രക്തക്കുഴലുകളുടെ ആരോഗ്യം പൂർണ്ണമായും നമ്മൾ ദിവസേന തിരഞ്ഞെടുക്കുന്ന ശീലങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.

രക്തയോട്ടം എന്നത് നമ്മുടെ നിയന്ത്രണത്തിലല്ലാത്ത, ശരീരത്തിൽ തനിയെ നടക്കുന്ന ഒരു പ്രക്രിയയാണെന്നാണ് പലരും വിചാരിക്കുന്നത്. എന്നാൽ രക്തക്കുഴലുകളുടെ ആരോഗ്യം പൂർണ്ണമായും നമ്മൾ ദിവസേന തിരഞ്ഞെടുക്കുന്ന ശീലങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. എത്രത്തോളം നടക്കുന്നു, എത്രമാത്രം വെള്ളം കുടിക്കുന്നു, എന്തൊക്കെ കഴിക്കുന്നു, പുകവലിക്കാറുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം രക്തധമനികളുടെ ആരോഗ്യത്തെയും രക്തസമ്മർദ്ദത്തെയും ഹൃദയാരോഗ്യത്തെയും നേരിട്ട് സ്വാധീനിക്കുന്നു. മികച്ച രക്തയോട്ടത്തിനായി ദിവസവും ചെയ്യേണ്ട 5 കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1. കൃത്യമായ നടത്തം

പതിവായി നടക്കുന്നത് ശരീരത്തിലുടനീളമുള്ള രക്തയോട്ടം വർദ്ധിപ്പിക്കും. ഇത് രക്തക്കുഴലുകളുടെ ഭിത്തികളിൽ ഷിയർ സ്ട്രെസ് എന്ന ഗുണകരമായ ഒരു സമ്മർദ്ദം ഉണ്ടാക്കുന്നു. രക്തക്കുഴലുകളുടെ ഉള്ളിലെ അതിലോലമായ പാളിയായ എൻഡോതെലിയത്തിന്റെ ആരോഗ്യം നിലനിർത്താൻ ഇത് സഹായിക്കും. എൻഡോതെലിയം ആരോഗ്യത്തോടെയിരുന്നാൽ രക്തക്കുഴലുകൾക്ക് കൃത്യമായി വികസിക്കാനും, രക്തസമ്മർദ്ദം നിയന്ത്രിക്കാനും, നൈട്രിക് ഓക്സൈഡ് സിഗ്നലിംഗ് മെച്ചപ്പെടുത്താനും സാധിക്കും. ഇതെല്ലാം ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും ദീർഘകാല ആരോഗ്യത്തിന് ആവശ്യമാണ്.

2. ധാരാളം വെള്ളം കുടിക്കുക

നമ്മുടെ രക്തത്തിന്റെ ഒരു പ്രധാന ഭാഗം പ്ലാസ്മയാണ്, ഇതിൽ ഭൂരിഭാഗവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്. അതിനാൽ ശരീരത്തിൽ രക്തത്തിന്റെ അളവ് കൃത്യമായി നിലനിർത്താനും സുഗമമായ രക്തയോട്ടത്തിനും ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. കടുത്ത ചൂടുള്ളപ്പോഴോ, കഠിനമായ വ്യായാമം ചെയ്യുമ്പോഴോ, അസുഖമുള്ളപ്പോഴോ ശരീരത്തിൽ വെള്ളം കുറഞ്ഞാൽ അത് രക്തത്തിന്റെ അളവ് കുറയ്ക്കുകയും രക്തത്തിന്റെ കട്ടി കൂട്ടുകയും ചെയ്യും. ഇത് രക്തസമ്മർദ്ദത്തെ ബാധിക്കുകയും ഹൃദയത്തിന് കൂടുതൽ ആയാസം നൽകുകയും ചെയ്യും.

3. പുകവലിയും പൂർണ്ണമായി ഒഴിവാക്കുക

പുകവലിക്കുന്നതും ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുന്നതും രക്തയോട്ട വ്യവസ്ഥയ്ക്ക് കടുത്ത ആഘാതമുണ്ടാക്കുന്നു. പുകവലി ശരീരത്തിൽ ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം, എൻഡോതെലിയത്തിന് കേടുപാടുകൾ എന്നിവ ഉണ്ടാക്കുമ്പോൾ, വേപ്പിംഗ് രക്തക്കുഴലുകളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും വാസ്കുലാർ സ്ട്രെസിന് കാരണമാകുകയും ചെയ്യുന്നു. രക്തക്കുഴലുകളുടെ ഉൾപ്പാളിയെ സംരക്ഷിക്കുക എന്നതാണ് ദീർഘകാല ആരോഗ്യത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട പടി.

4. വ്യായാമങ്ങൾ ചെയ്യുക

മസിലുകൾക്ക് ബലം നൽകുന്ന വ്യായാമങ്ങൾ ശരീരത്തിലെ ഇൻസുലിൻ സെൻസിറ്റിവിറ്റിയും ഗ്ലൂക്കോസ് ഉപയോഗിക്കാനുള്ള ശേഷിയും വർദ്ധിപ്പിക്കുന്നു. ഇത് പേശികളുടെ ആരോഗ്യത്തിനും രക്തസമ്മർദ്ദ നിയന്ത്രണത്തിനും സഹായിക്കും. കൂടാതെ സ്ട്രെങ്ത് ട്രെയിനിംഗ് രക്തക്കുഴലുകളുടെ വികാസ ശേഷി മെച്ചപ്പെടുത്തുന്നതിലൂടെ എൻഡോതെലിയത്തിന്റെ പ്രവർത്തനം കൂടുതൽ സുഗമമാക്കുന്നു.

5. നൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ

ചീര, ബീറ്റ്‌റൂട്ട്, ലെറ്റൂസ് തുടങ്ങിയ പച്ചക്കറികൾ ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഈ പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന ഡയറ്ററി നൈട്രേറ്റുകളെ ശരീരം നൈട്രിക് ഓക്സൈഡ് എന്ന തന്മാത്രയായി മാറ്റുന്നു. ഈ തന്മാത്ര രക്തക്കുഴലുകളെ വികസിപ്പിക്കാനും റിലാക്സ് ചെയ്യിക്കാനും സഹായിക്കും. ഇത് വഴി ശരീരത്തിൽ സുഗമമായ രക്തയോട്ടം ഉറപ്പാക്കാൻ സാധിക്കുന്നു.