പ്രമേഹം ഇന്ന് ലോകത്ത് തന്നെ ഏറ്റവുമധികം കണ്ടുവരുന്ന ജീവിതശൈലീരോഗമായി മാറിക്കൊണ്ടരിക്കുകയാണ്. ഓരോ വര്‍ഷവും ആഗോളതലത്തില്‍ പ്രമേഹരോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ആശങ്കയ്ക്കിടയാക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

ആദ്യം സൂചിപ്പിച്ചത് പോലെ പ്രധാനമായും ജീവിതശൈലികളിലെ അനാരോഗ്യകരമായ പ്രവണതകള്‍ മുഖാന്തരമാണ് പ്രമേഹം പിടിപെടുന്നത്. ചിലര്‍ക്ക് ഇത് പാരമ്പര്യഘടകങ്ങള്‍ മൂലവും ഉണ്ടാകുന്നുണ്ട്. പ്രമേഹരോഗികള്‍ക്ക് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഇതുമൂലമുണ്ടായേക്കാം. 

ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളുമായെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ഇത് ബന്ധപ്പെടുന്നുണ്ട്. അത്തരത്തിലൊരു പഠനറിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം 'ജമാ കാര്‍ഡിയോളജി' എന്ന പ്രമുഖ പ്രസിദ്ധീകരണം പുറത്തുവിട്ടിരിക്കുന്നത്. 

അമ്പത്തിയഞ്ച് വയസിന് താഴെ പ്രായമുള്ള, പ്രമേഹമുള്ള സ്ത്രീകളില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യതകളേറെയാണെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. ടൈപ്പ്-2 പ്രമേഹമുള്ളവരിലാണ് ഈ സാധ്യത കാണപ്പെടുന്നതത്രേ. 

ഏതാണ്ട് പത്ത് വര്‍ഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് ഗവേഷകര്‍ ഈ നിരീക്ഷണത്തിലേക്ക് എത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുപ്പതിനായിരത്തിനടുത്ത് സ്ത്രീകളുടെ കേസ് സ്റ്റഡികളാണേ്രത പഠനത്തിനായി ഗവേഷകര്‍ ഉപയോഗിച്ചത്. 

എന്നാല്‍ എന്തുകൊണ്ടാണ് സ്ത്രീകളില്‍ തന്നെ ഇത്തരമൊരു അപകടസാധ്യത കൂടുതലായി കാണുന്നതെന്ന വിഷയത്തില്‍ കൂടുതല്‍ വിശദീകരണം റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. അതേസമയം ഡയറ്റ് മുതലുള്ള നിയന്ത്രണങ്ങള്‍ ടൈപ്പ്-2 പ്രമേഹം ബാധിച്ച സ്ത്രീകള്‍ കൃത്യമായി പാലിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി റിപ്പോര്‍ട്ട് അടിവരയിട്ട് പറയുന്നുമുണ്ട്. എന്തായാലും പ്രമേഹമുള്ളവരെ സംബന്ധിച്ച് ഏറ്റവും ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് മാറുക എന്നത് തന്നെയാണ് ഗുണപരമായ ചികിത്സ. അതിന് കഴിഞ്ഞാല്‍ തീര്‍ച്ചയായും ആശങ്കകളൊഴിവാക്കിക്കൊണ്ടുള്ള സംതൃപ്തമായ ജീവിതം സാധ്യമാണ്.

Also Read:- പ്രമേഹമുള്ളവർക്ക് 'കോണ്‍ഫ്‌ളേക്‌സ്' കഴിക്കാമോ...?