ഇന്ന് മെയ് 31, ലോക പുകയില വിരുദ്ധദിനമായി ആചരിക്കുന്ന ദിവസമാണ്. ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്നതിനായി ലോകാരോഗ്യ സംഘടന നേരിട്ട് ആഗോളതലത്തില്‍ കൈകാര്യം ചെയ്യുന്ന ചുരുക്കം വിഷയങ്ങളിലൊന്നാണ് ഇതും. അതിനായി 1987 മുതല്‍ തന്നെ എല്ലാ വര്‍ഷവും മെയ് 31 ലോക പുകയില വിരുദ്ധദിനമായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ആചരിക്കപ്പെടുന്നുണ്ട്

പുകവലി മാരകമായ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമെല്ലാം വഴിവയ്ക്കുന്നതായി നമുക്കറിയാം. ക്യാന്‍സര്‍ പോലുള്ള ഗൗരവതരമായ രോഗങ്ങളിലേക്ക് നമ്മെ എത്തിച്ചേക്കാവുന്ന മോശം ജീവിതശൈലികളില്‍ ഏറ്റവും സുപ്രധാനമാണ് പുകവലി. 

ഇന്ന് മെയ് 31, ലോക പുകയില വിരുദ്ധദിനമായി ആചരിക്കുന്ന ദിവസമാണ്. ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്നതിനായി ലോകാരോഗ്യ സംഘടന നേരിട്ട് ആഗോളതലത്തില്‍ കൈകാര്യം ചെയ്യുന്ന ചുരുക്കം വിഷയങ്ങളിലൊന്നാണ് ഇതും. അതിനായി 1987 മുതല്‍ തന്നെ എല്ലാ വര്‍ഷവും മെയ് 31 ലോക പുകയില വിരുദ്ധദിനമായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ആചരിക്കപ്പെടുന്നുണ്ട്. 

ഓരോ വര്‍ഷവും ഓരോ മുദ്രാവാക്യവുമായാണ് പുകയില വിരുദ്ധദിനം കടന്നുപോകാറ്. ഇക്കുറി 'പുകയില നിര്‍ത്തൂ, വിജയിക്കൂ' എന്ന മുദ്രാവാക്യമാണ് ഉയര്‍ത്തപ്പെടുന്നത്. പുകവലി അത്രമാത്രം ജീവിതത്തെ പതിയെ കാര്‍ന്നുതിന്നുമെന്നും എത്ര പ്രയത്‌നിച്ചാലും വിജയിക്കാനാകാതെ മടങ്ങേണ്ടി വരാന്‍ ഈ ദുശ്ശീലം കാരണമാകുമെന്നുമുള്ള സൂചനയാണ് ഈ മുദ്രാവാക്യം നല്‍കുന്നത്. 

ഇനി പുകവലിയെ കുറിച്ച് പറയുമ്പോള്‍ അത് നിര്‍ത്താനാകാതെ വിഷമത നേരിടുന്ന ലക്ഷക്കണക്കിന് മനുഷ്യരെ കുറിച്ച് പറയാതിരിക്കാനാകില്ല. പലപ്പോഴും കൃത്യമായൊരു മാര്‍ഗനിര്‍ദേശം ലഭിക്കാതിരിക്കുന്നത് മൂലമാണ് അധികപേര്‍ക്കും ഈ പതിവ് ഉപേക്ഷിക്കാനാകാത്തത്. ഒറ്റ രാത്രി കൊണ്ട് പുകവലി നിര്‍ത്തണമെന്ന് വരെ ഓരോ ദിവസവും ചിന്തിക്കുന്ന എത്രയോ പേര്‍ ഇക്കൂട്ടത്തില്‍ ഉണ്ടാകാം. 

എന്നാല്‍ സാമാന്യം നല്ല രീതിയില്‍ പുകവലിക്ക് അടിമയാക്കപ്പെട്ട ഒരാളെ സംബന്ധിച്ചിടത്തോളം ഒരു രാത്രി കൊണ്ടോ, ഒരു ദിവസം കൊണ്ടോ പുകവലി ഉപേക്ഷിക്കല്‍ സാധ്യമല്ല. ഇതിനായി കൃത്യമായ ഒരു പദ്ധതി നിങ്ങള്‍ തന്നെ തയ്യാറാക്കണം. ഈ പദ്ധതിയില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരും, പതിവായി കാണുന്നവരും, ഇടപെടുന്നവരും അടക്കം എല്ലാവരും ഉള്‍പ്പെടുന്നു. 

പതിയെ ശ്രമിക്കാം...

പുകവലി പതിയെ നിര്‍ത്തുന്നതാണ് ഉചിതം. അല്ലാത്ത പക്ഷം ആരോഗ്യപരമായ വെല്ലുവിളികള്‍ ('വിത്ത്‌ഡ്രോവല്‍ സിംപ്ടംസ്) നേരിടേണ്ട സാഹചര്യമുണ്ടാകും. ഇത് മദ്യപാനത്തിന്റെ കാര്യത്തിലും സമാനം തന്നെ. തലവേദന, ഉത്കണ്ഠ പോലെ പല പ്രശ്‌നങ്ങളും പുകവലി പെട്ടെന്ന് നിര്‍ത്താന്‍ ശ്രമിച്ചാല്‍ നേരിടേണ്ടി വരാം. ഒരുപക്ഷേ പൂര്‍വ്വാധികം ശക്തിയോടെ പഴയ ദുശ്ശീലത്തിലേക്ക് മടങ്ങിപ്പോകാനും ശ്രമിച്ചേക്കാം. അതിനാല്‍ പതിയെ അളവ് കുറച്ച് കൊണ്ടുവന്ന് നിര്‍ത്താന്‍ ശ്രമിക്കാം. 

