മുടിയുടെ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമുക്കറിയാം. എങ്ങനെയൊക്കെ ശ്രദ്ധിച്ചിട്ടും മുടികൊഴിച്ചിൽ കൂടുന്നതല്ലാതെ കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. മുടികൊഴിയുന്നതിന് ഏറ്റവും വലിയ വില്ലൻ താരനാണെന്ന് പറയാം. മുടികൊഴിച്ചിൽ അകറ്റാൻ ബ്യൂട്ടി പാർലറുകളിൽ പോയി സ്ഥിരമായി ഹെയർ പാക്കുകൾ ഉപയോ​ഗിക്കുന്നവരുണ്ട്. കെമിക്കൽ അടങ്ങിയ അത്തരം ഹെയർ പാക്കുകൾ പലതരത്തിലുള്ള ദോഷങ്ങളുണ്ടാക്കുമെന്ന് പലരും ചിന്തിക്കാറില്ല. മുടികൊഴിച്ചിൽ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് പൊടിക്കെെകൾ ഏതൊക്കെയാണെന്ന് നോക്കാം... 
 
ഒലീവ് ഓയിൽ...

മുടികൊഴിച്ചിൽ അകറ്റാൻ ഏറ്റവും മികച്ചതാണ് ഒലീവ് ഓയിൽ. ഒലീവ് ഓയിലും നാരങ്ങാനീരും ചേർത്ത് തലയിൽ പുരട്ടുന്നത് താരൻ അകറ്റാനും മുടി ബലമുള്ളതാക്കാനും സഹായിക്കുന്നു. ഇരുപതു മിനിറ്റിനു ശേഷം കഴുകിക്കളയാം. ആഴ്ച്ചയിൽ രണ്ടോ മൂന്നോ തവണ ഇത് പുരട്ടാം. 

മുട്ടയുടെ വെള്ള....

മുടി ആരോ​ഗ്യമുള്ളതാക്കാൻ ഏറ്റവും മികച്ചതാണ് മുട്ടയുടെ വെള്ള. പ്രോട്ടീൻ ധാരാളം അടങ്ങിയ മുട്ട മുടിയ്ക്ക് നല്ലൊരു ഹെയർ പാക്കാണെന്ന് പറയാം. ആഴ്ച്ചയിൽ രണ്ട് തവണ മുട്ടയുടെ വെള്ള, വെളിച്ചെണ്ണ എന്നിവ ചേർത്ത് തലയിൽ പുരട്ടുന്നത് മുടി തഴച്ച് വളരാൻ സഹായിക്കും. 

തൈര്...

പ്രോബയോട്ടിക്സ് ധാരാളമായി അടങ്ങിയിട്ടുള്ള തൈര് മുടിവളർച്ചയെ പരിപോഷിപ്പിക്കുന്നതിനൊപ്പം നല്ലൊരു കണ്ടീഷണർ കൂടിയാണ്. അരക്കപ്പ് തൈര് മുടിയിൽ നന്നായി തേച്ചുപിടിപ്പിച്ച് മുടി ഒരു ടവൽ ഉപയോഗിച്ചു പൊതിഞ്ഞു വയ്ക്കുക. പതിനഞ്ചു മിനിറ്റിനുശേഷം കഴുകിക്കളയാം.