വര്‍ക്കലയില്‍ മരണം സംഭവിച്ചപ്പോള്‍ തന്നെ വിഷയത്തില്‍ കര്‍ശന പരിശോധന നടത്താന്‍ ആരോഗ്യമന്ത്രി ഉത്തരവിട്ടിരുന്നു. പ്രതിരോധം ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാലിതാ ദിവസങ്ങളുടെ വ്യത്യാസത്തില്‍ തിരുവനന്തപുരത്ത് തന്നെ അടുത്ത ചെള്ള് പനി മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. 

ചെള്ള് പനിയെന്ന് കേട്ടിട്ടുണ്ടോ? ചെള്ള് പനി ( Scrub Typhus ) ബാധിച്ച് ദിവസങ്ങളുടെ വ്യത്യാസത്തില്‍ തിരുവനന്തപുരത്ത് രണ്ട് മരണമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പാറശ്ശാല സ്വദേശിയാണ് ഇന്ന് ചെള്ള് പനി മൂലം മരിച്ചത്. നേരത്തെ വര്‍ക്കലയില്‍ ഒരു പതിനഞ്ചുകാരിയും ചെള്ള് പനി ബാധിച്ച് മരിച്ചിരുന്നു. 

വര്‍ക്കലയില്‍ മരണം സംഭവിച്ചപ്പോള്‍ തന്നെ വിഷയത്തില്‍ കര്‍ശന പരിശോധന നടത്താന്‍ ആരോഗ്യമന്ത്രി ഉത്തരവിട്ടിരുന്നു. പ്രതിരോധം ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാലിതാ ദിവസങ്ങളുടെ വ്യത്യാസത്തില്‍ തിരുവനന്തപുരത്ത് തന്നെ അടുത്ത ചെള്ള് പനി മരണം ( Scrub Typhus death ) കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. 

ഇതിന് മുമ്പ് 2019ലാണ് ചെള്ള് പനി ബാധിച്ച് കേരളത്തില്‍ ഒരു മരണം ( Scrub Typhus death ) ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്നാണ് വാര്‍ത്തകളില്‍ നിന്ന് ലഭിക്കുന്ന സൂചന. കൊവിഡ് 19 പ്രതിസന്ധികള്‍ സൃഷ്ടിച്ച് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെള്ള് പനി അത്രതന്നെ ചര്‍ച്ചകളില്‍ വന്നിരുന്നില്ല. 2018ലും ചെള്ള് പനി ( Scrub Typhus ) കേസുകള്‍ വന്നിരുന്നു. എന്നാല്‍ മരണങ്ങള്‍ സംഭവിച്ചോയെന്നതില്‍ വ്യക്തതയില്ല. 2015ലാണെങ്കില്‍ ആയിരത്തിലധികം ചെള്ള് പനി കേസുകളാണ് കേരളത്തില്‍ വന്നത്. ആ വര്‍ഷം 15 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നാണ് ലഭ്യമായ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ഇപ്പോള്‍ സംസ്ഥാനത്ത് വീണ്ടും ചെള്ള് പനി ചെറിയ രീതിയില്‍ പടരുന്നതായാണ് സൂചന. വര്‍ക്കലയില്‍ മരിച്ച പതിനഞ്ചുകാരിയുടെ വീട്ടിലെ നായയ്ക്കും ചെള്ള് പനി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മനുഷ്യരില്‍ എത്ര കേസുകള്‍ വന്നു എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

എന്താണ് ചെള്ള് പനി? 

ബാക്ടീരിയ പടര്‍ത്തുന്നൊരു രോഗമാണിത്. 'ഒറിയെന്‍ഷ്യ സുസുഗാമുഷി' എന്ന് പേരുള്ള ബാക്ടീരിയയാണ് രോഗകാരി. സാധാരണഗതിയില്‍ എലി, അണ്ണാന്‍, മുയല്‍ പോലുള്ള ജീവികളിലാണ് ഈ ബാക്ടീരിയ അടങ്ങിയ ചെള്ളുകള്‍ കാണപ്പെടുന്നത്. ഈ മൃഗങ്ങളുമായി അടുത്തിടപഴകുന്നത് വഴി ചെള്ളിലൂടെയാണ് രോഗം മനുഷ്യരിലേക്ക് എത്തുന്നത്. 

ചെള്ള് മനുഷ്യരെ കടിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് രോഗകാരിയായ ബാക്ടീരിയ ശരീരത്തിലെത്തുന്നത്. രധാനമായും പനിയാണ് രോഗത്തിന്‍റെ ലക്ഷണം. അതുകൊണ്ടാണിതിനെ ചെള്ള് പനിയെന്ന് വിളിക്കുന്നതും. 

ചെള്ള് പനിയുടെ ലക്ഷണങ്ങള്‍...

ചെള്ള് കടിയേറ്റ്, രോഗകാരി ശരീരത്തിലെത്തി രണ്ടാഴ്ചയ്ക്കകം തന്നെ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഒന്നാമതായി കടിയേറ്റ ഭാഗത്തെ ഇരുണ്ട നിറമാണ് ലക്ഷണം. സാധാരണഗതിയില്‍ ഇത്തരത്തില്‍ ചെള്ള് കടിയേല്‍ക്കുക കാല്‍വണ്ണ, കക്ഷം, സ്വകാര്യഭാഗങ്ങള്‍, കഴുത്ത് എന്നിവിടങ്ങളില്‍ എല്ലാമാണ്. 

കടുത്ത പനി, വിറയല്‍, തലവേദന, ശരീരവേദന, കണ്ണ് കലങ്ങി ചുവന്ന നിറം പടരുക, നീര്‍ വന്നതുപോലെ കഴല- വേദന, ചുമ, ദഹനപ്രശ്നങ്ങള്‍ എന്നിവയാണ് ചെള്ള് പനിയുടെ ലക്ഷണങ്ങളായി വരിക. അസുഖം കൂടുതല്‍ ഗുരുതരമാണെങ്കില്‍ രക്തസ്രാവത്തിനും കാരണാമാകും. അതുപോലെ ഹൃദയം, തലച്ചോര്‍, ശ്വാസകോശം എന്നീ സുപ്രധാന അവയവങ്ങളെയെല്ലാം രോഗം ഗൗരവമായി ബാധിക്കാം. ഇതുമൂലം മരണവും സംഭവിക്കാം. 

രോഗം തിരിച്ചറിഞ്ഞ് ആദ്യം മുതല്‍ തന്നെ ചികിത്സ എടുത്തില്ലെങ്കിലാണ് ഗുരുതരമാകാനുള്ള സാധ്യതകളേറുന്നത്. അതുകൊണ്ട് തന്നെ രോഗലക്ഷണങ്ങള്‍ മനസിലാക്കി രോഗം എളുപ്പത്തില്‍ തന്നെ തിരിച്ചറിഞ്ഞ് എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കുക നിര്‍ബന്ധം. 

Also Read:- ഡെങ്കിപ്പനി ബാധിച്ച് രണ്ട് കുട്ടികളുടെ മരണം; ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍...