തിരക്കേറിയ ജീവിതം നമ്മളിലേല്‍പ്പിക്കുന്ന വിഷമതകളെ പരിഹരിക്കാന്‍ ഒരു നിര്‍ദേശം മുന്നോട്ടുവയ്ക്കുകയാണ് പഠനം. 'സൈന്റിഫിക് റിപ്പോര്‍ട്ട്‌സ്' എന്ന പ്രസിദ്ധീകരണത്തിലാണ് ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത് 

വളരെയധികം തിരക്കേറിയ ജീവിതരീതികളാണ് ഇപ്പോഴത്തെ കാലത്തിലേത്. ജോലിയും, അത് നല്‍കുന്ന സമ്മര്‍ദ്ദങ്ങളും കുടുംബകാര്യങ്ങളും എല്ലാം ഒരു കരയ്ക്ക് ആക്കിവരുമ്പോഴേക്കും ആഴ്ചകളും മാസങ്ങളും അങ്ങനെ കൊഴിഞ്ഞുപൊയ്‌ക്കൊണ്ടിരിക്കും. 

ഇതിനിടെ നമ്മളില്‍ സംഭവിക്കുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെ നമ്മള്‍ പോലും വേണ്ടത്ര പരിഗണിച്ചെന്ന് വരില്ല. എന്നാല്‍ ഇത്തരം ചെറിയ മാറ്റങ്ങള്‍ ക്രമേണ നമ്മള്‍ ജീവിക്കുന്ന സാഹചര്യങ്ങളെ മലിനമാക്കിക്കൊണ്ടുമിരിക്കും. ജോലി, വീട്, സൗഹൃദസദസ്സുകള്‍, സോഷ്യല്‍ മീഡിയ- ഇങ്ങനെ നിരന്തരം നമ്മള്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന ഇടങ്ങളിലൊക്കെയും മടുപ്പ് നേരിട്ടേക്കാം. 

ഇങ്ങനെയുള്ള പ്രശ്‌നങ്ങളൊഴിവാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഓരോരുത്തരും സ്വയം നടത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി മനശാസ്ത്ര വിദഗ്ധര്‍ തന്നെ പലവട്ടം ഓര്‍മ്മപ്പെടുത്താറുണ്ട്. അത്തരമൊരു പഠനത്തെക്കുറിച്ചാണ് ഇനി പറയുന്നത്. 

'സൈന്റിഫിക് റിപ്പോര്‍ട്ട്‌സ്' എന്ന പ്രസിദ്ധീകരണത്തിലാണ് ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. തിരക്കേറിയ ജീവിതം നമ്മളിലേല്‍പ്പിക്കുന്ന വിഷമതകളെ പരിഹരിക്കാന്‍ ഒരു നിര്‍ദേശം മുന്നോട്ടുവയ്ക്കുകയാണ് പഠനം. എത്രമാത്രം സമ്മര്‍ദ്ദങ്ങളിലാണെങ്കിലും ആഴ്ചയില്‍ രണ്ട് മണിക്കൂര്‍ നേരമെങ്കിലും അല്‍പം ഒഴിഞ്ഞ സ്ഥലങ്ങളില്‍ പോയി സമയം ചിലവിടണമെന്നാണ് ഇവരുടെ നിര്‍ദേശം. 

വെറും ഒരു നേരമ്പോക്കായി മാത്രം ഇതിനെ കാണരുതെന്നും പഠനം ഓര്‍മ്മിപ്പിക്കുന്നു. ശരീരവും മനസും വീണ്ടെടുക്കാനുള്ള ശ്രമമെന്ന നിലയ്ക്ക് തന്നെ ഇത് പ്രാവര്‍ത്തികമാക്കുക. അവധി ദിവസങ്ങളിലോ ഒഴിവുള്ള ഏതെങ്കിലും ദിവസത്തിലോ രണ്ട് മണിക്കൂര്‍ മാറ്റിവയ്ക്കുക. ആഴ്ചയിലൊരിക്കലെങ്കിലും ചെയ്യണം എന്നതാണ് നിര്‍ബന്ധം. 

മരങ്ങളും, ശുദ്ധവായുവും ലഭ്യമായിട്ടുള്ള ഇടങ്ങള്‍ വേണമത്രേ ഇതിനായി തെരഞ്ഞെടുക്കാന്‍. ആളുകള്‍ തിങ്ങിക്കൂടുന്ന പാര്‍ക്കുകളോ ബീച്ചോ പര്യാപ്തമല്ലെന്ന് ചുരുക്കം. അല്ലെങ്കില്‍ അല്‍പം പച്ചപ്പൊക്കെയുള്ള, വിശാലതയുള്ള, നഗരമധ്യത്തിലെ വിശ്രമസ്ഥലങ്ങളായാലും മതി. എങ്കിലും നഗരങ്ങളില്‍ നിന്നും, അതിന്റെ തിരക്കുകളില്‍ നിന്നും ദൂരെപ്പോകുന്നത് തന്നെയാണ് ഉചിതം. 

ഇരുപതിനായിരത്തോളം പേരുടെ ജീവിതരീതി ഈ ചിട്ടയില്‍ ക്രമപ്പെടുത്തിയ ശേഷം അവരിലുണ്ടായ മാറ്റത്തെ മുന്‍നിര്‍ത്തിയാണ് പഠനസംഘം നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. 59 ശതമാനത്തോളം ആകെ ആരോഗ്യത്തിനും 23 ശതമാനം മാനസികാരോഗ്യത്തിനും അനുകൂലമായ മാറ്റങ്ങളുണ്ടാക്കാന്‍ ഈ ശീലം സഹായിക്കുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. പ്രായമോ, ലിംഗമോ, ജോലിയോ ഒന്നും ഇതിനൊരു തടസ്സമല്ലെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. അപ്പോള്‍ ഇനി അവധി ദിവസങ്ങള്‍ വീട്ടിനുള്ളിലും, മറ്റ് ആഘോഷങ്ങള്‍ക്കും വേണ്ടി ചിലവിടാതെ ഈ പുതിയ രീതിയൊന്ന് പരീക്ഷിച്ച് നോക്കിയാലോ?