സഹായം തേടാം...

ചിലര്‍ക്ക് സ്വന്തമായി മുന്‍കയ്യെടുത്ത് പുകവലി നിര്‍ത്താന്‍ സാധിക്കാതെ വരാം. അത്തരക്കാര്‍ക്ക് മനശാസ്ത്ര വിദഗ്ധരുടെ സഹായം തേടാവുന്നതാണ്. ഇതില്‍ ഏതെങ്കിലും വിധത്തിലുള്ള അപകര്‍ഷത തോന്നേണ്ട കാര്യമില്ല. വളരെ ആരോഗ്യപരമായ തീരുമാനമാണ് നിങ്ങളെടുക്കുന്നത് എന്ന് ഉറച്ചുവിശ്വസിക്കാം. 

പ്രിയപ്പെട്ടവര്‍ ചേര്‍ത്തുപിടിക്കട്ടെ...

പുകവലിയില്‍ നിന്ന് കര കയറാന്‍ പ്രിയപ്പെട്ടവരുടെ സഹായം കൂടിയേ തീരൂ. വീട്ടുകാര്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ എന്നിവരേയെല്ലാം ഈ യജ്ഞത്തില്‍ പങ്കാളികളാക്കാം. പുകവലി നിര്‍ത്താനാഗ്രഹിക്കുന്ന വിവരം അടുത്തിടപഴകുന്ന എല്ലാവരോടും അറിയിക്കണം. പിന്നീട് അതിലേക്ക് മടങ്ങാനുള്ള വഴി ആരും തുറന്നിടാതിരിക്കാനാണ് ഈ മുന്നൊരുക്കം. അഥവാ അത്തരത്തില്‍ ആരെങ്കിലും വീണ്ടും പുകവലിയിലേക്ക് തിരിച്ചെത്താന്‍ പ്രേരിപ്പിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ ആ ബന്ധം തന്നെ പുനപരിശോധിക്കേണ്ടതാണ്. 

ചുറ്റുപാടുകളെ തയ്യാറാക്കൂ...

പുകവലി നിര്‍ത്തുന്നവര്‍ വീട്, ഓഫീസ് തുടങ്ങി നിത്യവും ഇടപഴകുന്ന ഇടങ്ങളില്‍ പുകയില- പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവ സൂക്ഷിക്കരുത്. പരമാവധി കണ്‍മുന്നില്‍ ഇവ കാണാതിരിക്കാനുള്ള തയ്യാറെടുപ്പുകളും ആവാം. കാഴ്ച തന്നെ ഒരു വലിയ പ്രേരകമാണെന്ന് തിരിച്ചറിഞ്ഞ് നേരത്തേ ഇതിനെ തടയിടാം. 

'ബദല്‍' ഉത്പന്നങ്ങള്‍...

പുകവലി നിര്‍ത്തുന്നവര്‍ക്ക് സഹായകമായിട്ടുള്ള ചില ഉത്പന്നങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. പുകവലിക്കണമെന്ന് തോന്നുന്ന സമയങ്ങളില്‍ അതിന് 'ബദല്‍' ആയി ഉപയോഗിക്കാനാണ് ഈ ഉത്പന്നങ്ങള്‍. ആരോഗ്യകരമായ രീതിയില്‍ ഇവയെ ഉപയോഗപ്പെടുത്താം. 

Also Read:- ദേഹം മുഴുവന്‍ മഞ്ഞനിറമായി അറുപതുകാരന്‍; വില്ലനായത് കടുത്ത പുകവലി...

ജീവിതരീതികളില്‍ ശ്രദ്ധിക്കാന്‍...

പുകവലി നിര്‍ത്തുന്നവര്‍ മദ്യപിക്കുന്നവരാണെങ്കില്‍ ആ ശീലവും ഉപേക്ഷിക്കാന്‍ കഴിയുന്നതാണ് ഉചിതം. ഒരുപക്ഷേ അതിന് സാധിച്ചില്ലെങ്കില്‍ കൂടി സംഘമായി മദ്യപിക്കുന്ന വേദികള്‍, പാര്‍ട്ടികള്‍ എന്നിവിടങ്ങളില്‍ നിന്ന് അല്‍പനാളത്തേക്കെങ്കിലും അകലം പാലിച്ച് നില്‍ക്കാന്‍ ശ്രമിക്കണം. അല്ലാത്ത പക്ഷം പഴയ ശീലങ്ങളിലേക്ക് വീണ്ടും ശക്തമായി മടങ്ങാന്‍ ഇത് കാരണമായേക്കും. മോശം ശീലങ്ങളിലേക്ക് നയിക്കുന്നത് ആരായാലും അത് ഒരിക്കലും ആശാസ്യകരമായ പ്രവണതയല്ലെന്ന് തിരിച്ചറിയുക. നമ്മുടെ ആരോഗ്യത്തെ ഏറ്റവുമധികം മതിക്കേണ്ടത് നമ്മള്‍ തന്നെയാണെന്നും അതിനെ നിലനിര്‍ത്താന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്നും സ്വയം പറഞ്ഞ് ബോധ്യപ്പെടുത്തി, മുന്നോട്ടുപോവുക.

Also Read:- ഫാറ്റി ലിവറിനെ നിസാരമായി കാണേണ്ട, അറിയാം ചില കാര്യങ്ങൾ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona