ഓരോ വ്യക്തിക്കും അയാളുടേതായ ഗന്ധമുണ്ട്. ഇത് ശരീരം തന്നെയാണ് പുറപ്പെടുവിക്കുന്നതും. എന്നാല്‍ എങ്ങനെയാണ് ഈ ഗന്ധം രൂപപ്പെടുന്നത് എന്നതിനെച്ചൊല്ലി പല വാദങ്ങളായിരുന്നു നിലനിന്നിരുന്നത്. ഇപ്പോഴിതാ ഇതിന് കൃത്യമായ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകര്‍. 

യുകെയിലെ 'യോര്‍ക്ക് യൂണിവേഴ്‌സിറ്റി'യില്‍ നിന്നുള്ള ഗവേഷകരാണ് പുതിയ പഠനവുമായി എത്തിയിരിക്കുന്നത്. ശരീരത്തില്‍ പലയിടങ്ങളിലായി ബാക്ടീരിയകള്‍ കാണപ്പെടുന്നുവെങ്കിലും കക്ഷത്തിലെ ബാക്ടീരിയകളാണ് ശരീരഗന്ധം സൃഷ്ടിക്കുന്നതെന്ന് നേരത്തേ കണ്ടെത്തപ്പെട്ടതാണ്. 

ഇതിന്റെ ചുവട് പിടിച്ചായിരുന്നു ഇവരുടേയും പഠനം. കക്ഷത്തില്‍ കാണപ്പെടുന്ന 'സ്റ്റഫൈലോ കോക്കസ് ഹൊമിനിസ്' എന്ന ബാക്ടീരിയയില്‍ അടങ്ങിയിരിക്കുന്ന പ്രത്യേകതരം 'എന്‍സൈം' ആണത്രേ ശരീരഗന്ധമുണ്ടാക്കുന്നത്. ഈ ബാക്ടീരിയയ്ക്കകത്ത് നടക്കുന്ന ചില പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 'എന്‍സൈം' ഉത്പാദിപ്പിക്കപ്പെടുന്നതെന്നും പഠനം വിശദീകരിക്കുന്നു. 

ഈ ബാക്ടീരിയ നമ്മുടെ പൂര്‍വ്വികരുടെ കാലം മുതല്‍ തന്നെ മനുഷ്യശരീരത്തില്‍ കാണപ്പെടുന്നതാണെന്നും, അക്കാലത്ത് പരസ്പരമുള്ള സംവേദനങ്ങള്‍ക്ക് ഈ ഗന്ധങ്ങള്‍ വലിയൊരു പരിധി വരെ സഹായിച്ചിരിക്കാമെന്നും ഗവേഷകര്‍ വാദിക്കുന്നു. അതിനാല്‍ തന്നെ ശരീരഗന്ധത്തിന്റെ കാര്യത്തില്‍ നമുക്ക് പരമ്പരാഗതമായ ചില സമാനതകളും ഉണ്ടായേക്കുമെന്നും ഇവര്‍ പറയുന്നു.

Also Read:- യോനിക്കുള്ളിൽ വളരുന്നത് 300 ഇനം ബാക്ടീരിയകൾ; ഞെട്ടിക്കുന്ന പുതിയ പഠനം...