രാജ്യതലസ്ഥാനമായ ദില്ലിയില്‍ ശക്തമായ രീതിയിലാണ് കൊവിഡ് 19 വ്യാപകമായിരുന്നത്. അതിവേഗം രോഗികളുടെ എണ്ണം കൂടുകയും മരണനിരക്ക് ഉയരുകയും ചെയ്ത സാഹചര്യമായിരുന്നു ദില്ലിയിലേത്. ഇതിന്റെ ചില വിശദാംശങ്ങള്‍ അടങ്ങുന്ന സിറോളജിക്കല്‍ സര്‍വേ ഫലം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. 

കൊവിഡ് സാമൂഹ്യവ്യാപനത്തിന്റെ തോതും മറ്റ് വിവരങ്ങളും ലഭിക്കുന്നതിനാണ് സിറോളജിക്കല്‍ സര്‍വേ സംഘടിപ്പിക്കുന്നത്. ദില്ലിയില്‍ രണ്ടാം തവണയാണ് ഈ സര്‍വേ നടക്കുന്നത്. 

ആകെ ദില്ലിയിലെ ജനസംഖ്യയില്‍ 29.1 ശതമാനം ആളുകളിലും കൊവിഡിനെതിരായ ആന്റിബോഡി കണ്ടെത്തിയാതായി സര്‍വേ പറയുന്നു.രോഗം വന്ന് ഭേദമായവരിലാണ് രോഗത്തിനെതിരായ ആന്റിബോഡി കാണപ്പെടുക. 

നാല് പ്രായക്കാരിലായി 15,000 പേരെ പങ്കെടുപ്പിച്ചാണ് സര്‍വേ നടന്നത്. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം ഭീഷണി നേരിടുന്നത് അഞ്ച് മുതല്‍ പതിനേഴ് വയസ് വരെ പ്രായം വരുന്നവരാണെന്ന് സര്‍വേ വിലയിരുത്തി. 34.7 ശതമാനമായിരുന്നു ഈ വിഭാഗത്തിനിടയിലെ രോഗവ്യാപന തോത്. 

സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ കുട്ടികള്‍ക്ക് കൊവിഡ് പകര്‍ന്നുകിട്ടുന്നത് അധികവും വീട്ടില്‍ തന്നെയുള്ള മുതിര്‍ന്നവരില്‍ നിന്നാണെന്നാണ് വിലയിരുത്തല്‍. അതുപോലെ തന്നെ, വീട്ടുജോലിക്കാരില്‍ നിന്ന് രോഗം പകര്‍ന്നുകിട്ടിയ കുട്ടികളുടെ എണ്ണവും ആശങ്കപ്പെടുത്തുന്നതാണത്രേ. 

'മുതിര്‍ന്നവരെ പോലെയല്ലല്ലോ കുട്ടികള്‍. അവരെ നമുക്ക് വീട്ടില്‍ തന്നെ പിടിച്ചിരുത്താന്‍ വളരെ ബുദ്ധിമുട്ടാണ്. സ്‌കൂളില്ലെങ്കില്‍ അല്‍പനേരം തന്നെ വീട്ടിലിരിക്കുമ്പോഴേക്ക് ഒന്ന് പുറത്തിറങ്ങാത്ത കുട്ടികള്‍ കാണില്ല. കളിക്കാനോ മറ്റോ അവര്‍ പുറത്തിറങ്ങുമ്പോഴാകാം ഒരുപക്ഷേ രോഗബാധയുണ്ടാകുന്നത്. ഇതെല്ലാം ഊഹങ്ങള്‍ മാത്രമാണ്. ദില്ലിയിലെ സാഹചര്യം യഥാര്‍ത്ഥത്തില്‍ പഠനവിധേയമാക്കേണ്ടതുണ്ട്...'- കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക സമിതിയുടെ അധ്യക്ഷനായ ഡോ. മഹേഷ് വെര്‍മ പറയുന്നു.

പല രോഗികള്‍ക്കും എവിടെ നിന്നാണ് രോഗം പകര്‍ന്നുകിട്ടിയത് എന്ന് തീര്‍ത്തും വ്യക്തമാകാത്ത സാഹചര്യമാണെന്നും ഇത് കൂടുതല്‍ ആശങ്കകളുണ്ടാക്കുന്നുവെന്നും ഡോ. മഹേഷ് വെര്‍മ പറയുന്നു. 

Also Read:- കൊവിഡ് ഭേദമായ ശേഷം ദീര്‍ഘകാലത്തേക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍...