ചർമ്മ രോഗങ്ങൾ, ഡെങ്കിപ്പനി, മലേറിയ, ഇൻഫ്ലുവൻസ തുടങ്ങിയവയാണ് ഈ സമയത്ത് സാധാരണയായി കണ്ടുവരുന്നത്. പല രോഗങ്ങളും ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ മാത്രമാണ് നമ്മൾ തിരിച്ചറിയാറുള്ളത്.
ചൂടിൽ നിന്നുള്ള ആശ്വാസത്തോടൊപ്പം മഴക്കാലത്ത് പകർച്ചവ്യാധികളുടെ ഭീഷണിയും ഉയരുകയാണ്. അന്തരീക്ഷത്തിലെ താപനിലയും ഈർപ്പവും രോഗാണുക്കൾക്ക് വളരാൻ ഏറ്റവും അനുകൂലമായ സാഹചര്യം ഒരുക്കുന്നതാണ് ഇതിന് കാരണം. ചർമ്മ രോഗങ്ങൾ, ഡെങ്കിപ്പനി, മലേറിയ, ഇൻഫ്ലുവൻസ തുടങ്ങിയവയാണ് ഈ സമയത്ത് സാധാരണയായി കണ്ടുവരുന്നത്. പല രോഗങ്ങളും ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ മാത്രമാണ് നമ്മൾ തിരിച്ചറിയാറുള്ളത്. എന്നാൽ കൃത്യമായ ശുചിത്വ ശീലങ്ങളിലൂടെയും മുൻകരുതലുകളിലൂടെയും നമുക്ക് ഈ രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കും. മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ട അഞ്ച് രോഗങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
കൊതുക് പരത്തുന്ന രോഗങ്ങൾ
മഴക്കാലത്ത് കൊതുകുകൾ പെരുകുന്നത് വഴി മലേറിയ, ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
- മലേറിയ: അനോഫിലസ് കൊതുകുകളാണ് ഇവ പരത്തുന്നത്. കടുത്ത പനി, ശരീരവേദന, വിറയൽ, അമിതമായി വിയർക്കുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത് കണ്ടാൽ ഉടൻ തന്നെ രക്തപരിശോധന നടത്തേണ്ടതാണ്.
2. ഡെങ്കിപ്പനി: ഈഡിസ് ഈജിപ്തി കൊതുകുകളുടെ കടിയേൽക്കുന്നതിലൂടെയാണ് ഡെങ്കിപ്പനി പടരുന്നത്. പനി, ചർമ്മത്തിൽ ചുവന്ന തടിപ്പുകൾ, കടുത്ത തലവേദന, പ്ലേറ്റ്ലെറ്റ് കൗണ്ട് താഴുന്നത് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. കൃത്യമായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ഇത് മരണത്തിന് വരെ കാരണമായേക്കാം.
3. ചിക്കൻഗുനിയ: മഴക്കാലത്ത് വളരെ വേഗത്തിൽ പടരുന്ന ഒന്നാണിത്. എയ്ഡസ് ആൽബോപിക്റ്റസ് അഥവാ ടൈഗർ കൊതുകുകളാണ് രോഗവാഹകർ. കടുത്ത സന്ധിവേദന, കടുത്ത ക്ഷീണം, വിറയൽ, പനി എന്നിവയാണ് രോഗലക്ഷണങ്ങൾ.
വായുവിലൂടെ പകരുന്ന രോഗങ്ങൾ
മഴക്കാലത്തെ പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനം മൂലം വായുവിലൂടെ പകരുന്ന അണുബാധകൾ വർദ്ധിക്കാറുണ്ട്. പ്രതിരോധശേഷി കുറഞ്ഞ കുട്ടികളെയും മുതിർന്നവരെയുമാണ് ഇത് ബാധിക്കാൻ കൂടുതൽ സാധ്യത.
- ജലദോഷവും പനിയും: അന്തരീക്ഷ താപനിലയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം.
2. ഇൻഫ്ലുവൻസ: മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണിത്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഇത് വളരെ വേഗത്തിൽ പടരുന്നു.
ജലജന്യ രോഗങ്ങൾ
മലിനജലത്തിലൂടെയും ശുചിത്വമില്ലായ്മയിലൂടെയും പകരുന്ന രോഗങ്ങൾ ഈ സമയത്ത് വ്യാപകമാണ്. ഓടകളിലെയും റോഡിലെ കുഴികളിലെയും മലിനജലം കുടിവെള്ള സ്രോതസ്സുകളിൽ കലരുന്നതാണ് പ്രധാന കാരണം.
- ടൈഫോയ്ഡ്: മലിനമായ ആഹാരത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ടൈഫോയ്ഡ് പനി പടരുന്നത്.
2. കോളറ: വിബ്രിയോ കോളറെ എന്ന ബാക്ടീരിയ അടങ്ങിയ മലിനജലത്തിലൂടെയാണ് ഈ രോഗമുണ്ടാകുന്നത്.
3. എലിപ്പനി: കെട്ടിക്കിടക്കുന്ന മലിനജലത്തിലൂടെ നടക്കുമ്പോൾ മൃഗങ്ങളുടെ മൂത്രം വഴി ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചാണ് എലിപ്പനി ഉണ്ടാകുന്നത്. പേശി വേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിൽ ചുവന്ന തടിപ്പുകൾ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
4. മഞ്ഞപ്പിത്തം: മലിനമായ വെള്ളവും ഭക്ഷണവും വഴിയും മോശം ശുചിത്വ സാഹചര്യങ്ങൾ കാരണവും മഞ്ഞപ്പിത്തം ഉണ്ടാകാം. ഇത് കരൾ സ്തംഭനത്തിന് വരെ കാരണമായേക്കാം. കണ്ണ്, മൂത്രം എന്നിവയിലെ മഞ്ഞനിറം, ഛർദ്ദി എന്നിവയാണ് ലക്ഷണങ്ങൾ.
5. ഹെപ്പറ്റൈറ്റിസ് എ: മലിനമായ ആഹാരം, വെള്ളം എന്നിവയിലൂടെ പകരുന്ന ഈ രോഗത്തിന് പനി, ഛർദ്ദി, ചർമ്മത്തിലെ തടിപ്പുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
വൈറൽ ഇൻഫെക്ഷനുകൾ
മഴക്കാലത്ത് വൈറൽ, ഫംഗൽ, ബാക്ടീരിയൽ ഇൻഫെക്ഷനുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കാം. ദഹനസംബന്ധമായ പ്രശ്നങ്ങളും കാൽപാദങ്ങളെ ബാധിക്കുന്ന ഫംഗസ് ബാധകളും ഈ സമയത്ത് വ്യാപകമായി കണ്ടുവരുന്നു.
ന്യുമോണിയ
മഴക്കാലത്ത് വായുവിലുള്ള ബാക്ടീരിയകളും വൈറസുകളും വഴി ന്യുമോണിയ വരാനുള്ള സാധ്യതയുമുണ്ട്. ഇത് ശ്വാസകോശത്തിലെ വായു അറകളിൽ നീർക്കെട്ടും ദ്രാവകവും നിറയാൻ കാരണമാകുന്നു. നവജാതശിശുക്കൾ, കുട്ടികൾ, പ്രായമായവർ തുടങ്ങിയവർക്ക് ഇത് കൂടുതൽ അപകടകരമാണ്. പനി, വിറയൽ, കടുത്ത ക്ഷീണം, നെഞ്ചുവേദന, വേഗതയിലുള്ള ശ്വാസമെടുക്കൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ശ്രദ്ധിക്കേണ്ടത്
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ആഹാരം എപ്പോഴും അടച്ചു സൂക്ഷിക്കുക. പുറത്തുപോകുമ്പോൾ കൊതുക് നശീകരണ ലായനികളോ ക്രീമുകളോ ഉപയോഗിക്കുക. പനിയോ മറ്റ് ലക്ഷണങ്ങളോ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറെ സമീപിക്കുക.


