Asianet News MalayalamAsianet News Malayalam

ആത്മഹത്യകള്‍ കൂടുന്നു; വ്യക്തികളിലെ ആത്മഹത്യാപ്രവണത എങ്ങനെ തിരിച്ചറിയാം?

വ്യക്തികള്‍ മാനസികപ്രശ്നങ്ങള്‍ മൂലം ആത്മഹത്യയിലേക്ക് നീങ്ങുമ്പോള്‍ അവരില്‍ പ്രകടമായ ചില മാറ്റങ്ങള്‍ കാണാമെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ വിശദീകരിക്കുന്നത്. ഈ മാറ്റങ്ങള്‍ ചുറ്റുമുള്ളവര്‍ക്ക് മനസിലാക്കാനും അതിനെ കൈകാര്യം ചെയ്യാനും സാധിച്ചാല്‍ ഒരുപക്ഷെ വിലപ്പെട്ട ഒരു ജീവൻ സുരക്ഷിതമക്കാനായേക്കും. 

signs that indicates a person have suicide tendency
Author
First Published Oct 18, 2022, 3:56 PM IST

രാജ്യത്ത് അടുത്തിടെ ആത്മഹത്യാ കേസുകളില്‍ വലിയ വര്‍ധനവ് ആണുണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, കൗമാരക്കാര്‍ എന്നീ വിഭാഗങ്ങള്‍ക്കിടയിലെ ആത്മഹത്യകളാണ് ശ്രദ്ധേയമാം വിധം വര്‍ധനവ് കാണിക്കുന്നത്. 

ഇന്ത്യയില്‍ 2017 മുതലിങ്ങോട്ട് നോക്കിയാല്‍ 2021 ആയപ്പോഴേക്ക് ആത്മഹത്യകളില്‍ വലിയ വര്‍ധനാണുണ്ടായിരിക്കുന്നതെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ചൂണ്ടിക്കാട്ടുന്നു. മുപ്പതിന് താഴെയുള്ളവരും അറുപതിന് മുകളിലുള്ളവരുമാണത്രേ രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരില്‍ കൂടുതലും. ഇതും ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പൊതുവെ മാനസികാരോഗ്യകാര്യങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ. ലോകത്ത് തന്നെ ഏറ്റവുമധികം വിഷാദരോഗികളുള്ളൊരു രാജ്യം. ഇത്തരത്തിലുള്ള ഘടകങ്ങളെല്ലാം ആത്മഹത്യകള്‍ വര്‍ധിക്കുന്നതില്‍ ഭാഗവാക്കാകുന്നുണ്ട്. പലപ്പോഴും നമുക്ക് ഇടപെട്ട് ഒഴിവാക്കാവുന്ന സന്ദര്‍ഭങ്ങളും ഇതില്‍ വരാം. എന്നാലിത് സമയബന്ധിതമായി തിരിച്ചറിയാനാണ് പ്രയാസം. 

വ്യക്തികള്‍ മാനസികപ്രശ്നങ്ങള്‍ മൂലം ആത്മഹത്യയിലേക്ക് നീങ്ങുമ്പോള്‍ അവരില്‍ പ്രകടമായ ചില മാറ്റങ്ങള്‍ കാണാമെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ വിശദീകരിക്കുന്നത്. ഈ മാറ്റങ്ങള്‍ ചുറ്റുമുള്ളവര്‍ക്ക് മനസിലാക്കാനും അതിനെ കൈകാര്യം ചെയ്യാനും സാധിച്ചാല്‍ ഒരുപക്ഷെ വിലപ്പെട്ട ഒരു ജീവൻ സുരക്ഷിതമക്കാനായേക്കും. 

അത്തരത്തില്‍ വ്യക്തികളില്‍ ആത്മഹത്യാപ്രവണതയുണ്ടാകുമ്പോള്‍ കണ്ടേക്കാവുന്ന മാറ്റങ്ങള്‍, സ്വഭാവത്തിലെ വ്യതിയാനങ്ങള്‍ എന്നിവയാണിനി പങ്കുവയ്ക്കുന്നത്...

1. പെട്ടെന്ന് മാറിമറിയുന്ന മാനസികാവസ്ഥ. ഇത് വളരെ സങ്കീര്‍ണമായ അവസ്ഥയായി തോന്നാം. 

2. സാമൂഹികമായ ഉള്‍വലിയല്‍. സുഹൃത്തുക്കളില്‍ നിന്നോ മറ്റ് സോഷ്യല്‍ സര്‍ക്കിളുകളില്‍ നിന്നോ പൊതുപരിപാടികളില്‍ നിന്നോ സല്‍ക്കാരങ്ങളില്‍ നിന്നോ എല്ലാം മാറിനില്‍ക്കുന്ന സ്വഭാവം. ആദ്യം മുതലേ ഇങ്ങനെയുള്ള സ്വഭാവങ്ങളുള്ളവരുണ്ട്. എന്നാല്‍ വ്യക്തിയില്‍ പെടുന്നനെ ഈ മാറ്റങ്ങള്‍ കണ്ടാലാണ് ഏറെ ശ്രദ്ധിക്കേണ്ടത്. 

3. മരണത്തെ കുറിച്ചുള്ള സൂചനകള്‍. ആത്മഹത്യാപ്രവണതയുള്ള വ്യക്തികള്‍ അവരുടെ സംസാരത്തിലോ എഴുത്തിലോ എല്ലാം ഇതിന്‍റെ സൂചനകള്‍ നല്‍കാം. ഇത് അവര്‍ ബോധപൂര്‍വം ചെയ്യുന്നതാണെന്ന് കരുതരുത്. അവര്‍ പോലുമറിയാതെ ഈ സ്വാധീനം അവരില്‍ നിന്ന് പുറത്തേക്ക് വരുന്നതായിരിക്കും. 

4. ഏകാന്തതയെ കുറിച്ചോ നിസഹായതയെ കുറിച്ചോ മൂല്യമില്ലായ്മയെ കുറിച്ചോ എല്ലാം ഇവര്‍ സംസാരിച്ചേക്കാം. ഒറ്റപ്പെടുന്നതിലെ വേദന മാത്രമല്ല- അതിന്‍റെ പലവിധ അനുഭവങ്ങള്‍, നിസഹായമായ അസ്ഥകള്‍, ആരും തനിക്ക് പ്രാധാന്യമോ മൂല്യമോ നല്‍കാത്തതിലെ നിരാശ എല്ലാം ഇവരുടെ സംസാരങ്ങളില്‍ വന്നുപോകാം. 

5. ആത്മഹത്യാപ്രവണതയുള്ളവര്‍ ആത്മഹത്യ ചെയ്യാൻ വിവിധ മാര്‍ഗങ്ങളെ പറ്റി ആലോചിക്കും. ആയുധങ്ങള്‍ കരുതുക. ഗുളികകള്‍ ശേഖരിച്ചുവയ്ക്കുക. വിഷപദാര്‍ത്ഥങ്ങള്‍ കണ്ടെത്തി അത് സൂക്ഷിക്കുക. ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം വ്യക്തിയുടെ മാനസികനില അപകടത്തിലാണെന്ന സൂചനയാണ് നല്‍കുന്നത്. 

Also Read:- നടിയുടെ ആത്മഹത്യ; വെളിപ്പെടുത്തലുമായി സഹപ്രവര്‍ത്തകനും സുഹൃത്തുമായ നടൻ

Follow Us:
Download App:
  • android
  • ios