Asianet News MalayalamAsianet News Malayalam

35കാരിക്ക് ഇടുപ്പിൽ വേദന, വയനാട് മെഡിക്കല്‍ കോളേജിലെത്തി, പരിശോധനയിൽ ഗുരുതരമെന്ന് കണ്ടെത്തൽ; ശസ്ത്രക്രിയ വിജയം

സിക്കിള്‍ സെല്‍ രോഗിയ്ക്ക് ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

Sickle cell patient undergoes successful hip replacement surgery in Wayanad Medical College
Author
First Published Mar 17, 2024, 6:05 PM IST

വയനാട്: ജില്ലയില്‍ അരിവാള്‍ കോശ രോഗിയില്‍ (സിക്കിള്‍ സെല്‍) ആദ്യമായി ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി മാനന്തവാടി വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി. സിക്കിള്‍സെല്‍ രോഗിയായതിനാല്‍ അതീവ സൂക്ഷ്മതയോടെയാണ് ശസ്ത്രക്രിയ നടത്തിയത്. ഓര്‍ത്തോപീഡിക്സ് വിഭാഗത്തിന്റേയും മെഡിസിന്‍ വിഭാഗത്തിന്റെയും കൂട്ടായ പ്രയത്നത്തിലൂടെയാണ് ശസ്ത്രക്രിയ വിജയകരമാക്കിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 30നാണ് ഇടുപ്പ് വേദനയുമായി 35കാരിയായ രോഗി വയനാട് മെഡിക്കല്‍ കോളജിലെത്തുന്നത്. ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിലെ ഡോക്ടര്‍ രോഗിയെ പരിശോധിച്ച് അണുബാധയുടെ ഫലമായുണ്ടാകുന്ന ഓസ്റ്റിയോമൈലൈറ്റിസ് എന്ന അസുഖമാണെന്ന് കണ്ടെത്തി. സിക്കിള്‍സെല്‍ രോഗികളില്‍ കാണുന്ന അതീവ ഗുരുതരാവസ്ഥയാണിത്. തുടര്‍ പരിശോധനയില്‍ രക്തത്തിന്റെ സുഗമമായ ചംക്രമണം തടസപ്പെട്ടത് മൂലമുണ്ടാകുന്ന 'അവാസ്‌കുലാര്‍ നെക്രോസിസ്' കാരണമാണ് ഇതുണ്ടായതെന്ന് കണ്ടെത്തി. ഇടുപ്പ് മാറ്റിവയ്ക്കുക എന്നത് മാത്രമായിരുന്നു പോംവഴി. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ആദ്യഘട്ടത്തില്‍ ഇടതുഭാഗത്തെ ഇടുപ്പെല്ലിന്റെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു.

രോഗിയ്ക്ക് മികച്ച ചികിത്സയൊരുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ജനുവരി 18ന് വയനാട്ടില്‍ ആദ്യമായി സിക്കിള്‍ സെല്‍ രോഗിയില്‍ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. പിന്നീട് ഏകദേശം ഒരുമാസത്തിന് ശേഷം ഫെബ്രുവരി 15ന് വലതുഭാഗത്തും ശസ്ത്രക്രിയ നടത്തി. നിലവില്‍ രോഗിയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ഫിസിയോതെറാപ്പി നടത്തിവരുന്നുണ്ട്.

വീല്‍ച്ചെയറില്‍ ഇരുന്ന് യാത്ര ചെയ്യേണ്ട അവസ്ഥയില്‍ ആശുപത്രിയിലെത്തിയ രോഗി പരസഹായം ഇല്ലാതെ ചെറു ചുവടുകള്‍ വച്ച് നടക്കാന്‍ തുടങ്ങി. സിക്കിള്‍ സെല്‍ രോഗികള്‍ക്കുള്ള ഇടുപ്പെല്ലിന്റെ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ വയനാട് മെഡിക്കല്‍ കോളേജില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞത് ഏറെ നേട്ടമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍, സ്റ്റേറ്റ് ബ്ലഡ് സെല്‍ ഡിസീസ് നോഡല്‍ ഓഫീസര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ആശുപത്രി സുപ്രണ്ട് എന്നിവരുടെ ഏകോപനത്തില്‍ ഓര്‍ത്തോപീഡിക്‌സ്, മെഡിസിന്‍ വിഭാഗം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ മറ്റ് ജീവനക്കാര്‍ എന്നിവര്‍ ചികിത്സയില്‍ പങ്കാളികളായി.

60 വയസുള്ള രോഗിയുടെ വൃക്കയില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കിയത് 418 കല്ലുകള്‍

Follow Us:
Download App:
  • android
  • ios