സാധാരണയായി ഉണ്ടാകാറുള്ള ദഹനപ്രശ്നങ്ങൾക്ക് സമാനമായ ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ പലപ്പോഴും ആദ്യഘട്ടത്തിൽ ഇത് തിരിച്ചറിയാൻ വൈകാറുണ്ട്.
ഇന്ന് ഏറ്റവും കൂടുതൽ കണ്ടുവരുന്ന ക്യാൻസറുകളിൽ അഞ്ചാം സ്ഥാനത്താണ് വയറിലെ ക്യാൻസർ. സാധാരണയായി ഉണ്ടാകാറുള്ള ദഹനപ്രശ്നങ്ങൾക്ക് സമാനമായ ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ പലപ്പോഴും ആദ്യഘട്ടത്തിൽ ഇത് തിരിച്ചറിയാൻ വൈകാറുണ്ട്. എന്നാൽ ഈ ലക്ഷണങ്ങളെക്കുറിച്ച് നേരത്തെ ബോധവാന്മാരാകുന്നത് രോഗത്തെ തുടക്കത്തിലെ പ്രതിരോധിക്കാൻ സഹായിക്കും.
ആദ്യഘട്ടങ്ങളിൽ വയറിലെ ക്യാൻസർ നിശബ്ദമായിരിക്കുന്നത് എന്തുകൊണ്ട്?
തുടക്കത്തിൽ ഈ ക്യാൻസർ വലിയ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത ഒരു നിശബ്ദ രോഗം ആണെന്ന് ഓങ്കോളജിസ്റ്റുകൾ വ്യക്തമാക്കുന്നു. ആമാശയത്തിന് വികസിക്കാനുള്ള കഴിവുള്ളതിനാൽ കടുത്ത വേദനയോ തടസ്സങ്ങളോ ഉണ്ടാക്കാതെ തന്നെ ട്യൂമറിന് അവിടെ ദീർഘനാൾ വളരാൻ സാധിക്കും. ഇങ്ങനെ ആമാശയം വികസിക്കുന്നത് കാരണം വയറ് എപ്പോഴും കടുത്തിരിക്കുന്നതായും വീർത്തിരിക്കുന്നതായും തോന്നാം. ഇതോടൊപ്പം ഭക്ഷണത്തോടുള്ള താല്പര്യം പെട്ടെന്ന് കുറയുകയും ചെയ്യും. സാധാരണയായി ഉണ്ടാകുന്ന വയറിലെ അസ്വസ്ഥതകളായി കരുതി പലരും ഈ ആദ്യകാല മുന്നറിയിപ്പുകളെ അവഗണിക്കുകയാണ് പതിവ്. ഇത് രോഗം ഗുരുതരമായ അവസ്ഥയിൽ മാത്രം തിരിച്ചറിയുന്നതിലേക്ക് നയിക്കുന്നു.
ഒരിക്കലും അവഗണിക്കരുതാത്ത 5 പ്രധാന ലക്ഷണങ്ങൾ
1. വയറ് നിറഞ്ഞതായി തോന്നുക
വളരെ കുറഞ്ഞ അളവിൽ മാത്രം ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയറ് നിറഞ്ഞതായും ഇനി കഴിക്കാൻ പറ്റാത്തവിധം അസ്വസ്ഥതയും തോന്നുക.
2. വിട്ടുമാറാത്ത നെഞ്ചെരിച്ചിൽ
സാധാരണയായി കഴിക്കുന്ന മരുന്നുകൾ കഴിച്ചിട്ടും മാറാത്ത രീതിയിൽ തുടർച്ചയായി ഉണ്ടാകുന്ന ദഹനക്കേടും നെഞ്ചെരിച്ചിലും.
3. വയറുവേദന
വയറിന്റെ മുകൾഭാഗത്തായി വിട്ടുമാറാതെ നിൽക്കുന്ന ഒരു മന്ദമായ വേദന. ഇത് ഏതെങ്കിലും പ്രത്യേക ഭക്ഷണം കഴിക്കുന്നത് കൊണ്ട് ഉണ്ടാകുന്നതാകില്ല.
4. അകാരണമായി ശരീരഭാരം കുറയുക
ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുകയോ വ്യായാമം ചെയ്യുകയോ ചെയ്യാതെ തന്നെ പെട്ടെന്ന് ശരീരഭാരം കുറയുക.
5. കറുത്ത നിറത്തിലുള്ള മലം
മലത്തിൽ രക്തത്തിന്റെ സാന്നിധ്യം കാണുകയോ, മലം കറുത്ത നിറത്തിലോ കാണപ്പെടുക.
എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?
ഈ ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ഒട്ടും വൈകാതെ തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതുണ്ട്.


