റഷ്യയിലെ ഭരണ സിരാകേന്ദ്രമായ മോസ്‌കോ ക്രെംലിനിലെ ചിൽഡ്രൻസ് ഓംബുഡ്‌സ്‌വുമൺ ആണ് അന്ന കുസ്നെറ്റ്സോവ. കഴിഞ്ഞ വെള്ളിയാഴ്ച, തന്റെ ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകിയ വിവരം അന്ന സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടു. അവരെ ബന്ധുമിത്രാദികളിൽ പലരും അഭിനന്ദനങ്ങൾ കൊണ്ട് മൂടി. അക്കൂട്ടത്തിൽ ഒരു അഭിനന്ദന സന്ദേശം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനിൽ നിന്നായിരുന്നു. " എങ്ങനെയാണ് നിങ്ങൾ ഈ ഫോം നിലനിർത്തുന്നത്?" എന്ന് തന്റെ സന്ദേശത്തിൽ പുടിൻ അത്ഭുതം കൂറി. "ഒരുപാടു കുട്ടികളുള്ള വലിയ ഒരു കുടുംബത്തെ പോറ്റാൻ നിങ്ങൾ കാണിച്ച വിശാലമനസ്സിന് രാജ്യം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു " എന്നും പുടിൻ പറഞ്ഞു.  

പ്രസിഡന്റും, എണ്ണത്തിൽ കൂടുതൽ കുഞ്ഞുങ്ങളുള്ള കുടുംബങ്ങളും തമ്മിലുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് മുമ്പായിരുന്നു ഈ കുശലാന്വേഷണം നടന്നത്. റഷ്യയിൽ നിലവിലുള്ള നിയമങ്ങൾ പ്രകാരം കുഞ്ഞുങ്ങളുടെ എണ്ണം കൂടിയാൽ പല തരത്തിലുള്ള സർക്കാർ ആനുകൂല്യങ്ങളും ലഭിക്കും. രാജ്യത്തെ ജനസംഖ്യയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഉണ്ടായിട്ടുള്ള കുറവാണ് ഇങ്ങനെ ഒരു ഗവൺമെന്റ് നയത്തിന് പിന്നിലെ പ്രേരകശക്തി. സന്താനോത്പാദനത്തിൽ അസാമാന്യമായ പ്രകടനം കാഴ്ചവെക്കുന്ന ചില ദമ്പതികൾക്ക് സർക്കാർ മെഡലുകളും കിട്ടിയ ചരിത്രമുണ്ട് റഷ്യയിൽ. 

റഷ്യയിലെ ഓർത്തഡോക്സ് പള്ളികളിൽ ഒന്നിലെ പുരോഹിതന്റെ പത്നിയായ അന്ന രാജ്യത്തെ ശിശുക്ഷേമ പ്രവർത്തനങ്ങൾക്ക്  ചുക്കാൻ പിടിക്കുന്ന ആക്ടിവിസ്റ്റ് കൂടിയാണ്. ഗർഭച്ഛിദ്രത്തിന്റെ ഒരു സജീവ വിമർശകയാണ് അവർ. അടുത്തിടെ, അബോർഷൻ ക്ലിനിക്കുകൾക്ക് സർക്കാർ സഹായങ്ങൾ നൽകുന്നത് കുറയ്ക്കണം എന്നൊരു ശുപാർശയും അവർ ഗവൺമെന്റിന് നൽകിയിരുന്നു.