Asianet News MalayalamAsianet News Malayalam

ആർത്തവകാലത്തെ 'പ്രീമെൻസ്ട്രൽ സിൻഡ്രോം'; അറിയാം ചില കാര്യങ്ങൾ

ആര്‍ത്തവം ആരംഭിക്കുന്നതോടെ അപ്രത്യക്ഷമാകുന്ന ഈ ലക്ഷണങ്ങള്‍ ചിലരില്‍ ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കാമെന്ന് ബാംഗ്ലൂരിലെ ഫോർട്ടിസ് ലാ ഫെമ്മി ഹോസ്പിറ്റലിലെ സീനിയർ ഗൈനക്കോളജിസ്റ്റായ ഡോ. പ്രതിമ റെഡ്ഡി പറഞ്ഞു.

premenstrual syndrome symptoms and causes
Author
Bengaluru, First Published May 29, 2021, 9:58 AM IST

ആർത്തവം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ് സ്ത്രീകളില്‍ ദേഷ്യവും ഡിപ്രഷനും ഉണ്ടാകുന്നത് സാധാരണമാണ്. ഇതിനെയാണ് 'പ്രീമെൻസ്ട്രൽ സിൻഡ്രോം' അല്ലെങ്കിൽ 'പി‌എം‌എസ്' എന്ന് പറയുന്നത്.

ചില സ്ത്രീകളിൽ പിഎംഎസിന്റെ ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടാകാറില്ല. ആര്‍ത്തവം ആരംഭിക്കുന്നതോടെ അപ്രത്യക്ഷമാകുന്ന ഈ ലക്ഷണങ്ങള്‍ ചിലരില്‍ ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കാമെന്ന് ബാംഗ്ലൂരിലെ ഫോർട്ടിസ് ലാ ഫെമ്മി ഹോസ്പിറ്റലിലെ സീനിയർ ഗൈനക്കോളജിസ്റ്റായ ഡോ. പ്രതിമ റെഡ്ഡി പറഞ്ഞു.

ആർത്തവം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഉത്കണ്ഠ,ഏകാഗ്രത,ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങൾ സ്ത്രീകളിൽ പ്രകടമാകാറുണ്ട്. മറ്റ് ചിലർക്ക് ക്ഷീണം, അമിതവിശപ്പ് ,തലവേദന എന്നിവയും കണ്ട് വരാറുണ്ട്. ഏറ്റവും സാധാരണമായ പി‌എം‌എസ് ലക്ഷണങ്ങളിലൊന്നാണ് സ്തനങ്ങളിലെ വേദനയെന്ന് ഡോ. പ്രതിമ പറഞ്ഞു.

ആർത്തവം തുടങ്ങുന്നതിന് നാലോ അ‍ഞ്ചോ ദിവസം മുമ്പോ അല്ലെ​ങ്കിൽ ആർത്തവം തുടങ്ങി നാല് ദിവസം തുടച്ചയായോ ഈ പറഞ്ഞ ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടെങ്കിൽ നിങ്ങളെ പിഎംഎസ് എന്ന അവസ്ഥ അലട്ടുന്നുണ്ടെന്ന് കരുതാമെന്ന് ഡോ. പ്രതിമ പറഞ്ഞു.

ഈസ്ട്രജന്‍,പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകളുടെ നിലയില്‍ വരുന്ന വ്യത്യാസങ്ങളാണ് പിഎംഎസിന്റെ കാരണങ്ങളിലൊന്ന്. ഹോര്‍മോണ്‍ നിലയിലെ ഏറ്റക്കുറച്ചിലുകള്‍ മൂലം തലച്ചോറിലെ സെറാട്ടോണിന്‍ പോലെയുള്ള രാസപദാര്‍ഥങ്ങളുടെ അളവിലും വ്യത്യാസം വരാമെന്നും അവർ പറയുന്നു.

 

premenstrual syndrome symptoms and causes

 

അമിതവണ്ണം,വ്യായാമത്തിന്റെ അഭാവം, മാനസിക പിരിമുറുക്കം എന്നിവയൊക്കെ പിഎംഎസിലേക്ക് വഴിയൊരുക്കാമെന്നും ഡോ. പ്രതിമ റെഡ്ഡി പറഞ്ഞു.

ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരു പരിധിവരെ പിഎംഎസിന്റെ അസ്വസ്ഥതകള്‍ കുറഞ്ഞുകിട്ടും. മാനസികപിരിമുറുക്കം കുറയ്ക്കുന്നതും വ്യായാമം ചെയ്യുന്നതും ഗുണം ചെയ്യുമെന്നും അവർ പറഞ്ഞു.  പതിവായി എയറോബിക്ക് വ്യായാമം ചെയ്യുന്നത് പിഎംഎസ് ലക്ഷണങ്ങളെ കുറയ്ക്കുന്നതിന് സഹായിക്കും.

രക്തയോട്ടം വർദ്ധിപ്പിക്കാനും ശ്വാസകോശ പ്രവർത്തനവും വർദ്ധിപ്പിക്കുന്നതിന് പതിവായി നടത്തം, ഓട്ടം, സൈക്ലിംഗ്, നീന്തൽ എന്നിവ പരിശീലിക്കാവുന്നതാണെന്നും ഡോ. പ്രതിമ റെഡ്ഡി പറഞ്ഞു. രോഗലക്ഷണങ്ങൾ ഉള്ളപ്പോൾ മാത്രമല്ല, വ്യായാമം പതിവായി ചെയ്യുന്നത് ശീലമാക്കണമെന്നും അവർ പറയുന്നു.

ആഴ്ചയിൽ കുറഞ്ഞത് 30 മിനിറ്റ് 5-6 ദിവസമെങ്കിലും വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക. പിഎംഎസ് ലക്ഷണങ്ങൾ കുറയ്ക്കാൻ യോഗ, ധ്യാനം, മസാജ് തെറാപ്പി എന്നിവയെല്ലാം സഹായകരമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നതെന്നും അവർ പറഞ്ഞു.

'കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക. ഇത് പിഎംഎസ് ലക്ഷണങ്ങളും അമിത വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ഗോതമ്പ് വിഭവങ്ങൾ, ധാന്യങ്ങൾ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണങ്ങളിൽ  കാർബോഹൈഡ്രേറ്റ് കാണപ്പെടുന്നു. ബാർലി, ബ്രൗൺ റൈസ്, ബീൻസ്, പയറ് എന്നിവയാണ് മറ്റ് ഭക്ഷണങ്ങൾ. കാൽസ്യം അടങ്ങിയ ഭക്ഷണങ്ങളായ തൈര്, ഇലക്കറികൾ എന്നിവയും ധാരാളം കഴിക്കുക. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ, ഉപ്പ്, പഞ്ചസാര എന്നിവ കഴിക്കുന്നത് കുറയ്ക്കുക... ' - ഡോ. പ്രതിമ റെഡ്ഡി പറഞ്ഞു.

ഇന്ന് 'ലോക ആർത്തവ ശുചിത്വ ദിനം'; പിരീഡ്സ് ദിവസങ്ങളിൽ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios