ശരീരഭാരം കുറയ്ക്കണമെന്നുണ്ടോ? എങ്കിൽ ജാമിൻ കെ ആൻഡ്രൂസിന്റെ വെയ്റ്റ് ലോസ് ടിപ്സ് തീർച്ചയായും നിങ്ങൾക്ക് ഉപകരിക്കും.
ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള വിവരങ്ങൾ webteam@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Story എന്ന് എഴുതാൻ മറക്കരുത്.
ഭാരം കൂട്ടാൻ എളുപ്പമാണ്. എന്നാൽ കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലരും പറയാറുണ്ട്. അമിതവണ്ണം വിവിധ ആരോഗ്യപ്രശ്നങ്ങൾക്കുള്ള അപകടഘടകമാണ്. ഭാരം കൂടുന്നത് ഹൃദ്രോഗം മാത്രമല്ല സ്ട്രോക്ക്, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യതയും കൂട്ടുന്നു.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രചോദനമാണ് കോട്ടയം തിരുവഞ്ചൂരിലെ ജാമിൻ കെ ആൻഡ്രൂസിന്റെ വെയ്റ്റ് ലോസ് വിജയകഥ. നാല് മാസം കൊണ്ടാണ് ജാമിൻ 28 കിലോ കുറച്ചത്. വിജയകരമായ വെയ്റ്റ് ലോസ് വിജയകഥ പങ്കുവയ്ക്കുകയാണ് ജാമിൻ.
അന്ന് 103 കിലോ, ഇപ്പോൾ 75 കിലോ
'തുടക്കത്തിൽ 103 കിലോ ഉണ്ടായിരുന്നു. നാല് മാസം കൊണ്ടാണ് 28 കിലോ കുറച്ചത്. ഇപ്പോൾ 75 കിലോയാണുള്ളത്. ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് വണ്ണം കുറയ്ക്കണമെന്ന തീരുമാനത്തിലെത്തിയത്. പടികൾ കയറാനുള്ള പ്രയാസവും നടക്കുമ്പോൾ കിതപ്പ് ഇതൊക്കെ പ്രധാനമായി അലട്ടിയിരുന്ന പ്രശ്നങ്ങളായിരുന്നു. മെഡിക്കൽ റിപ്രസെന്റേറ്റീവായി ആയി ജോലി ചെയ്യുന്നത് കൊണ്ട് വേഗത്തിൽ നടക്കാനും സ്പീഡിൽ ജോലി ചെയ്യാനും പ്രയാസമായിരുന്നു...' - ജാമിൻ കെ ആൻഡ്രൂസ് പറഞ്ഞു.
ഡയറ്റ് ഫോളോ ചെയ്തിരുന്നപ്പോൾ...
തുടക്കത്തിൽ കീറ്റോ ഡയറ്റായിരുന്നു ഫോളോ ചെയ്തിരുന്നത്. സ്ഥിരമായി ഒരു ഡയറ്റ് തന്നെ ഫോളോ ചെയ്തിരുന്നില്ല. മൂന്ന് മാസം ഇടവിട്ട് ഡയറ്റ് മാറ്റുമായിരുന്നു. കാർബ് കുറച്ച് പ്രോട്ടീൻ കൂടുതലുള്ള ഡയറ്റാണ് ഇപ്പോൾ പിന്തുടരുന്നത്. ഞായറാഴ്ച്ച കാർബ് കൂടുതൽ കഴിക്കും. മറ്റ് ദിവസങ്ങളിൽ കാർബ് കുറച്ച് മറ്റ് പോഷകങ്ങൾ കൂടുതൽ ഉൾപ്പെടുത്തിയുള്ള ഡയറ്റാണ് ഫോളോ ചെയ്യുന്നത്.
അരിയും അരി കൊണ്ടുള്ള മറ്റ് ഭക്ഷണങ്ങളും പൂർണ്ണമായി ഒഴിവാക്കി. ചായ, കാപ്പി എന്നിവയും ഒഴിവാക്കി. മധുരം ചേർക്കാതെ കാപ്പി കുടിച്ചിരുന്നു. പഴവർഗങ്ങളിൽ ആപ്പിൾ, ഓറഞ്ച് എന്നിവ പതിവായി കഴിച്ചിരുന്നു. ഇടയ്ക്ക് ഏത്തപ്പഴം കഴിച്ചിരുന്നു.
ഡയറ്റ് നോക്കിയ അന്ന് മുതൽ പ്രഭാതഭക്ഷണത്തിൽ അഞ്ച് മുട്ടയാണെങ്കിൽ നാല് മുട്ടയുടെ വെള്ളയും ഒരു മുട്ട മുഴുവനായും കഴിച്ചിരുന്നു. 100 ഗ്രാം ഓട്സ് പതിവായി കഴിച്ചിരുന്നു. അതായിരുന്ന ബ്രേക്ക് ഫാസ്റ്റ്. രാവിലെ 11 മണിക്ക് അഞ്ച് ഏതെങ്കിലും നട്സോ അല്ലെങ്കിൽ ഏതെങ്കിലും ഒരു പഴം കഴിച്ചിരുന്നു.
ഉച്ചഭക്ഷണത്തിൽ ഒരു ചപ്പാത്തി, 150 ഗ്രാം ചിക്കൻ അല്ലെങ്കിൽ ബീഫ് കറിയായിട്ട് കഴിക്കും. അതൊടൊപ്പം കൂടെ സാലഡ് കൂടി ഉൾപ്പെടുത്തിയിരുന്നു. വെെകിട്ട് 4 മണിക്ക് പീനട്ട് ബട്ടർ ചേർത്ത് 3 സ്ലെെസ് വീറ്റ് ബ്രെഡ് കഴിച്ചിരുന്നു. ചായയോ കാപ്പിയോ വെെകിട്ട് കുടിക്കാറില്ല. അത്താഴം ഏഴ് മണിക്ക് മുമ്പ് തന്നെ കഴിച്ചിരുന്നു. ഓംലെറ്റ് ആണ് അത്താഴത്തിന് കഴിച്ചിരുന്നത്. നല്ല ക്ഷീണം ഉണ്ടെങ്കിൽ മാത്രം ഒരു ചപ്പാത്തിയും ഓംലെറ്റും റോൾ ചെയ്ത് കഴിക്കാറാണ് പതിവ്. രാത്രി എപ്പോഴും കിടക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ കഴിക്കുക.

ആഴ്ചയിൽ രണ്ട് ദിവസം സൈക്ലിംഗ് ചെയ്യും
'warm up, treadmill എന്നിവയാണ് വർക്കൗട്ടിനായി ചെയ്തിരുന്നത്. ആഴ്ചയിൽ രണ്ട് ദിവസം രണ്ട് മണിക്കൂർ സൈക്ലിംഗ് ചെയ്യുന്നുണ്ട്. ബാക്കി ദിവസങ്ങളിൽ ജിമ്മിൽ പോകാറാണ് പതിവ്..' - ജാമിൻ പറഞ്ഞു.
ഭാരം കുറച്ചപ്പോഴുള്ള സന്തോഷം വെറെ തന്നെ
'ഭാരം കുറഞ്ഞപ്പോൾ ആത്മവിശ്വാസം കൂടി. ഒരു പോസിറ്റീവ് മെെന്റ് സെറ്റ് വന്നു എന്ന് തന്നെ പറയാം. മനസും ശരീരവും വളരെ ഹാപ്പിയായും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കുന്നു. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ എല്ലാ ഭക്ഷണം കഴിച്ച് കൊണ്ട് തന്നെ ഭാരം കുറയ്ക്കുകയാണ് വേണ്ടത്. എപ്പോഴും കഴിക്കുമ്പോൾ അളവ് ശ്രദ്ധിക്കുക. ഇലക്കറികൾ, പഴങ്ങൾ, തെെര് എന്നിവ കൂടുതൽ ഉൾപ്പെടുത്തുക. മറ്റൊന്ന് ഫാസ്റ്റ് ഫുഡ് പൂർണമായും ഒഴിവാക്കുക...' - ജാമിൻ കെ ആൻഡ്രൂസ് പറയുന്നു
Read more അന്ന് 124 കിലോ ; ജിതിൻ കൃഷ്ണൻ വണ്ണം കുറച്ചത് ഇങ്ങനെ

