Asianet News MalayalamAsianet News Malayalam

മൂത്രത്തിന്‍റെ നിറത്തിലുള്ള ഈ വ്യത്യാസങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക; ഇത് സൂചിപ്പിക്കുന്ന രോഗങ്ങള്‍...

ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല എങ്കില്‍ മൂത്രത്തിന് കടുംനിറം വരും. പക്ഷേ മൂത്രത്തിന് മറ്റ് നിറങ്ങളുടെ കലര്‍പ്പ് വരുന്നത് വെള്ളം കുറവായത് കൊണ്ടാകില്ല. ഇതിന് പിന്നില്‍ മറ്റ് കാരണങ്ങളും വരും. 

reasons behind that color change of urine like dark yellow or brown
Author
First Published Jan 13, 2024, 8:26 PM IST

സാധാരണഗതിയില്‍ നമ്മുടെ മൂത്രത്തിന് വരുന്ന നിറം ഇളം മഞ്ഞ നിറമാണ്. ഇടയ്ക്ക് ചിലപ്പോഴെങ്കിലും ഈ മഞ്ഞനിറം ഒന്ന് കടുത്തതായി തോന്നാറുണ്ട്, അല്ലേ? പ്രത്യേകിച്ച് രാവിലെ മൂത്രമൊഴിക്കുമ്പോഴോ ദീര്‍ഘസമയം മൂത്രമൊഴിക്കാതെ അതിന് ശേഷം മൂത്രമൊഴിക്കുമ്പോഴോ എല്ലാം ഇങ്ങനെ കാണാം. ഇത് മൂത്രം വല്ലാതെ കുറുകുന്നത് മൂലവും അതുപോലെ തന്നെ നമ്മള്‍ കുടിക്കുന്ന വെള്ളത്തില്‍ കുറവ് സംഭവിക്കുമ്പോഴുമാണ് ഉണ്ടാകുന്നത്. 

ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല എങ്കില്‍ മൂത്രത്തിന് കടുംനിറം വരും. പക്ഷേ മൂത്രത്തിന് മറ്റ് നിറങ്ങളുടെ കലര്‍പ്പ് വരുന്നത് വെള്ളം കുറവായത് കൊണ്ടാകില്ല. ഇതിന് പിന്നില്‍ മറ്റ് കാരണങ്ങളും വരും. 

ആദ്യമേ തന്നെ മൂത്രത്തില്‍ വന്നിട്ടുള്ള നിറവ്യത്യാസം മനസിലാക്കുകയാണ് വേണ്ടത്. എല്ലാ ദിവസവും മൂത്രത്തില്‍ വ്യത്യാസങ്ങള്‍ കാണുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കടുംമഞ്ഞ നിറമാണ് കാണുന്നതെങ്കില്‍ ആദ്യമേ തന്നെ കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടിനോക്കുക. വെള്ളം കുറഞ്ഞ് നിര്‍ജലീകരണം 'ഡീഹൈഡ്രേഷൻ' സംഭവിച്ചതിന്‍റെ ഭാഗമായാണ് കടുംമഞ്ഞ നിറം മൂത്രത്തിന് വന്നതെങ്കില്‍ അത് വെള്ളം കുടിക്കുന്നതിന്‍റെ അളവ് കൂട്ടുന്നതോടെ തന്നെ പരിഹരിക്കപ്പെടും. ഇങ്ങനെ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ വേഗം തന്നെ ആശുപത്രിയിലെത്തി വേണ്ട പരിശോധനയെടുക്കുകയും വേണം. 

ദിവസവും കാര്യമായ രീതിയില്‍ വര്‍ക്കൗട്ട് ചെയ്യുന്നവരും ശ്രദ്ധിക്കണം. കാരണം വര്‍ക്കൗട്ട് അമിതമായാല്‍ അതുണ്ടാക്കുന്ന പേശികളിലെ പ്രശ്നം മൂലവും മൂത്രത്തിന് കടുംമഞ്ഞ നിറം വരാം. ശരീരത്തില്‍ നിന്ന് കൂടുതല്‍ അവശിഷ്ടങ്ങള്‍ പുറന്തള്ളപ്പെടുന്ന സാഹചര്യമുണ്ടാകുന്നതിനാലാണിത്.

ഇനി കടുംമഞ്ഞ നിറത്തിന് പകരം ബ്രൗണ്‍, മറൂണ്‍, പിങ്ക് നിറമെല്ലാം ആണ് മൂത്രത്തില്‍ കാണുന്നതെങ്കില്‍ കൂടുതല്‍ കരുതലെടുക്കണം. കാരണം ഇത് പല രോഗങ്ങളെയും സൂചിപ്പിക്കുന്നതാണ്. 

ബ്രൗണ്‍, മറൂണ്‍ നിറത്തിലെല്ലാം മൂത്രം കാണപ്പെടുന്നത് അധികവും വൃക്കയ്ക്കോ കരളിനോ എല്ലാം പ്രശ്നങ്ങളുണ്ട് എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇങ്ങനെ മൂത്രത്തില്‍ നിറവ്യത്യാസം കാണുന്നതിനൊപ്പം അസാധാരണമായ തളര്‍ച്ച, തലകറക്കം, വായ വരണ്ടുണങ്ങുക, ഡ്രൈ സ്കിൻ, അമിതമായ ദാഹം, തലവേദന, മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ കൂടിയുണ്ടോയെന്ന് പരിശോധിക്കുക. ഇവയെല്ലാമുണ്ടെങ്കില്‍ കരള്‍- വൃക്ക പ്രശ്നങ്ങള്‍ക്കുള്ള സാധ്യത ഉറപ്പാകുന്നു. 

ചുവപ്പ് നിറം കലര്‍ന്നാണ് വരുന്നതെങ്കില്‍ അകത്ത് എവിടെയെങ്കിലും പരുക്ക് സംഭവിച്ചതിന്‍റെ ഭാഗമായോ, അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും രോഗങ്ങള്‍ മൂലം മൂത്രത്തില്‍ രക്തം കലരുന്നതിന്‍റെയോ ആകാം. ഇതും പരിശോധന വേണ്ട സാഹചര്യം തന്നെ.

ഹെപ്പറ്റൈറ്റിസ്, ലിവര്‍ സിറോസിസ്, മൂത്രത്തില്‍ കല്ല്, പിത്താശയത്തിലെ കല്ല്, വിവിധ ക്യാൻസര്‍ ( മൂത്രാശയം, വൃക്ക), മലേരിയ എന്നിങ്ങനെ പല രോഗങ്ങളുടെയും ഭാഗമായി മൂത്രത്തില്‍ നിറവ്യത്യാസം കാണാം. അതുപോലെ നമ്മള്‍ കഴിക്കുന്ന ചില മരുന്നുകളും ഇങ്ങനെ മൂത്രത്തിന് നിറംമാറ്റമുണ്ടാക്കാം. ഇതും ശ്രദ്ധിക്കേണ്ടതാണ്. 

എന്തായാലും മൂത്രത്തിന്‍റെ നിറംമാറ്റത്തിനൊപ്പം അകത്തെവിടെയെങ്കിലും എപ്പോഴും വേദന, അസാധാരണമായ തളര്‍ച്ച, പനി, ഓക്കാനം, നടുവേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ഏതെങ്കിലും കാണുന്നപക്ഷം വൈകാതെ തന്നെ ആശുപത്രിയിലെത്തി വേണ്ട പരിശോധന നടത്തുക. 

Also Read:- ന്യുമോണിയ കേസുകള്‍ വര്‍ധിക്കുന്നു; അറിയാം ന്യുമോണിയയുടെ ലക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios