Asianet News MalayalamAsianet News Malayalam

അപ്പെന്‍ഡിസൈറ്റിസ്; അറിയാതെ പോകരുത് ഈ ലക്ഷണങ്ങള്‍...

വന്‍കുടലിനോട് ചേര്‍ന്ന് കാണപ്പെടുന്ന അവയവമായ അപ്പന്‍ഡിക്സിനുണ്ടാകുന്ന രോഗമാണ് അപ്പന്‍ഡിസൈറ്റിസ്. അടിവയറ്റില്‍ ഉണ്ടാകുന്ന കഠിനമായ വേദനയാണ് അപ്പെന്‍ഡിസൈറ്റിസിന്‍റെ പ്രധാന ലക്ഷണം.

signs and symptoms of appendicitis
Author
Thiruvananthapuram, First Published Jul 13, 2019, 3:17 PM IST

വന്‍കുടലിനോട് ചേര്‍ന്ന് കാണപ്പെടുന്ന അവയവമായ അപ്പന്‍ഡിക്സിനുണ്ടാകുന്ന രോഗമാണ് അപ്പന്‍ഡിസൈറ്റിസ്. അടിവയറ്റില്‍ ഉണ്ടാകുന്ന കഠിനമായ വേദനയാണ് അപ്പെന്‍ഡിസൈറ്റിസിന്‍റെ പ്രധാന ലക്ഷണം എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫി പറയുന്നു. വേദനയൊടൊപ്പം മറ്റ് പല ലക്ഷണങ്ങളുമുണ്ടാകാം. ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. 

പ്രധാന ലക്ഷണങ്ങള്‍.. 

ആദ്യം പൊക്കിളിന് ചുറ്റും വേദന വരാം. പിന്നീട് അത് അടിവയറില്‍ നിന്ന് മുകളിലേക്ക് വ്യാപിക്കും. അടിവയറിൽ വലതുവശത്ത് താഴെയായി അമർത്തിയാൽ ശക്‌തിയായ വേദന ഉണ്ടാകും. വയറുവേദനയ്ക്ക് പുറുമെ മറ്റ് പല ലക്ഷണങ്ങളും ഉണ്ടാകാം.  ചര്‍ദ്ദി, ഓക്കാനം, പനി, വിശപ്പില്ലായ്മ, ക്ഷീണം, മലബന്ധം, മൂത്രമൊഴിക്കുമ്പോള്‍ വേദന എന്നിവയൊക്കെ അപ്പെന്‍ഡിസൈറ്റിസിന്‍റെ ലക്ഷണങ്ങളാണ്. 

രോഗനിർണയം.. 

ശാരീരിക പരിശോധന: വേദനയുള്ള ഭാഗത്ത് ഡോക്ടർ പതിയെ അമർത്തിനോക്കും. സമ്മർദ്ദം നൽകുമ്പോൾ വേദനയുണ്ടാകുന്നത് അടിവയറിന്‍റെ ഭിത്തിയിൽ ഉണ്ടാകുന്ന കോശജ്വലനത്തിന്‍റെ സൂചനയായിരിക്കും. ഇത് ചിലപ്പോൾ അപ്പെൻഡിസൈറ്റിസ് മൂലമുള്ളതാകാം.

മൂത്രപരിശോധന: വൃക്കകൾക്കും മൂത്രനാളിയിലും അണുബാധ ഇല്ലെന്ന് ഉറപ്പാക്കുന്നതിന് മൂത്രപരിശോധന നടത്താം.

രക്തപരിശോധന: അണുബാധ ഉണ്ടോ എന്ന് മനസ്സിലാക്കുന്നതിന് രക്ത പരിശോധന ചെയ്യാം.

ഇമേജിംഗ് പരിശോധനകൾ: അപ്പെൻഡിക്സിൽ കാൽസ്യം അടിഞ്ഞിട്ടുണ്ടോയെന്ന് മനസ്സിലാക്കുന്നതിനായി അടിവയറിന്‍റെ എക്സ്-റേ എടുക്കാം. മുഴകളോ മറ്റു സങ്കീർണതകളോ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനായി അൾട്രാസൗണ്ട് അല്ലെങ്കിൽ സിടി സ്കാൻ നടത്താം.

ചികിത്സ.. 

തുടക്കത്തിലെ കാണിച്ചാല്‍ മരുന്നുകളുടെ സഹായത്തോടെ രോഗം ഭേദമാകും. ചിലരില്‍ അപ്പെന്‍ഡെക്റ്റമി ശസ്ത്രക്രിയ വേണ്ടി വരും. 

പ്രതിരോധം.. 

അപ്പെൻഡിസൈറ്റിസിനെ പ്രതിരോധിക്കുന്നതിനായി പ്രത്യേക വഴികളൊന്നുമില്ല. അതേസമയം, സമീകൃത ആഹാരത്തിലൂടെയും കൃത്യസമയത്ത് ആഹാരം കഴിക്കുന്നതിലൂടെയും അപ്പെന്‍ഡിസൈറ്റിസ് ഒഴിവാക്കാന്‍ കഴിയും എന്നും ഡോ. സുല്‍ഫി  പറയുന്നു.  
 

Follow Us:
Download App:
  • android
  • ios