'ഒ' രക്തഗ്രൂപ്പുള്ള ആളുകൾക്ക് കൊവിഡ് പിടിപെടാനുള്ള സാധ്യത കുറവാണെന്ന് പുതിയ പഠനം. 'ബ്ലഡ് അഡ്വാൻസസ് ' ജേണലിൽ പ്രസിദ്ധീകരിച്ച രണ്ട് പഠനങ്ങളിലാണ് ഇതിനെ കുറിച്ച് പറയുന്നത്. മറ്റ് രക്തഗ്രൂപ്പുകാരുമായി താരതമ്യം ചെയ്യുമ്പോൾ 'ഒ' ബ്ലഡ് ഗ്രൂപ്പുക്കാർക്ക്​ കൊവിഡ് പിടിപെടാനുള്ള സാധ്യത കുറവാണെന്ന്​ ഗവേഷകര്‍ വ്യക്തമാക്കുന്നു.

ആദ്യ പഠനത്തിൽ, 2.2 ദശലക്ഷം വരുന്ന സാധാരണ ജനസംഖ്യയിൽ നിന്നും 4,73,000 കോവിഡ് -19 പോസിറ്റീവ് വ്യക്തികളുടെ വിവരങ്ങൾ ഡാനിഷ് ആരോഗ്യ രജിസ്ട്രി ഡാറ്റയിൽ നിന്നും ആദ്യ ടീം ശേഖരിച്ചു. 'ഒ' ഗ്രൂപ്പിൽപെട്ടവർക്ക് കൊവിഡ് പോസിറ്റീവ് ഫലങ്ങൾ കുറവാണെന്ന് കണ്ടെത്തി. അതേസമയം 'എ', 'എ.ബി.' ഗ്രൂപ്പിൽ ഉള്ളവർക്ക് രോഗബാധ കൂടുതലായി കാണപ്പെട്ടു. അതേസമയം ഈ മൂന്ന് ഗ്രൂപ്പുകളിലും അണുബാധയുടെ നിരക്ക് സമാനമായിരുന്നു.

ഈ വിഷയത്തില്‍ കൂടുതല്‍ പഠനം വേണമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നതെന്ന് 'ലൈവ്മിന്റ്' റിപ്പോർട്ട് ചെയ്യുന്നു. രണ്ടാമത്തെ പഠനത്തിൽ വാൻ‌കൂവിലെ ഒരു ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായ 95 കൊവിഡ് രോഗികളെ ഗവേഷകർ പരിശോധിച്ചു.

'ഒ', 'ബി' ഗ്രൂപ്പുകളിൽ ഉള്ളവരേക്കാൾ 'എ', 'എ.ബി.' രക്ത ഗ്രൂപ്പുകളിൽ ഉള്ളവർക്ക് കടുത്ത ലക്ഷണങ്ങളുണ്ടെന്ന് ​ഗവേഷകർ കണ്ടെത്തി. മാത്രമല്ല, ഈ രക്ത ഗ്രൂപ്പുകാര്‍ 'ഒ' ഗ്രൂപ്പുകാരെ അപേക്ഷിച്ച് കൂടുതല്‍ ദിവസം വെന്‍റിലേറ്ററില്‍ കഴിയേണ്ടിവന്നുവെന്നും പഠനത്തിലുണ്ട്.

കൂടാതെ എ, എ.ബി രക്തഗ്രൂപ്പുകാരിൽ വൃക്ക തകരാർ കണ്ടുവരുന്നതായും പഠനത്തിൽ പറയുന്നു. ഒരു ​രക്ത​ഗ്രൂപ്പിന് മാത്രമായി ഇത് എങ്ങനെ സംഭവിക്കുന്നു എന്നതിനെ കുറിച്ച് ഇനിയും കൂടുതൽ വിശദമായ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്ന് 'സതേൺ ഡെൻമാർക്ക് സർവകലാശാല' യിലെ ​ഗവേഷകൻ ടോർബെൻ ബാരിംഗ്ടൺ പറ‍ഞ്ഞു. 

കൊവിഡ് കാലത്ത് നിങ്ങള്‍ ഏറെ ശ്രദ്ധ നല്‍കേണ്ട വിഷയം; അറിയാം ചില 'ടിപ്‌സ്'