെ മാറ്റം, അമിത രോമവളർച്ച, മുഖക്കുരു, മുടികൊഴിച്ചിൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പിസിഒഎസ് സ്ഥിരീകരിക്കപ്പെട്ടവരിൽ ഗണ്യമായ ഒരു വിഭാഗത്തിന് അമിതവണ്ണം, ഇൻസുലിൻ പ്രതിരോധം, ഫാറ്റി ലിവർ തുടങ്ങിയ പ്രശ്നങ്ങളുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. പഠനത്തിൽ പങ്കെടുത്തവരിൽ 32.9 ശതമാനം പേർക്ക് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസും 24.9 ശതമാനം പേർക്ക് മെറ്റബോളിക് സിൻഡ്രോമും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളിൽ താമസിക്കുന്നവരിലാണ് ഈ ആരോഗ്യപ്രശ്നം കൂടുതൽ വ്യാപകമായി കാണപ്പെടുന്നത്. മാറിയ ഭക്ഷണരീതിയും വ്യായാമക്കുറവും ഇതിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദഗ്ധർ പങ്കുവെച്ച അഭിപ്രായപ്രകാരം, പിസിഒഎസ് എന്നത് ഒറ്റപ്പെട്ട ഒരു രോഗമായി കാണാതെ ഒരു സാമൂഹിക ആരോഗ്യപ്രശ്നമായി കണ്ട് പ്രതിരോധിക്കണം. വന്ധ്യതയും മാനസിക സമ്മർദ്ദവും ഉൾപ്പെടെയുള്ള വെല്ലുവിളികൾ ഈ രോഗത്തോടൊപ്പം സ്ത്രീകൾ നേരിടുന്നുണ്ട്. കൃത്യസമയത്തുള്ള രോഗനിർണ്ണയവും ശരിയായ ചികിത്സയും വഴി മാത്രമേ ഇതിനെ പ്രതിരോധിക്കാനാകൂ എന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.