സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടന്ന് ഇന്ത്യൻ ടീമിലെത്തിയ വൈഭവ് സൂര്യവംശിക്ക് പ്രത്യേക പരിഗണന നൽകി ബിസിസിഐ. ഇംഗ്ലണ്ട് പര്യടനത്തിൽ താരത്തിനൊപ്പം മാതാപിതാക്കളെയും അയക്കാൻ ബോർഡ് തീരുമാനിച്ചു.
മുംബൈ: വൈഭവ് സൂര്യവംശിക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി ബിസിസിഐ. ഇംഗ്ലണ്ട് - അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വൈഭവിനൊപ്പം അച്ഛനമ്മമാരേയും വിടാന്‍ ബിസിസിഐ സമ്മതിച്ചു. വൈഭവിനെ അനുഗമിക്കണമെന്ന് കുടുംബത്തോട് സെക്രട്ടറി ദേവജിത് സൈക്കിയ അഭ്യര്‍ത്ഥിച്ചു. ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഒരു റെക്കോഡും വൈഭവ് സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ ദീര്‍ഘകാലത്തെ റെക്കോര്‍ഡാണ് സൂര്യവംശി മറികടന്നത്.
1989ല്‍ പതിനാറാം വയസ്സില്‍ പാകിസ്ഥാനെതിരെ സച്ചിന് അരങ്ങേറ്റം കുറിച്ചതിനു ശേഷം കഴിഞ്ഞ 36 വര്‍ഷമായി തകരാതെ നിന്ന റെക്കോര്‍ഡാണ് ഈ ബീഹാര്‍ സ്വദേശി സ്വന്തം പേരിലാക്കിയത്. വൈഭവിന്റെ യാത്രയുമായി ബന്ധപ്പെട്ട് സൈക്കിയ പറഞ്ഞതിങ്ങനെ... ''വൈഭവ് ചെറിയ കുട്ടിയാണ്. ടീമിലെ മറ്റെല്ലാവരും മുതിര്‍ന്നവരും. മുതിര്‍ന്ന താരങ്ങളോട് സ്വാഭാവികമായി ഇടപഴകാന്‍ സമയം എടുക്കും. വൈഭവിന് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കും. എ ടീം പരമ്പര നടക്കുന്ന ശ്രീലങ്കയിലേക്ക് നാളെ വൈഭവിന്റെ അച്ഛനെ അയക്കും.''സൈക്കിയ വ്യക്തമാക്കി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2026 സീസണില്‍ കാഴ്ചവെച്ച അസാമാന്യ പ്രകടനമാണ് വൈഭവിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴിതുറന്നത്. സീസണില്‍ ഉടനീളം തകര്‍പ്പന്‍ ഫോമിലായിരുന്ന താരം 776 റണ്‍സോടെ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായി. ഓറഞ്ച് ക്യാപ്, മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്ട്രൈക്കര്‍ ഉള്‍പ്പെടെ അഞ്ച് പ്രധാന പുരസ്കാരങ്ങളാണ് ഈ പതിനഞ്ചുകാരന് ഐപിഎല്ലില്‍ വാരിക്കൂട്ടിയത്. ഇതിനുപുറമേ, ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന ക്രിസ് ഗെയിലിന്റെ ചരിത്ര റെക്കോര്‍ഡും വൈഭവ് ഇത്തവണ തിരുത്തിക്കുറിച്ചു.
അവഗണിക്കാന്‍ കഴിയാത്ത പ്രകടനം: അജിത് അഗാര്‍ക്കര്‍
ട്വന്റി-20 ടീം പ്രഖ്യാപനത്തിന് പിന്നാലെ, വൈഭവിന്റെ പ്രകടനത്തെ അവഗണിക്കാന്‍ സെലക്ടര്‍മാര്‍ക്ക് സാധിക്കുമായിരുന്നില്ലെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ തുറന്നുപറഞ്ഞു. വൈഭവ് സ്വന്തം പ്രകടനം കൊണ്ട് സെലക്ഷന് കമ്മിറ്റിയുടെ വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു എന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അയര്‍ലന്‍ഡിനെതിരെയുള്ള ട്വന്റി-20 പരമ്പരയ്ക്ക് മുന്‍പായി, ശ്രീലങ്ക എ, അഫ്ഗാനിസ്ഥാന് എ ടീമുകള്‍ക്കെതിരായ മത്സരങ്ങളില്‍ ഇന്ത്യ എ ടീമിന് വേണ്ടിയാകും വൈഭവ് ഇനി അടുത്തതായി കളത്തിലിറങ്ങുക.

