ഹോസ്റ്റല്‍ ഭക്ഷണത്തില്‍ നിന്ന് ചത്ത തവളയെ കിട്ടിയ വിദ്യാര്‍ത്ഥി ഇതിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് വൈറലായിരിക്കുകയാണ്.

പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ മിക്കവരെയും ബാധിക്കുന്ന ഭയം ഭക്ഷണം തയ്യാറാക്കപ്പെടുന്ന പരിസരവുമായി ബന്ധപ്പെട്ട ശുചിത്വമാണ്. അത് ഹോട്ടല്‍ ഭക്ഷണമായാലും ശരി ഹോസ്റ്റല്‍ ഭക്ഷണമായാലും ശരി.

വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തോളമെത്തില്ലല്ലോ വേറെ എവിടെ നിന്ന് കിട്ടുന്ന ഭക്ഷണവും. എന്നുവച്ചാല്‍ എല്ലാ ഹോട്ടലുകളിലെയും എല്ലാ ഹോസ്റ്റലുകളിലെയും ഭക്ഷണം മോശമാണെന്നല്ല. ഇവിടങ്ങളിലെല്ലാം മോശം ഭക്ഷണം ലഭിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ആ ഭയം ആളുകളിലുണ്ടാകുമെന്ന്. 

ഇപ്പോഴിതാ സമാനമായ രീതിയില്‍ ഹോസ്റ്റല്‍ ഭക്ഷണത്തില്‍ നിന്ന് ചത്ത തവളയെ കിട്ടിയ വിദ്യാര്‍ത്ഥി ഇതിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് വൈറലായിരിക്കുകയാണ്. ഭുബനേശ്വറിലെ 'കലിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയല്‍ ടെക്നോളജി' (കെഐഐടി)യിലെ ആര്യാൻശ് എന്ന വിദ്യാര്‍ത്ഥിയാണ് എക്സിലൂടെ ( മുമ്പത്തെ ട്വിറ്റര്‍) ചിത്രം പങ്കിട്ടത്. 

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നാല്‍പത്തിരണ്ടാമത് എഞ്ചിനീയറിംഗ് കോളേജാണിത് എന്നും മക്കള്‍ക്ക് എഞ്ചിനീയറിംഗ് ഡിഗ്രിക്കായി ഇവിടെ മാതാപിതാക്കള്‍ പതിനേഴര ലക്ഷമാണ് നല്‍കുന്നതെന്നും അങ്ങനെയൊരു കോളേജിന്‍റെ ഹോസ്റ്റലില്‍ വിളമ്പിയ ഭക്ഷണം കാണൂ എന്നുമാണ് ആര്യാൻശ് ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. 

കുറഞ്ഞ സമയത്തിനകം തന്നെ ചിത്രവും പോസ്റ്റും വൈറലായി. ഇങ്ങനെയെല്ലാമുള്ള കാരണങ്ങള്‍ കൊണ്ടുകൂടിയാണ് വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി രാജ്യം വിടുന്നത് എന്നുകൂടി രോഷപൂര്‍വം ആര്യാൻശ് കുറിച്ചിരിക്കുന്നു. 

സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ശിക്ഷാനടപടിയുടെ ഭാഗമായി ഹോസ്റ്റല്‍ ഭക്ഷണം തയ്യാറാക്കുന്നവരില്‍ നിന്ന് ഒരു ദിവസത്തെ ഭക്ഷണത്തിന്‍റെ പണം ഇങ്ങോട്ട് ഈടാക്കിയിട്ടുണ്ടെന്നും ആണത്രേ കോളേജ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഈ ശിക്ഷാനടപടിയില്‍ ആര്യാൻശ് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ അതൃപ്തരാണ് എന്നതാണ് സൂചന. 

വൃത്തിഹീനമായ സാഹചര്യത്തിലാണ് കോളേജ് ഹോസ്റ്റലില്‍ ഭക്ഷണം തയ്യാറാക്കുന്നത് എന്ന പരാതി നേരത്തെ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നിരുന്നതാണത്രേ. ഇതിനിടെയാണ് ഇങ്ങനെയൊരു സംഭവമുണ്ടായിരിക്കുന്നത്. എന്നിട്ട് പോലും വേണ്ടത്ര ഗൗരവത്തില്‍ നടപടിയെടുക്കാൻ കോളേജ് അധികൃതര്‍ ശ്രമിക്കുന്നില്ലെന്ന് ധ്വനിക്കുന്ന ചിലതുകൂടി ആര്യാൻശ് തന്നെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

Scroll to load tweet…

Also Read:- ട്രെയിനിനുള്ളില്‍ തൊട്ടില്‍ കെട്ടി യാത്ര; ലോക്കല്‍ ട്രെയിനുകളിലെ തിരക്കിനൊരു മറുപടിയോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo